ഗൗതം മേനോൻ സിനിമകൾ
പ്രണയ ചിത്രങ്ങളിൽ തന്‍റേതായ നിർവചനം കൊണ്ടു വന്ന് ഇന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് ഗൗതം മേനോൻ. തെന്നിന്ത്യൻ സിനിമ ഇന്‍റസ്ട്രിയിൽ തന്‍റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് അദ്ദേഹം. 2001ൽ ‘മിന്നലെ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലേക്ക് കടന്നു വന്ന ഗൗതം മേനോൻ തന്‍റെ സിനിമ ജീവിതത്തിലെ 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ചെന്നൈയിലെ വിക്ടോറിയ പബ്ലിക് ഹാളിൽവെച്ച് സംവിധായകന്‍റെ കരിയറിലെ ഈ വിജയ ഗാഥ ആഘോഷമാക്കി. 'ഒരു ഊരിലെ ഒരു ജി.വി.എം' എന്ന പേരിലായിരുന്നു പരിപാടി.
ഗൗതം മേനോന്റെ സിനിമകളിലെ ഗാനങ്ങളിലൂടെയുള്ള യാത്രയായിരുന്നു സംഗീത പരിപാടി. തന്റെ സിനിമകളെ കുറിച്ചും ഗാനങ്ങൾ എങ്ങനെയാണ് തന്നെ സ്വാധീനിച്ചത് എന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 2001ൽ 'മിന്നലെ' എന്ന ചിത്രത്തിലൂടെയാണ് ഗൗതം മേനോൻ തമിഴ് സിനിമയിൽ പ്രവേശിക്കുന്നത്. മാധവനും റീമ സെന്നും അഭിനയിച്ച ചിത്രം വൻ വിജയമായിരുന്നു. ഹാരിസ് ജയരാജിന്റെ വസീഗര ഈ ചിത്രത്തിലെ ഗാനമാണ്.
തുടർന്ന് സൂര്യയും ജ്യോതികയും ഒന്നിച്ചെത്തിയ 'കാക്ക കാക്ക' എന്ന ചിത്രവും ഗൗതം മേനോന്റെ കരിയറിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറി. കാക്ക കാക്കയുടെ വിജയത്തിന് ശേഷം, കമൽഹാസൻ നായകനായെത്തിയ 'വേട്ടയാട് വിളയാട്' എന്ന ചിത്രവും ഗംഭീര വിജയമായിരുന്നു. സൂര്യയെ നായകനാക്കി ഗൗതം മേനോൻ ഒരുക്കിയ 'വാരണം ആയിരം' പാൻ ഇന്ത്യൻ ലെവലിൽ ഹിറ്റായി മാറി. ഈ ചിത്രം സൂര്യയുടെയും ഗൗതം മേനോന്റെയും കരിയറിലെതന്നെ ഏറ്റവും വലിയ ഹിറ്റായിരുന്നു. പിന്നീട് റിലീയ് ചെയ്ത വിണ്ണൈത്താണ്ടി വരുവായാ എന്ന ചിത്രത്തിലൂടെ ഗൗതം മേനോൻ പ്രേക്ഷകരുടെ പ്രണയ സംവിധായകനായി മാറുകയായിരുന്നു. സിമ്പുവും തൃഷയും അഭിനയിച്ച ഈ ചിത്രം ഗൗതം മേനോന്റെ വൻ തിരിച്ചുവരവിന്‍റെ അടയാളപ്പെടുത്തലായി.
കരിയറിലെ ഒരു സമയത്ത് ഗൗതം മേനോൻ വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഹൗസിന് വലിയ നഷ്ടം സംഭവിക്കുകയും സിനിമകൾ വൈകുകയും ചെയ്തു. വിക്രം അഭിനയിച്ച 'ധ്രുവനച്ചത്തിരം' എന്ന ചിത്രം സാമ്പത്തികവും നിയമപരവുമായ പ്രശ്നങ്ങൾ മൂലം തടസ്സപ്പെട്ട പ്രോജക്ടുകളിൽ ഒന്നായിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അദ്ദേഹം അഭിനയത്തിലേക്ക് തിരിഞ്ഞു. വിജയ് നായകനായ 'ലിയോ'യിൽ അഭിനയിച്ചത് തനിക്ക് വലിയ സഹായമായെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 2025ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'ഡൊമിനിക്ക് ആൻഡ് ദ ലേഡീസ് പേഴ്സ്' സംവിധാനം ചെയ്തത് ഗൗതം മേനോനാണ്. മലയാള സിനിമ സംവിധാനത്തിലെ അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.