സിനിമ പരസ്യം സർക്കാറിനെ ലക്ഷ്യംവെച്ചല്ല -കുഞ്ചാക്കോ ബോബൻ

കൊച്ചി: 'ന്നാ താൻ കേസ് കൊട്' സിനിമക്കെതിരായ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ബഹിഷ്കരണാഹ്വാനത്തിൽ പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബൻ. സിനിമ പരസ്യം സർക്കാറിനെയോ രാഷ്ട്രീയപാർട്ടിയെയോ ലക്ഷ്യം വെച്ചല്ലെന്ന് കുഞ്ചാക്കോ ബോബൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

സിനിമ നടക്കുന്ന കാലം പോലും അത്തരത്തിലുള്ളതാണ്. സിനിമയിൽ 'കുഴി' ഒരു പ്രധാന വിഷയമാണ്. സിനിമ കണ്ടാൽ പോസ്റ്ററും ആസ്വദിക്കാമെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.

നിലവിലെ സാഹചര്യമായിരിക്കാം വിമർശനത്തിന് വഴിവെച്ചത്. കുറച്ചുകൂടി വിശാലമായും സരസമായും വിഷയത്തെ കാണണം. വൈരാഗ്യം, അമർഷം എന്നീ രീതികൾ മാറ്റി വിഷയത്തിലെ നന്മകൾ എന്താണെന്ന് മനസിലാക്കണം. 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയിൽ നന്മകളാണുള്ളതെന്നും കുഞ്ചാക്കോ ബോബൻ ചൂണ്ടിക്കാട്ടി.

ഇന്ന് റിലീസ് ചെയ്ത കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസ് കൊട്' സിനിമക്കെതിരെയാണ് സമൂഹമാധ്യമങ്ങളിൽ ബഹിഷ്കരണാഹ്വാനം ഉണ്ടായത്. സിനിമയുടെ പത്രപരസ്യം രാഷ്ട്രീയ വിവാദമായതിനെ തുടർന്ന് ഇടത് അനുകൂലികളിൽ ചിലരാണ് സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി രംഗത്തുള്ളത്.

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത സിനിമയുടെ, പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യത്തിലെ തലവാചകങ്ങളാണ് വിവാദമായത്. 'തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നായിരുന്നു പരസ്യ വാചകം. സംസ്ഥാനത്തുടനീളം റോഡുകൾ തകർന്ന സംഭവത്തിൽ കോടതി പോലും സംസ്ഥാന സർക്കാറിനെ വിമർശിച്ച സാഹചര്യത്തിൽ, പരസ്യവാചകം സർക്കാർ വിരുദ്ധമാണെന്ന് ആരോപിച്ച് ചിലർ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് ഇടത് സൈബർ ഇടങ്ങളിൽ സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനമുയർന്നത്.

ഇടത് അനുകൂലിയായ പ്രേംകുമാർ സിനിമക്കെതിരെ വിമർശനവുമായി രംഗത്തെത്തി. ഇങ്ങനെയൊരു പരസ്യവാചകമെഴുതുന്നതിലൂടെ തങ്ങളും ആ ജനവിരുദ്ധ മുന്നണിയിലാണെന്ന് ഉളുപ്പില്ലാതെ പറയുകയാണ് ഈ സിനിമാവിതരണക്കാരെന്ന് പ്രേംകുമാർ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

അതേസമയം, ഇടതുസഹയാത്രികരായ മറ്റു ചിലർ തന്നെ, പരസ്യത്തിന്‍റെ പേരിൽ സിനിമയെ എതിർക്കേണ്ടതില്ലെന്ന നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. 'ഒരു പരസ്യത്തിൽ സർക്കാർ നിന്ദ കാണുന്ന ഭജന സംഘത്തിൽ ഞാനില്ല. വിമർശനമൂല്യമില്ലാത്ത കലയല്ല കാലം ആവശ്യപ്പെടുന്നതും' എന്നാണ് ഡോ. അരുൺ കുമാർ ഫേസ്ബുക്കിൽ എഴുതിയത്.

Tags:    
News Summary - Movie advertisement is not aimed at the government - Kunchako Boban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.