ഭൂരിഭാഗം പുരുഷ എഴുത്തുകാർക്കും സ്ത്രീകൾക്ക് വേണ്ടി എഴുതാൻ അറിയില്ല- ആൻഡ്രിയ

കൊച്ചി: സിനിമയിലുള്ള ഭൂരിഭാഗം പുരുഷ എഴുത്തുകാർക്കും സ്ത്രീകൾക്ക് വേണ്ടി എഴുതാൻ അറിയില്ലെന്ന് നടിയും ഗായികയുമായ ആൻഡ്രിയ ജർമിയ. കൂടുതൽ സ്ത്രീ എഴുത്തുകാരെയും തിരക്കഥാകൃത്തുക്കളേയും നിർമാതാക്കളെയും സംവിധായകരെയും നമുക്ക് വേണമെന്ന് പറയുന്നത് ഇതിനാലാണ്. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ്സ് തുറന്നത്.

മലയാളത്തിൽ അന്നയും റസൂലും അടക്കം നിരവധി സിനിമകളിൽ അഭിനയിച്ച ആൻഡ്രിയ തിമിഴിലാണ് കൂടുതൽ ശക്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. അടുത്തിടെ ഇറങ്ങിയ തരമണി, വട ചെന്നൈ, അവൾ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

തരമണിക്ക് ശേഷം നിരവധി സ്ത്രീകൾ എന്നോട് തുറന്നുസംസാരിക്കാൻ തുടങ്ങി. അവരുടെ ജീവിതമാണ് ആ സിനിമയിലൂടെ തുറന്നുകാണിച്ചതെന്ന് അവർക്ക് തോന്നിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. അഭിനേത്രി എന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അത്. ചിത്രത്തിന്‍റെ സംവിധായകൻ റാം സാർ മികച്ച എഴുത്തുകാരനും ഹൃദയം കൊണ്ട് ഒരു ഫെമിനിസ്റ്റ് കൂടിയാണ്. അതിനാലാണ് ഇത്രയും നന്നായി സിനിമ െചയ്യാൻ കഴിഞ്ഞത്.

സ്ത്രീകൾ എത്രത്തോളം വിട്ടുവീഴ്ച ചെയ്യുന്നവരാണെന്നും അത്തരം പുരുഷന്മാരെ തങ്ങളുടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് എങ്ങനെയെന്നും അദ്ദേഹത്തിന് അറിയാം. എന്നാൽ ഭൂരിഭാഗം പുരുഷന്മാർക്കും സ്ത്രീകൾക്ക് വേണ്ടി എഴുതേണ്ടത് എങ്ങനെയെന്ന് അറിയില്ല. സ്ത്രീ എഴുത്തുകാരെയും തിരക്കഥാകൃത്തുക്കളേയും നിർമാതാക്കളെയും സംവിധായകരെയും നമുക്ക് വേണമെന്ന് പറയുന്നത് ഇതിനാലാണ്.

സ്ത്രീ എഴുത്തുകാർ നല്ല പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും അവരിൽ പ്രതീക്ഷയുണ്ടെന്നും ആൻഡ്രിയ പറഞ്ഞു.

പുതിയ ചിത്രമായ പുത്തൻ പുതുകാലയിലും ആൻഡ്രിയ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വിജയ് നായകനായി എത്തുന്ന മാസ്റ്ററാണ് ആൻഡ്രിയയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. മിഷ്ക്കിന്‍റെ പിശാച് 2വിലും ആൻഡ്രിയയാണ് നായിക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.