ചെലവേറേയാണ് ബോളിവുഡിലെ ഈ ഫിലിം സെറ്റുകൾക്ക്!

ബോളിവുഡ് സിനിമകളുടെ ഹൈലൈറ്റ് വിപുലമായ നൃത്ത സീക്വൻസുകളും ഒറിജിനൽ സൗണ്ട് ട്രാക്കുകളുമാണ്. വർഷങ്ങളായി ബോളിവുഡ് സിനിമകൾ അവരുടേതായ ഒരു സിഗ്നേച്ചർ ശൈലിയിലുള്ള ഗാനങ്ങളും നൃത്തചുവടും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ദൃശ്യ അവതരണത്തിൽ ബോളിവുഡ് ഒരിക്കലും പിന്നോട്ട് പോകില്ല. ചില നിർമാണ കമ്പനികൾ അതിശയിപ്പിക്കുന്ന സെറ്റുകളുടെ നിർമാണത്തിനായി കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ബോളിവുഡിൽ ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും ചെലവേറിയ അഞ്ച് ഫിലിം സെറ്റുകൾ ഇതാ.

1. പ്രേം രത്തൻ ധൻ പായോ

സിനിമയുടെ രാജകീയ അന്തരീക്ഷത്തിനായി രാജസ്ഥാനിലുടനീളമുള്ള വലിയ കോട്ടകളും സെറ്റുകളും പ്രകാശിപ്പിക്കുന്നതിന് മാത്രം ഏകദേശം 13-15 കോടി രൂപയാണ് ചെലവഴിച്ചത്. സൂരജ് ബർജാത്യ രചനയും സംവിധാനവും നിർവഹിച്ച് 2015ൽ ഇറങ്ങിയ ഹിന്ദി റൊമാന്‍റിക് ഫാമിലി ഡ്രാമയാണ് പ്രേം രത്തൻ ധൻ പായോ. രാജശ്രീ പ്രൊഡക്ഷൻസ് നിർമിച്ച ചിത്രത്തിൽ സൽമാൻ ഖാനും സോനം കപൂറുമാണ് അഭിനയിക്കുന്നത്.

രാജ്കോട്ട്, ഗൊണ്ടൽ, ഉദയ്പൂർ, അതിരപ്പള്ളി വെള്ളച്ചാട്ടം, മുംബൈ എന്നിവിടങ്ങളിലാണ് 200 ദിവസത്തെ ഷൂട്ടിങ് നടത്തിയത്.ഇന്ത്യയിലുടനീളമുള്ള നിരവധി ആഡംബര സ്ഥലങ്ങളിലാണ് ഇത് ചിത്രീകരിച്ചത്. ഗംഭീരമായ സെറ്റുകൾ മുതൽ വിപുലമായ വസ്ത്രങ്ങൾ വരെ, പ്രേം രത്തൻ ധൻ പായോ എല്ലാ കാഴ്ചക്കാർക്കും നിഷേധിക്കാനാവാത്ത ഒരു ദൃശ്യ ആനന്ദമായിരുന്നു. ചിത്രത്തിലെ പ്രിതംപൂരിലെ രാജകൊട്ടാരം ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും വലിയ സെറ്റുകളിൽ ഒന്നാണെന്ന് അണിയറ പ്രവർത്തകർ തന്നെ പറഞ്ഞിരുന്നു.

2. ദേവദാസ്

സഞ്ജയ് ലീല ബൻസാലിയുടെ പീരിയഡ് ഡ്രാമയായ ദേവദാസിന് വേണ്ടി 20 കോടി രൂപ സെറ്റുകളിൽ മാത്രം ചെലവഴിച്ചതായി റിപ്പോർട്ടുണ്ട്. ഷാരൂഖ് ഖാൻ , ഐശ്വര്യ റായ് , മാധുരി ദീക്ഷിത് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. അതിൽ ചന്ദ്രമുഖിയുടെ കൊട്ടാരത്തിനും 1930 കളിലെ കൊൽക്കത്തയുടെ പുനർനിർമാണങ്ങൾക്കും 12 കോടി രൂപയാണ് ചെലവഴിച്ചത്.

1936ലെയും 1955ലെയും ഹിന്ദി റീമേക്കുകളിൽ നിന്ന് വ്യത്യസ്തമായി സെറ്റുകൾ നിർമിക്കണമെന്ന് ബൻസാലി ആഗ്രഹിച്ചിരുന്നു.1900കളിലെ ചിത്രമായതിനാൽ ബൻസാലിയും മറ്റ് സംഘങ്ങളും കൊൽക്കത്തയിലെ ബ്രിട്ടീഷ് രാജിന്റെ കാലഘട്ടത്തിലെ വീടുകളുടെ രൂപകൽപ്പനയെക്കുറിച്ചും അക്കാലത്തെ ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചും വിപുലമായ ഗവേഷണവും ചർച്ചകളും നടത്തി. ദിൽവാര ക്ഷേത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചന്ദ്രമുഖിയുടെ വേശ്യാലയം നിതിൻ ചന്ദ്രകാന്ത് ദേശായി നിർമിച്ചിരിക്കുന്നത്. കെട്ടിടത്തിന് ആകെ 250 അടി (76 മീ) വിസ്തീർണ്ണമുണ്ടായിരുന്നു.

3. ബോംബെ വെൽവെറ്റ്

120 കോടി രൂപ ചെലവിൽ കസ്റ്റം ബിൽറ്റ് സെറ്റ് ഉപയോഗിച്ച് അനുരാഗ് കശ്യപ് 1960 കളിലെ ബോംബെ ശ്രീലങ്കയിൽ പുനഃസൃഷ്ടിച്ചു. സെറ്റ് പൂർത്തിയാക്കാൻ 11 മാസമാണ് എടുത്തത്. ചരിത്രകാരനായ ഗ്യാൻ പ്രകാശിന്റെ മുംബൈ ഫേബിൾസ് എന്ന പുസ്തകത്തെ ആസ്പദമാക്കി അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് നിർമിച്ച ഇന്ത്യൻ ക്രൈം ഡ്രാമയാണ് ബോംബെ വെൽവെറ്റ് . ഇതിൽ രൺബീർ കപൂർ, അനുഷ്ക ശർമ്മ, കരൺ ജോഹർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

 

4. പത്മാവത്

സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതിലെ ബാജിറാവു മസ്താനി പണിയാൻ വർഷങ്ങളുടെ ചരിത്ര ഗവേഷണം ആവശ്യമായിരുന്നു. 23 വിപുലമായ സെറ്റുകൾ നിർമിക്കുന്നതിന് 145 കോടി രൂപയുടെ ബജറ്റിന്റെ ഒരു പ്രധാന ഭാഗം ചെലവഴിച്ചതെന്ന് റിപ്പോർട്ടുണ്ട്. ദീപിക പദുകോൺ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രത്തിൽ അലാവുദ്ദീൻ ഖിൽജിയായി റൺവീർ സിംഗ് രത്തൻ സിങ്ങായി ഷാഹിദ് കപൂറും വേഷമിടുന്നു. ഏകദേശം 200 കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണച്ചെലവ്.

5. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ

തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിൽ 300 കോടി രൂപയിൽ ഭൂരിഭാഗവും കൂറ്റൻ കപ്പലുകൾ, സെറ്റുകൾ, ഉയർന്ന നിലവാരമുള്ള വി.എഫ്. എക്സ് എന്നിവക്കായാണ് ചെലവഴിച്ചത്. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നാണിത്. മാൾട്ടയിൽ നിന്ന് ആരംഭിച്ച് തായ്‌ലൻഡ്, മൊറോക്കോ, മെഹ്‌റാൻഗഡ് എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 

Tags:    
News Summary - most expensive sets of Bollywood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.