മൈക്കിൾ

ഓപ്പൺഹൈമറിനെ മറികടന്ന് ‘മൈക്കിൾ’; ലോക സിനിമയിൽ എക്കാലത്തെയും ഉയർന്ന കലക്ഷൻ നേടുന്ന ബയോപിക്!

പോപ്പ് രാജാവ് മൈക്കിൾ ജാക്സന്റെ ജീവിതകഥ പറയുന്ന ജീവചരിത്ര ചിത്രം ‘മൈക്കിൾ’ ബോക്സ് ഓഫീസിൽ ചരിത്ര വിജയം കുറിച്ചിരിക്കുകയാണ്. ക്രിസ്റ്റഫർ നോളന്റെ വിഖ്യാത ചിത്രം ഓപ്പൺഹൈമറിനെ മറികടന്ന്, ലോകസിനിമയിലെ എക്കാലത്തെയും ഉയർന്ന കലക്ഷൻ നേടുന്ന ബയോപിക് എന്ന റെക്കോർഡ് മൈക്കിൾ സ്വന്തമാക്കി. റിപ്പോർട്ടുകൾ പ്രകാരം ചിത്രം ആഗോളതലത്തിൽ ഇതുവരെ 977 ദശലക്ഷം യു.എസ് ഡോളർ (ഏകദേശം 97.7 കോടി ഡോളർ) വാരിക്കൂട്ടി കഴിഞ്ഞു. 975 ദശലക്ഷം ഡോളർ നേടിയായിരുന്നു ഓപ്പൺഹൈമർ ഇതുവരെ ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്.

കൂടാതെ, ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന മ്യൂസിക്കൽ ബയോപിക് എന്ന റെക്കോർഡും ഇനി മൈക്കിളിന് സ്വന്തം. 2018ൽ റിലീസ് ചെയ്ത് 911 ദശലക്ഷം ഡോളർ നേടിയ 'ബൊഹീമിയൻ റാപ്സഡി' എന്ന ചിത്രത്തിന്റെ റെക്കോർഡാണ് തകർന്നത്. പ്രശസ്ത ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ ലയൺസ്ഗേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയചിത്രം കൂടിയായി മാറിയിരിക്കുകയാണ് മൈക്കിൾ.

അമേരിക്കയിൽ ലയൺസ്ഗേറ്റും അന്താരാഷ്ട്ര തലത്തിൽ യൂണിവേഴ്സൽ പിക്ചേഴ്സും വിതരണത്തിനെത്തിച്ച ഈ ചിത്രം റിലീസ് ചെയ്തത് മുതലേ തിയറ്ററുകളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. അന്റോയിൻ ഫുക്വ സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ മൈക്കിൾ ജാക്സന്റെ സ്വന്തം സഹോദരപുത്രനായ ജാഫർ ജാക്സൺ ചലച്ചിത്ര ലോകത്തേക്ക് മികച്ച തുടക്കമിട്ടു. ജാക്സൺ 5 എന്ന സംഗീത ബാൻഡിലൂടെയുള്ള തുടക്കം മുതൽ ലോകത്തിന്റെ 'കിങ് ഓഫ് പോപ്പ്' ആയി മൈക്കിൾ ജാക്സൺ വളർന്ന ചരിത്രമാണ് സിനിമ ദൃശ്യവൽക്കരിക്കുന്നത്.

2009ൽ, തന്റെ 50-ാം വയസ്സിൽ അന്തരിച്ച മൈക്കിൾ ജാക്സന്റെ കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണയോടെയാണ് ഈ ചിത്രം വികസിപ്പിച്ചെടുത്തത്. പ്രതിഭാശാലിയും എന്നാൽ സങ്കീർണ്ണവുമായ വ്യക്തിത്വത്തിന് ഉടമയായ ഒരു സംഗീത പ്രതിഭയുടെ സത്യസന്ധമായ ആവിഷ്കാരം എന്നാണ് അണിയറപ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിച്ചത്. സിനിമയുടെ കഥ അവസാനിക്കുന്നത് 1988ലാണ്. അതുകൊണ്ടുതന്നെ മൈക്കിൾ ജാക്സന്റെ ആഗോള പ്രശസ്തിയിലേക്കുള്ള വളർച്ചക്കാണ് ചിത്രം കൂടുതൽ പ്രാധാന്യം നൽകുന്നത്.

നിലവിൽ ലയൺസ്ഗേറ്റിന്റെ തന്നെ ഹിറ്റ് ചിത്രമായ 'ദി ഹംഗർ ഗെയിംസ്: കാച്ചിങ് ഫയറിനെ' പിന്തള്ളിയാണ് മൈക്കിൾ ഒന്നാമതെത്തിയത്. ഈ വൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ, മൈക്കിൾ ജാക്സന്റെ ജീവിതത്തെ ആസ്പദമാക്കി മറ്റൊരു ചിത്രം കൂടി നിർമിക്കാനുള്ള തയാറെടുപ്പിലാണ് പ്രൊഡക്ഷൻ കമ്പനിയെന്നാണ് ഹോളിവുഡിൽ നിന്നുള്ള പുതിയ വിവരങ്ങൾ.

Tags:    
News Summary - Michael Becomes Highest-Grossing Biopic Ever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.