രാസലീല
മലയാള സിനിമയിൽ അടുത്ത കാലത്തായി വലിയ വിജയങ്ങൾ കൊയ്ത 'ഭരതനാട്യം' ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'ഭരതനാട്യം 3: രാസലീല' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹൊറർ-കോമഡി പ്രമേയവുമായാണ് എത്തുന്നത്. ആദ്യ രണ്ട് ഭാഗങ്ങളുടെയും വിജയത്തിന് പിന്നിൽ പ്രവർത്തിച്ച കൃഷ്ണദാസ് മുരളി തന്നെയാണ് മൂന്നാം ഭാഗത്തിന്റെയും രചനയും സംവിധാനവും നിർവ്വഹിക്കുന്നത്.
ഫ്രാഞ്ചൈസിയുടെ വലിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുൻ ചിത്രങ്ങളെപ്പോലെ ഇതും തിയറ്ററുകളിൽ വലിയൊരു വാണിജ്യ വിജയം നേടുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. ആദ്യ ചിത്രമായ 'ഭരതനാട്യം' തിയറ്ററുകളിൽ ഒരു വലിയ ബ്ലോക്ക്ബസ്റ്റർ വിജയമായിരുന്നില്ലെങ്കിലും, മികച്ച പ്രേക്ഷക പ്രതികരണങ്ങളും ഒ.ടി.ടി റിലീസിന് ശേഷമുള്ള വലിയ ജനപ്രീതിയും ചിത്രത്തിന് ശക്തമായ ഒരു ഫാൻ ബേസ് നേടിക്കൊടുത്തു.
ഈ മികച്ച പ്രതികരണമാണ് ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കാൻ അണിയറപ്രവർത്തകർക്ക് ആത്മവിശ്വാസം നൽകിയത്. ആ തീരുമാനം തികച്ചും ശരിവെക്കുന്നതായിരുന്നു രണ്ടാം ഭാഗത്തിന്റെ വിജയം. 'ഭരതനാട്യം 2: മോഹിനിയാട്ടം' തിയറ്ററുകളിൽ വൻ ജനപ്രീതി നേടുകയും 50 കോടിയിലധികം കലക്ഷൻ സ്വന്തമാക്കി 2026ലെ ഏറ്റവും വലിയ വിജയചിത്രങ്ങളിൽ ഒന്നായി മാറുകയും ചെയ്തു. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കിങ് വെബ്‌സൈറ്റായ സാക്നിലിന്റെ കണക്കുകൾ പ്രകാരം, 'മോഹിനിയാട്ടം' ആദ്യദിനം തന്നെ ഇന്ത്യയിൽ നിന്ന് വലിയൊരു തുടക്കമാണ് നേടിയത്.
ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രമായ 'ആട് 3' പോലുള്ള വലിയ സിനിമകളുടെ കടുത്ത മത്സരത്തെ മറികടന്നായിരുന്നു മോഹിനിയാട്ടത്തിന്റെ ഈ യാത്ര. രണ്ടാം ഭാഗത്തിൽ സൈജു കുറിപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിരാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ് കീഴാറ്റൂർ, നിസ്താർ സേട്ട് തുടങ്ങിയ വൻ താരനിരയാണ് അണിനിരന്നത്.
തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറിപ്പ് എന്റർടൈൻമെന്റ്സിന്റെയും ബാനറിൽ നിർമിക്കുന്ന മൂന്നാം ഭാഗത്തിലും ഇതേ താരനിര തന്നെ അണിനിരക്കുമെന്നാണ് സൂചനകൾ. ഇത്തവണ ഡാർക്ക് കോമഡിയിൽ നിന്നും മാറി ഹൊറർ പശ്ചാത്തലത്തിലേക്ക് കഥ മാറുന്നതോടെ പ്രേക്ഷകർക്ക് ചിരിയും ഒപ്പം ഭയവും സമ്മാനിക്കുന്ന തികച്ചും പുതിയൊരു ദൃശ്യവിരുന്നായിരിക്കും രാസലീല സമ്മാനിക്കുക എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.