നിയമക്കുരുക്കിൽ ദിലീപ് ചിത്രം ‘നീക്കം’; റിലീസിന് സ്റ്റേ ഏർപ്പെടുത്തി മദ്രാസ് ഹൈകോടതി

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'നീക്കം' എന്ന ചിത്രത്തിന്റെ റിലീസിന് മദ്രാസ് ഹൈകോടതിയുടെ സ്റ്റേ. നിർമാതാവ് എ.വി. അനൂപ് സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബുവിന്റെ ഇടക്കാല ഉത്തരവ്. ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക തർക്കങ്ങളും കരാർ ലംഘനവുമാണ് കോടതിയുടെ ഇടപെടലിലേക്ക് നയിച്ചത്.

ചിത്രത്തിന്റെ നിർമാതാവായ സന്ദീപ് സേനനുമായുള്ള സാമ്പത്തിക ഇടപാടുകളാണ് ഹരജിക്ക് ആധാരമായിരിക്കുന്നത്. സന്ദീപ് സേനൻ നൽകിയ ചെക്ക് മടങ്ങിയതും, നിർമാണക്കരാർ ലംഘിക്കപ്പെട്ടതും എ.വി. അനൂപ് കോടതിയിൽ ചൂണ്ടിക്കാട്ടി. നിർമാണക്കരാറുമായി ബന്ധപ്പെട്ട തർക്കങ്ങൾ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നത് വരെ ഹരജിക്കാരന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് വിലയിരുത്തിയാണ് കോടതി റിലീസിന് സ്റ്റേ ഏർപ്പെടുത്തിയത്.

നേരത്തെ പൃഥ്വിരാജ് നായകനായ 'വിലായത്ത് ബുദ്ധ' എന്ന സിനിമയും എ.വി. അനൂപും സന്ദീപ് സേനനും ചേർന്നാണ് നിർമിച്ചിരുന്നത്. ഈ ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇപ്പോൾ നിയമനടപടികളിലേക്ക് എത്തിയിരിക്കുന്നത്.

ഉർവശി തിയേറ്റേഴ്‌സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും അലക്‌സ് ഇ. കുര്യനും ചേർന്നാണ് 'നീക്കം' നിർമിക്കുന്നത്. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ. സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. വിബിൻ ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ദിലീപ് വളരെ വേറിട്ട ഗെറ്റപ്പിലെത്തുന്ന ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാണ് 'നീക്കം' എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

നിലവിൽ കോടതിയുടെ സ്റ്റേ ഉത്തരവ് വന്നതോടെ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിയമപരമായ തർക്കങ്ങൾ പരിഹരിക്കപ്പെടുന്നത് വരെ റിലീസുമായി ബന്ധപ്പെട്ട തുടർനടപടികൾക്ക് തടസ്സമുണ്ടാകും. ചലച്ചിത്ര ലോകത്ത് വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രത്തിന്റെ റിലീസ് നിയമക്കുരുക്കിൽപ്പെട്ടത് നിർമാതാക്കൾക്കും ആരാധകർക്കും ഒരുപോലെ തിരിച്ചടിയായിരിക്കുകയാണ്.

Tags:    
News Summary - Dileep's film 'Neekam' Madras High Court stay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.