കൊച്ചി: സംവിധായകൻ ജോയ് കെ. മാത്യു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രം 'ടുമോറോ'യിലെ അഞ്ചാം ഭാഗമായ 'വട്ടിപ്പലിശ'യുടെ ചിത്രീകരണം പൂർത്തിയായി. ജോയ് കെ. മാത്യു, മോളി കണ്ണമാലി, സുജ, അലക്സ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സാലി മൊയ്ദീൻ ആണ്. മാനവികതയുടെയും സഹകരണത്തിന്റെയും സ്നേഹത്തിന്റെയും ഉജ്ജ്വല മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന മനുഷ്യബന്ധങ്ങളുടെ കഥയാണ് 'ടുമോറോ' പങ്കുവെക്കുന്നത്. വിവിധ ഭാഷകളിൽ ശ്രദ്ധേയമായ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജീവിതാനുഭവങ്ങളുടെ വ്യത്യസ്ത പാതകളിലൂടെ കഥ പറയുന്ന 'ടുമോറോ', 'അൺബ്രേക്കബിൾ', 'വാലറ്റ്', 'സ്റ്റോറീസ് ഓൺ ദി കാൻവാസ്', 'വട്ടിപ്പലിശ' എന്നീ 5 ചിത്രങ്ങളുടെ ചിത്രീകരണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ജീവിതാനുഭവങ്ങളും മനുഷ്യബന്ധങ്ങളുടെ പ്രതിഫലനവും പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആറ് കഥകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഈ ആന്തോളജി ചിത്രം നിർമിച്ചിരിക്കുന്നത്. ജോയ് കെ. മാത്യു കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ടുമോറോ' ഒരു സാംസ്കാരിക ദൃശ്യവിരുന്നായിരിക്കും ചലച്ചിത്ര പ്രേക്ഷകർക്ക് സമ്മാനിക്കുക. ചിത്രത്തിലെ അവശേഷിക്കുന്ന അവസാന കഥയായ 'ദ ഡോൺ' ന്‍റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും ചിത്രത്തിന്‍റെ റിലീസ് ഉടന്‍ ഉണ്ടാവുമെന്നും പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ ജോസ് വർഗീസ് അറിയിച്ചു. ജോയ് കെ. മാത്യുവിന്റെ ഇരുപത്തിരണ്ടാമത്തെ സിനിമയാണ് ടുമോറോ. 1992-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത 'നൊമ്പരവീണ' എന്ന പരമ്പരയിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് അഭയം, സഹനം, ദാനം, മരണാനന്തരം, കാണാക്കാഴ്ചകൾ, ആത്മാക്കളുടെ നൊമ്പരം, വിശ്വാസം, വറുതിക്കാലത്തെ വസന്തം, ജലസ്പർശം കൊതിക്കുന്ന വേരുകൾ, ഡിപ്പെൻഡൻസ്, ടുമോറോ, അൺബ്രേക്കബിൾ, വാലറ്റ്, ഗോസ്റ്റ് പാരഡൈസ്, സ്റ്റോറീസ് ഓൺ ദി കാൻവാസ്, വട്ടിപ്പലിശ എന്നീ 17ചിത്രങ്ങളിൽ അദ്ദേഹം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും രചനയും സംവിധാനവും നിർവഹിക്കുകയും ചെയ്തു. ഇതിൽ 'നൊമ്പരവീണ' ബെന്നി കുര്യനും, 'സഹനം' കൃഷ്ണജിത്തും, 'ആത്മാക്കളുടെ നൊമ്പരം' സാബു വിശ്വത്തിലും, 'അഭയം', 'ദാനം' എന്നീ ചിത്രങ്ങൾ നാസർ കല്ലറക്കലാണ് സംവിധാനം ചെയ്തത്. ഇവ കൂടാതെ 'സേവ്യർ ഓഫ് ട്രീസ്', 'പുനർജ്ജനി തേടുന്ന പാർവ്വതി പുത്തനാർ', മദർ തെരേസയുടെ ജീവിതനിമിഷങ്ങൾ കോർത്തിണക്കിയ 'ദി എയ്ഞ്ചൽ ഓഫ് ടെൻഡർനെസ്സ്', 'സല്യൂട്ട് ദി നേഷൻസ്' എന്നീ ഡോക്യുമെന്ററികളുടെ രചനയും സംവിധാനവും ജോയ് കെ മാത്യു നിർവഹിച്ചിട്ടുണ്ട്. ധാർമിക മൂല്യങ്ങൾക്കും കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്നതോടൊപ്പം പൗരന്റെ സാമൂഹിക ഉത്തരവാദിത്വങ്ങൾ ഓർമ്മിപ്പിക്കുന്നവ കൂടിയാണ് അദ്ദേഹത്തിന്റെ ഓരോ സൃഷ്ടികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.