മമ്മൂട്ടിയുടെ ഏറ്റവും മികച്ച ചിത്രം ഏതാണെന്ന ചോദ്യത്തിന് ഒന്നാലോചിക്കാതെ ഉത്തരം പറയുക പ്രയാസമാണ്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് മമ്മൂട്ടിയിലെ നടൻ. 'ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും' എന്ന് മമ്മൂട്ടി തന്നെ തന്‍റെ അഭിനയത്തെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. അങ്ങനെ തന്നിലെ നടനെ തേച്ച് മിനുക്കിക്കൊണ്ടേയിരിക്കുന്ന മമ്മൂട്ടിയുടെ, ഒ.ടി.ടിൽ ലഭ്യമായ അഞ്ച് ത്രില്ലർ സിനിമകൾ ഇതാ....
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. 2024 ഫെബ്രുവരി 15 ന് പുറത്തിറങ്ങിയ ചിത്രം ഹൊറർ ത്രില്ലർ വിഭാഗത്തിലൊരുങ്ങിയതാണ്. മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിലാണ് ചിത്രമെത്തിയത്. 2024-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിലൊന്നാണ് ഭ്രമയുഗം. ചിത്രം സോണി ലിവിൽ ലഭ്യമാണ്.
വലിയ ഹൈപ്പില്ലാതെ തിയറ്ററുകളിലെത്തിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. നവാഗതനായ റോബി രാജ് സംവിധാനം ചെയ്ത ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. 2023 സെപ്റ്റംബർ 28 നാണ് റിലീസ് ചെയ്തത്. ജിയോ ഹോട്സ്റ്റാറിൽ ചിത്രം കണാം. മമ്മൂട്ടിയുടെ കഥാപാത്രമായ ജോര്‍ജ് മാര്‍ട്ടിന്റെ നേതൃത്വത്തില്‍ ഒരു പൊലീസ് സംഘം ഉത്തരേന്ത്യയിലേക്ക് ഒരു കേസ് അന്വേഷണത്തിന് പോകുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കണ്ണൂര്‍ സ്‍ക്വാഡില്‍. മമ്മൂട്ടിക്കൊപ്പം കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ. യു., അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
2022-ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് റോഷാക്ക്. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിലേക്ക് കടന്നുവരുന്ന ലൂക്ക് ആന്റണി (മമ്മൂട്ടി)യിൽ നിന്നാണ് കഥ തുടങ്ങുന്നത്. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം പ്രേഷകർക്ക് ആകർഷകമായ കാഴ്ചാനുഭവം സൃഷ്ടിക്കുന്നുണ്ട്. ഗ്രേസ് ആന്റണി, ആസിഫ് അലി, ജഗദീഷ്, ബിന്ദു പണിക്കർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.
പ്രശസ്ത ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത ചിത്രമാണ് മുന്നറിയിപ്പ്. 2014ലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം, അപർണ ഗോപിനാഥും പ്രധാന വേഷത്തിൽ എത്തുന്നു. രണ്ട് കൊലപാതകങ്ങൾ നടത്തി ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന സി.കെ രാഘവൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അഞ്ജലി അറക്കൽ എന്ന മാധ്യമ പ്രവർത്തകയാണ് ചിത്രത്തിൽ അപർണ ഗോപിനാഥ്. രാഘവന്റെ ഭൂതകാലവും അയാൾ ശിക്ഷിക്കപ്പെട്ടതിലേക്ക് നയിച്ച സംഭവങ്ങളും അറിയാനായി അഞ്ജലി എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൽ. സൺ നെക്സ്റ്റിലാണ് സ്ട്രീമിങ്.
2018ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലറാണ് 'അബ്രഹാമിന്റെ സന്തതികൾ'. ഡെറിക് എബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അബ്രഹാമിന്റെ സന്തതികള്‍'. ഡെറിക്കിന്റെ സഹോദരന്‍ ഫിലിപ്പ് ഒരു കേസില്‍ അകപ്പെടുകയും ഇതിന്റെ അന്വേഷണ ചുമതല ഡെറിക്കിനു മേല്‍ വരികയും ചെയ്യുന്നു. ആന്‍സന്‍ പോളാണ് ഫിലിപ്പ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. കലാഭവന്‍ ഷാജോൺ, സുദേവ് നായര്‍, കനിഹ, സിദ്ദീഖ്, രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രം സീ5ൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.