പ്രേം നസീർ

‘ഞാൻ അവിടെ പോയത് ഒരു സിനിമ ചെയ്യാൻ, ഒരു വർഷത്തിനുള്ളിൽതന്നെ കരാർ ഒപ്പിട്ടത് 55 സിനിമകളിൽ ’; തമിഴിലും മന്നനായി മലയാളത്തിന്‍റെ അതുല്യ നടൻ

ഒരുപാട് താരോദയങ്ങൾ കണ്ടതാണ് മലയാള സിനിമ വ്യവസായം. അഭിനയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മഹാപ്രതിഭകളെ രാജ്യത്തിന്റെ ചലച്ചിത്ര മേഖലക്കു മുമ്പാകെ അഭിമാനപുരസ്സരം അവതരിപ്പിച്ച പാരമ്പര്യമാണ് മലയാള സിനിമക്കുള്ളത്. അവരിൽ താരപ്പൊലിമ കൊണ്ട് തലയെടുപ്പോടെ നിന്ന ഇതിഹാസ നടനായിരുന്നു മലയാളത്തിന്റെ ‘നിത്യഹരിത നായകനായ പ്രേംനസീർ. 1950 കളിലും 60 കളിലും ചലച്ചിത്ര വ്യവസായം അതിന്റെ ചക്രവാളങ്ങൾ വികസിപ്പിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിൽ അതിന് വലിയൊരളവിൽ വഴിയൊരുക്കിയ നായകനായിരുന്നു അദ്ദേഹം. പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടുന്നതിനോടൊപ്പം സിനിമ മേഖലയിലെ അദ്ദേഹത്തിന്‍റെ ഉയർച്ചയ്ക്കും ആ കാലഘട്ടം സാക്ഷിയായി.

ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തനായ നടന്മാരിൽ ഒരാളായ പ്രേംനസീർ 720 ചിത്രങ്ങളിൽ നായകനായി അഭിനയിച്ചു. അദ്ദേഹത്തിന്റെ നായികയായി ഷീല വേഷമിട്ടത് 130 ചിത്രങ്ങളിൽ! അങ്ങനെ ഒരു നടിക്കൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായ നടൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് അദ്ദേഹം നേടി. മലയാളത്തിന് പുറമേ തമിഴിലും പ്രേംനസീർ തന്‍റേതായ അഭിനയമികവ് കാഴ്ചവച്ചു. അന്യഭാഷയെന്ന പരിമിതികളൊന്നും അദ്ദേഹത്തിന്‍റെ അഭിനയത്തെ ബാധിച്ചിരുന്നില്ല. തമിഴ് ചലച്ചിത്ര മേഖലയിലേക്കുള്ള തന്റെ പ്രവേശനത്തെക്കുറിച്ചും മുതിർന്ന നടനും മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.ജി. രാമചന്ദ്രൻ (എം.ജി.ആർ) തനിക്ക് പകർന്നുനൽകിയ ആത്മവിശ്വാസത്തെക്കുറിച്ചും പണ്ട് നൽകിയ അഭിമുഖത്തിൽ നസീർ പറഞ്ഞിരുന്നു.

‘1957ൽ തമിഴിൽ നിന്നാണ് എനിക്ക് സിനിമയിൽ ആദ്യ ഓഫർ ലഭിച്ചത്. എന്നാൽ, മരുമകൾ (1952) എന്ന മലയാള ചിത്രത്തിലൂടെയാണ് ഞാൻ നടനെന്ന നിലയിൽ യാത്ര ആരംഭിച്ചത്. 1951 ഡിസംബർ 26-ന് ആദ്യമായി കാമറയെ അഭിമുഖീകരിച്ചു. തായ് പിറന്താൽ വഴി പിറക്കും ആയിരുന്നു എന്റെ ആദ്യ തമിഴ് ചിത്രം. ഈ സിനിമയിൽ അഭിനയിക്കവെയാണ് ഞാൻ എം.ജി.ആറിനെ ആദ്യമായി കണ്ടത്. പരിചയപ്പെട്ടതുമുതൽ അദ്ദേഹത്തിന് എന്നെ വളരെ ഇഷ്ടമായിരുന്നു.

'എന്തുകൊണ്ടാണ് നിങ്ങൾ മലയാളത്തിൽ മാത്രം ഒതുങ്ങുന്നത്? നിങ്ങൾക്ക് തമിഴിലും അഭിനയിച്ചുകൂടേ?' എന്ന് അദ്ദേഹമെന്നോട് ചോദിച്ചു. തമിഴ് ഭാഷയിൽ വലിയ പ്രാവീണ്യമില്ലെന്ന് ഞാൻ മറുപടി നൽകി. അത് കേട്ടപ്പോൾ, 'സിനിമയിൽ അഭിനയിക്കാൻ ഇത്രയും തമിഴ് മതി' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ആ സമയത്താണ് നിർമാതാവ് എ.കെ. വേലൻ തന്റെ തായ് പിറന്താൽ വഴി പിറക്കും എന്ന സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യാനായി എന്നെ സമീപിക്കുന്നത്. ആ ചിത്രത്തിൽ എസ്.എസ്. രാജേന്ദ്രൻ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു’ നസീർ പറഞ്ഞു.

എന്‍റെ തമിഴ് ദുർബലമാണെന്ന് അറിയിച്ചിരുന്നുവെങ്കിലും വേലന് അത് പ്രശ്നമായിരുന്നില്ല. ഉടൻ തന്നെ തമിഴ്‌നാട്ടിലേക്ക് എത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നു നാലു ദിവസങ്ങൾക്കു ശേഷം ഞാൻ ചെന്നൈയിൽ പോയി കരാർ ഒപ്പിട്ടശേഷം സിനിമ ചെയ്തു. 'തായ് പിറന്താൽ വഴി പിറക്കും' വമ്പൻ ഹിറ്റായി മാറി. താമസിയാതെ തന്നെ നിരവധി ഓഫറുകൾ തനിക്ക് തമിഴിൽ ലഭിച്ചുവെന്ന് പ്രേംനസീർ കൂട്ടിച്ചേർത്തു.

‘ഞാൻ അവിടെ പോയത് ഒരു സിനിമ ചെയ്യാനാണ്. എന്നാൽ ഒരു വർഷത്തിനുള്ളിൽതന്നെ 55 സിനിമകളിൽ ഞാൻ കരാർ ഒപ്പിട്ടു’- പ്രേംനസീർ പറഞ്ഞു. തുടർന്ന് നല്ല ഇടത്തു സമ്മന്തം, നാൻ വളർത്ത തങ്കൈ, പെരിയ കോയിൽ, അരുമൈ മകൾ അഭിരാമി, ഉഴവുക്കും തൊഴിലുക്കും വന്തനൈ സെയ്‌വോം, ഒരേ വഴി, കല്യാണിക്ക് കല്യാണം, കൂടി വാഴ്ന്താൽ കോടി നന്മൈ, സഹോദരി, ഇരുമനം കലന്താൽ തിരുമണം, പാവൈ വിളക്ക്, മുരടൻ മുത്തു തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ശിവാജി ഗണേശൻ, എം ആർ രാധ, എം.എൻ. രാജം, സരോജാ ദേവി, രാഗിണി തുടങ്ങിയ മുതിർന്ന അഭിനേതാക്കളോടൊപ്പവും അദ്ദേഹം പ്രവർത്തിച്ചു.

Tags:    
News Summary - Malayalam’s biggest superstar went to Tamil to do one film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.