‘ഇതൊരു സ്ഥിരം മാസ് സിനിമയല്ല, 200 കോടി ക്ലബ്ബിൽ ഇടംപിടിക്കും’; 'പേട്രിയറ്റ്' വിവാദങ്ങളിൽ മഹേഷ് നാരായണൻ

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തിയ ബിഗ് ബജറ്റ് ചിത്രം 'പേട്രിയറ്റ്' നേരിടുന്ന കടുത്ത വിമർശനങ്ങളിലും ബജറ്റ് സംബന്ധിച്ച ചർച്ചകളിലും പ്രതികരണവുമായി സംവിധായകൻ മഹേഷ് നാരായണൻ. വൻ താരനിര അണിനിരന്നിട്ടും ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് സംവിധായകന്റെ വിശദീകരണം.

അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ ബജറ്റ് 180 കോടിയാണെന്ന പ്രചാരണം മഹേഷ് തള്ളിക്കളഞ്ഞത്. ഇത് പെരുപ്പിച്ചു കാട്ടിയ കണക്കാണെന്നും ഇത്തരം വാർത്തകൾ പുറത്തുനിന്നും വന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും നിർമിതാവ് മുടക്കിയ തുകയേക്കാൾ കൂടുതൽ ചിത്രം സമ്പാദിക്കുമെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടെന്നും മഹേഷ് നാരായൺ പങ്കുവെച്ചു.

ചിത്രം 200 കോടി ക്ലബ്ബിൽ ഇടംപിടിക്കുമോ എന്ന ചോദ്യത്തിന്, അത് തീർച്ചയായും സംഭവിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ റെക്കോർഡ് തുകക്ക് ഇതിനോടകം തന്നെ വിറ്റുപോയതായും അദ്ദേഹം വെളിപ്പെടുത്തി. "ഒരു പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോം സിനിമ കണ്ട് ബോധ്യപ്പെട്ടതിനുശേഷമാണ് വലിയ തുകക്ക് അവകാശം വാങ്ങിയത്. അത് ഞങ്ങളുടെ ആദ്യത്തെ വരുമാനമാണ്. ഇതിന് പുറമേ തിയറ്ററുകളിൽ നിന്നും മികച്ച ലാഭം നേടാൻ കഴിയുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്." -മഹേഷ് നാരായണൻ പറഞ്ഞു.

പുതുമയുള്ള പ്രമേയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നിർമാതാവ് ആന്റോ ജോസഫ് ഉൾപ്പെടെയുള്ള അണിയറപ്രവർത്തകർക്ക് അതിലെ റിസ്കിനെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു. ഇതൊരു സ്ഥിരം 'മാസ് ആക്ഷൻ' സിനിമയായി കാണരുതെന്നും, സിനിമയുടെ ഉള്ളടക്കം മനസ്സിലാക്കാൻ പ്രേക്ഷകർ അല്പം കൂടി ക്ഷമ കാണിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

2008ൽ പുറത്തിറങ്ങിയ 'ട്വന്റി 20'ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും മുഴുനീള വേഷങ്ങളിൽ ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയോടെയാണ് പേട്രിയറ്റ് തിയറ്ററിൽ എത്തിയത്. എന്നാൽ ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തെ ഉപയോഗിച്ച രീതിയിൽ വലിയൊരു വിഭാഗം ആരാധകർ നിരാശ പ്രകടിപ്പിച്ചിരുന്നു. ഇതിനെല്ലാം സംവിധായകൻ നൽകുന്ന മറുപടി, ഓരോരുത്തർക്കും സിനിമയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാമെന്നാണ്. 

Tags:    
News Summary - Mahesh Narayanan addresses Patriot budget speculation, makes revelation about its OTT rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.