ഹരിഹരനുമായുണ്ടായ പിണക്കം 'നഖക്ഷതങ്ങൾ' നഷ്ടമാക്കി: ശ്രീകുമാരൻ തമ്പി

ഗുരുവായൂർ : തനിക്ക് ഉണ്ടായ നിസാരമായ ദുഃഖത്തിന്റെ പേരിൽ സംവിധായകൻ ഹരിഹരനുമായുണ്ടായ പിണക്കം 'നഖക്ഷതങ്ങൾ' പോലുള്ള സംഗീത പ്രധാനമായ സിനിമ നഷ്ടപ്പെടുത്തിയെന്ന് ശ്രീകുമാരൻ തമ്പി. പിണക്കത്തിന് കാരണം തന്റെ വികൃതിയായിരുന്നെന്നും അതിന് മാപ്പു ചോദിക്കുകയാണെന്നും തമ്പി പറഞ്ഞു. ഗുരുവായൂർ ദൃശ്യയുടെ ആദരവ് ഹരിഹരനിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ ആദ്യമായി എഴുതിയ ഗാനത്തിന് എം.എസ്. ബാബുരാജ് സംഗീതം നൽകുമ്പോൾ തളിരുകൾ സിനിമയുടെ സഹ സംവിധായകനായിരുന്ന ഹരിഹരനും ഒപ്പമുണ്ടായിരുന്നുവെന്ന് തമ്പി പറഞ്ഞു. 1966 ൽ കാട്ടുമല്ലിക എന്ന ചിത്രത്തിലെ 'താമരത്തോണിയില്‍ താലോലമാടി' എന്നതായിരുന്നു ആദ്യ ഗാനം. തന്റെ ആദ്യ സിനിമയായ ലേഡീസ് ഹോസ്റ്റലിനും തുടർന്നുള്ള സിനിമകൾക്കും പാട്ടെഴുതിയ തമ്പിയുമായുണ്ടായ പിണക്കം പുരസ്കാരം നൽകി സംസാരിക്കുമ്പോൾ ഹരിഹരൻ വേദിയിൽ പറഞ്ഞിരുന്നു.

തന്റെ ജീവിതാനുഭവത്തിൽ നിന്നാണ് നഖക്ഷതങ്ങളുടെ പിറവിയെന്ന് ഹരിഹരൻ വെളിപ്പെടുത്തി. 'എസ്.എസ്.എൽ.സി വിദ്യാർഥിയായിരിക്കെ ഗുരുവായൂർ ക്ഷേത്രത്തിൽ 21 ദിവസത്തെ ഭജനത്തിനെത്തിയിരുന്നു. അമ്പലത്തിന് സമീപമുള്ള ചെറിയ ലോഡ്ജിലായിരുന്നു താമസം. അതേ ലോഡ്ജിൽ താമസിച്ചിരുന്ന മധുരയിൽ നിന്നുള്ള ഒരു അഭിഭാഷകന്റെ കുടുംബവുമായി ഹരിഹരന്റെ മുത്തശ്ശി ബന്ധപ്പെട്ടു. പിന്നെ രണ്ടു കുടുംബവും ഒന്നിച്ചായി ദർശനത്തിന് പോകുന്നത്. മുതിർന്നവർ ക്ഷേത്രത്തിൽ പോകുമ്പോൾ മധുരയിൽ നിന്നുള്ള കുടുംബത്തിലെ 12 കാരിക്കൊപ്പം ഈ ദിവസങ്ങളിലെല്ലാം കളിച്ചു നടക്കുകയായിരുന്നു താനെന്ന് ഹരിഹരൻ പറഞ്ഞു. 21 ദിവസം കഴിഞ്ഞപ്പോൾ രണ്ട് കുടുംബങ്ങളും ലോഡ്ജ് വിട്ടു. സിനിമയിലെത്തിയപ്പോൾ ഈ സംഭവം എം.ടിയോട് പറഞ്ഞതിൽ നിന്നാണ് നഖക്ഷതങ്ങൾ പിറന്നത്'.

ദൃശ്യ പ്രസിഡന്റ് കെ.കെ ഗോവിന്ദദാസ് അധ്യക്ഷത വഹിച്ചു. നഗരസഭയിലെ നിർധന രോഗികളെ സഹായിക്കുന്നതിനുള്ള ദൃശ്യയുടെ ജീവന സുസ്ഥിര കാരുണ്യ പദ്ധതി നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

ഗാന രചയിതാവ് റഫീക്ക് അഹമ്മദ്, മുൻ എം.എൽ.എ കെ.വി അബ്ദുൾ ഖാദർ, എം.പി.സുരേന്ദ്രൻ, ആർ. രവികുമാർ, ഡോ. വിജയകുമാർ, കെ.പി.എ റഷീദ്, ജി.കെ പ്രകാശ്,വി.പി ഉണ്ണികൃഷ്ണൻ, അരവിന്ദൻ പല്ലത്ത് എന്നിവർ സംസാരിച്ചു. ശ്രീകുമാരൻ തമ്പിയുടെ തെരെഞ്ഞെടുത്ത ഗാനങ്ങളുടെ ദൃശ്യ- സംവാദ സംഗീതാവിഷ്ക്കാരവും ഉണ്ടായി.

Tags:    
News Summary - lyricist Sreekumaran Thampi opens Up Misunderstanding With Hariharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.