നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് രാമചന്ദ്ര ബോസ് ആന്‍ഡ് കോ. 2023 ആഗസ്റ്റിൽ തിയറ്ററുകളിലെത്തിയ ചിത്രം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് നിർമിച്ചത്. സിനിമ ഒ.ടി.ടിയിലെത്തിയിട്ടില്ല. ഇപ്പോഴിതാ രാമചന്ദ്ര ബോസ് ആന്‍ഡ് കോ ഒ.ടി.ടി റിലീസ് വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഒ.ടി.ടി സ്ട്രീമിങ്ങുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയായിട്ടില്ലെന്നും വിലപേശലുകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ലിസ്റ്റിൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'സിനിമയുടെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ തീരുമാനിക്കേണ്ട ചുമതല സഹനിർമാതാവ് കൂടിയായ നിവിൻ പോളിക്ക്കൂടെയാണ്. സിനിമയുടെ ഒ.ടി.ടി അവകാശം സംബന്ധിച്ച വിലപേശലാണ് ഡിജിറ്റല്‍ സ്ട്രീമിംഗിന്റെ കാലതാമസമതിന് കാരണം. ചിത്രത്തിന്റെ റിലീസ് സമയത്ത് ഒ.ടി.ടി അവകാശത്തിന് ഒരു ഓഫറുണ്ടായിരുന്നു. എന്നാല്‍ തൃപ്തികരമായ ഡീല്‍ ലഭിക്കാത്തത് മൂലമാണ് ഒ.ടി.ടി റിലീസ് വൈകുന്നത്. നിലവിൽ ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾക്കും ചിത്രം വിറ്റിട്ടില്ല. അധികം വൈകാതെ തന്നെ 'രാമചന്ദ്ര ബോസ് ആൻഡ് കോ.' പ്രേക്ഷകർക്കു മുമ്പിലെത്തും. അനുയോജ്യമായ ഒരു കരാർ നടത്തുന്നതിനായിട്ടുള്ള ശ്രമങ്ങൾ തുടരുകയാണ്'-ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
ഗൾഫിൽ ഒരു സംഘം നടത്തുന്ന മോഷണവും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമായിരുന്നു ചിത്രത്തിന് പ്രമേയം. നിവിൻ പോളിക്കൊപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, മമിത, ബൈജു ആര്‍ഷ ബൈജു എന്നിവരാണ് മറ്റുകഥാപാത്രങ്ങൾ. സംവിധായകൻ ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയത്. 22 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന് 4.55 കോടി മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.