ആടുജീവിതം സിനിമ ഞാൻ വിട്ടുകൊടുത്തത്; ബെന്യാമിന് ഓർമപ്പിശക്; ലാൽ ജോസ്

ടുജീവിത സിനിമ താൻ വിട്ടുകൊടുത്തതാണെന്ന് സംവിധായകൻ ലാൽ ജോസ്. പുതുമുഖ താരമായിരുന്നു മനസിലെന്നും അറബിക്കഥ ചെയ്​തതുകൊണ്ടാണ് ആടുജീവിതം ചെയ്യാതിരുന്നതെന്ന് ബെന്യാമിൻ പറയുന്നത് അദ്ദേഹത്തിന്റെ ഓർമ കുറവുകൊണ്ടാണെന്നും സംവിധായകൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജീവിതം, ആടുജീവിതം എന്ന ബ്ലെസിയുടെ അനുഭവ പുസ്തകത്തിന്റെ അവതാരികയിൽ ലാൽ ജോസ് തന്നെ സമീപിച്ച കാര്യം ബെന്യാമിൻ പറയുന്നുണ്ട്. ഇതിനായിരുന്നു ലാൽ ജോസിന്റെ പ്രതികരണം.

2006 ആണ് അറബിക്കഥ സിനിമ പൂർത്തിയാവുന്നത്. ആടുജീവിതം നോവൽ ഇറങ്ങുന്നത് 2008 ആണ്. ബ്ലെസി സിനിമ ചെയ്യുന്നതാണ് ബെന്യാമിന് ഇഷ്ടമെന്ന് തോന്നിയതുകൊണ്ടാണ് ചിത്രം വിട്ടുകൊടുത്തത്. കൂടാതെ ഒരു വർഷം എടുത്ത് എഴുതിയ സ്ക്രിപ്റ്റിന് ആടുജീവിതമായി സാമ്യം ഉണ്ടെന്ന് ബ്ലെസി അന്ന് തന്നോട് പറഞ്ഞിരുന്നു- ലാൽ ജോസ് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'ആടുജീവിതം പുസ്തകം വായിച്ചതിനു ശേഷം ഞാൻ ബഹ്‌റിനിൽ പോയി ബെന്യാമിനെ കണ്ടു. ചിത്രം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചു. ഒറ്റക്ക് ആ സിനിമ ചെയ്യാൻ എനിക്ക് കഴിയില്ലായിരുന്നു. എൽ.ജെ ഫിലിംസ് കമ്പനി റജിസ്റ്റർ ചെയ്യുന്നത് ആ സിനിമ ചെയ്യാൻ വേണ്ടിയാണ്. ഒരു പുതുമുഖ താരത്തെയാണ് ഞാൻ ഉദേശിച്ചത്. ഇത്രയും കാലം ഒരു വലിയ നടനെ സിനിമക്ക് വേണ്ടി പരിഗണിച്ചാൽ ഡേറ്റ് പ്രശ്നങ്ങൾ ഉണ്ടാകും. ശരീരത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എല്ലാം ബുദ്ധിമുട്ടാകും. അതുകൊണ്ടാണ് പുതുമുഖത്തെ പരിഗണിച്ചത്. ഡ‍ല്‍ഹി സ്​കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഒരാളെ കണ്ടുവച്ചിരുന്നു.

ആ സമയത്ത് ഒരു മാഗസീനിൽ ഞാൻ ഈ നോവൽ ഞാൻ സിനിമയാക്കുന്നുവെന്ന് വാർത്ത വന്നിരുന്നു. ബെന്യാമിൻ പറഞ്ഞ് അറിഞ്ഞതാണെന്നു തോന്നുന്നു. അപ്പോഴാണ് ബ്ലെസി വിളിക്കുന്നത്. 'എന്തായി, ഒരുപാട് മുന്നോട്ട് പോയോ? ഇല്ലെങ്കില്‍ എനിക്ക് തരാമോ' എന്ന് എന്നോടു ചോദിച്ചു. അദ്ദേഹം ഒരു വർഷം എടുത്ത് അദ്ദേഹം എഴുതിയ സ്ക്രിപ്റ്റിന് ആടുജീവിതമായി സാമ്യം ഉണ്ടെന്നു പറഞ്ഞു. ബെന്യാമിനോടുകൂടി ഒന്നു സംസാരിക്കാൻ ഞാൻ ബ്ലെസിയോട് പറഞ്ഞു. പിന്നീട് എനിക്ക് തോന്നി ബെന്യാമിന് ബ്ലെസി സിനിമ ചെയ്യുന്നതാണ് ഇഷ്ടം എന്ന്. അതുകൊണ്ട് തന്നെയാണ് ഞാൻ അത് വിട്ടു കൊടുത്തത്.

14 വർഷം മുന്നേ നടന്ന കാര്യങ്ങളാണിത്. ഇപ്പോൾ റിലീസ് ചെയ്ത ചിത്രം പോലെയല്ല ഞാൻ ഈ സിനിമ പ്ലാൻ ചെയ്തിരുന്നത്. ബ്ലെസിക്ക് ഇത് നന്നായി ചെയ്യാൻ പറ്റുമെന്ന് എനിക്കറിയാമായിരുന്നു. ഞാൻ ചിത്രം ചെയ്യുകയാണെങ്കിൽ സ്ക്രിപ്റ്റ് ചെയ്യാൻ ബെന്യാമിന്റെ സഹായം തേടേണ്ടിവനെന്നേ. ബ്ലെസിക്ക് എഴുതാനും അറിയാം. ബ്ലെസിയെ പോലെ 14 വർഷമൊന്നും ഒരു ചിത്രത്തിന് വേണ്ടി ചെലവഴിക്കാൻ എന്നെക്കൊണ്ട് പറ്റില്ല. ഞാൻ കുറച്ചു പ്രാരാബ്‌ധം ഉള്ള മനുഷ്യനാണ്. ബ്ലെസി എത്രയോ കഷ്​ടതകളിലൂടെ കടന്നുപോയതാണെന്ന് ഞാന്‍ കണ്ടതാണ്. ഇത്രയും ക്ഷമയോടെ ആ ചിത്രം പൂർത്തിയാകാൻ അദ്ദേഹത്തിനേ സാധിക്കുകയുള്ളൂ. അറബിക്കഥ ചെയ്​തതുകൊണ്ടാണ് ആടുജീവിതം ചെയ്യാതിരുന്നത് എന്ന് ബെന്യാമിൻ പറയുന്നത് അദ്ദേഹത്തിന്റെ ഓർമപ്പിശക് കൊണ്ടാണ്. 2008ലാണ് ആടുജീവിതം നോവൽ പോലും ഇറങ്ങുന്നത്. 2006 ആണ് അറബിക്കഥ പൂർത്തിറങ്ങിയത്'- ലാൽ ജോസ് പറഞ്ഞു.

ബെന്യാമിന്റെ വാക്കുകൾ ഇങ്ങനെ..

'പുസ്തകം വന്ന് അധികം കഴിയും മുൻപ് ഒരുദിവസം പ്രമുഖ സംവിധായകനായ ലാൽ ജോസ് എന്നെ സമീപിച്ച് ഇതൊരു സിനിമ ആക്കുന്നതിനുള്ള ആലോചനകൾ നടത്തുകയും ഞങ്ങൾ തമ്മിൽ ഏതാണ്ട് ഒരു സമ്മതത്തിൽ എത്തുകയും ചെയ്‌തിരുന്നു. എന്നാൽ ആ സമയത്ത് അദ്ദേഹം അറബിക്കഥ എന്ന സിനിമ പുറത്തിറക്കിയതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഉടനെ മറ്റൊരു ‘അറബിക്കഥ’ ചെയ്യാൻ അദ്ദേഹത്തിനു പ്രശ്‌നമുണ്ടായിരുന്നു. എന്നാലും എന്നെങ്കിലും ഒരിക്കൽ ചെയ്യാം എന്ന ധാരണയിൽ ഞങ്ങൾ പിരിഞ്ഞു.

അപ്പോഴാണ് ബ്ലെസി ഇതേ ആവശ്യവുമായി എന്നെ സമീപിക്കുന്നത്. ആദ്യവിളിയിലും പിന്നത്തെ കൂടിക്കാഴ്‌ചയിലും തന്നെ ബ്ലെസി എന്ന സംവിധായകന് ഈ നോവലിന്റെ സിനിമാസാധ്യതകളെക്കുറിച്ചുള്ള അഗാധമായ ബോധ്യം എനിക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നു. ഈ സിനിമക്ക് ആവശ്യമായ ഓരോ ഷോട്ടുകളും അപ്പോഴെ മനസിലുള്ളതുപോലെ സൂക്ഷ്മമായും വിശദമായുമാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. വെറുതെ ഒരു സിനിമ ചെയ്യുകയല്ല, അതിനപ്പുറം കാലവും ചരിത്രവും അടയാളപ്പെടുത്തി വയ്ക്കുന്ന ഒരു മഹത്തായ സൃഷ്ടിയാണ് അദ്ദേഹത്തിന്റെ മനസിലുള്ളത് എന്ന് എനിക്ക് ബോധ്യപ്പെട്ടു. മാത്രമല്ല അദ്ദേഹം അന്നോളം ചെയ്‌ത സിനിമകളുടെ മൂല്യം ആ ബോധ്യത്തിനു കൂടുതൽ കരുത്ത് പകരുകയും ചെയ്‌തു.

അതുകൊണ്ടുതന്നെ മറ്റൊരാലോചനയില്ലാതെ സിനിമ ചെയ്യാനുള്ള അവകാശം ഞാൻ സന്തോഷപൂർവ്വം അദ്ദേഹത്തിനു കൈമാറുകയാണുണ്ടായത്. മലയാളക്കരയിലെ മറ്റേതൊരു സംവിധായകന്റെയും കൈയ്യിലെത്താതെ ബ്ലെസി എന്ന കഠിനാധ്വാനിയും പരിപൂർണ്ണത ആഗ്രഹിക്കുന്നവനുമായ ഒരു സംവിധായകന്റെ കൈയ്യിൽ തന്നെ എത്തിച്ചേരുക എന്നത് ആടുജീവിതത്തിന്റെ നിയോഗമായിരുന്നു എന്ന് തന്നെയാണ് ഞാനുറച്ച് വിശ്വസിക്കുന്നത്'.

Tags:    
News Summary - Lal Jose Reply About Benyamin Comment About Aadujeevitham Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.