സിന്ധുവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്ന്! ഡിസംബർ 12 ന്റെ ഓർമ പങ്കുവെച്ച് കൃഷ്ണകുമാർ

ഡിസംബർ 12 ന്റെ ഓർമ പങ്കുവെച്ച് നടൻ കൃഷ്ണകുമാർ. 1994 ഡിസംബർ 12നാണ്  കൃഷ്ണ കുമാറിന്റെ ജീവിതത്തിലേക്ക് സിന്ധു  കടന്നു വരുന്നത്. ഇപ്പോഴിതാ വിവാഹ വാർഷികദിനത്തിൽ ഒന്നിച്ച് കടന്നുപോയ 28 വർഷത്തെ കുറിച്ച് വാചാലനാവുകയാണ് നടൻ. ഈ സുന്ദരമായ ഭൂമിയിൽ സിന്ധുവിനോടൊപ്പം യാത്ര ചെയ്യാൻ അവസരം തന്നതിൽ ദൈവത്തിന് നന്ദിയുണ്ടെന്നും നടൻ പറയുന്നു.


കൃഷ്ണകുമാറിന്റെ വാക്കുകൾ ചുവടെ...

'28 വർഷങ്ങൾക്കു മുൻപ്, രാവിലെ ഈ സമയത്തു അച്ഛൻ-അമ്മ, ഇവർക്കൊപ്പം തിരുവനന്തപുരത്ത്, പട്ടത്തുള്ള വീട്ടിൽ കല്യാണം നടക്കുന്ന ഹാളിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. സുഹൃത്തുക്കൾ പലരും അവിടെ ഉണ്ടായിരുന്നു. സിനിമയിൽ കാണുന്ന പോലെ കല്യാണചെക്കന്മാർക്കുള്ള അമിത ആവേശമൊന്നും എനിക്കില്ലായിരുന്നു. ജീവിതത്തിൽ സാധാരണ സംഭവിക്കുന്ന മറ്റുചില കാര്യങ്ങൾ പോലെ ഒന്ന്, എന്ന് മാത്രമേ എനിക്ക് തോന്നിയുള്ളു. നേരെ മറിച്ചു സിന്ധു വലിയ ആവേശത്തിലായിരുന്നു. അവളുടെ ജീവിതത്തിലെ വളരെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്ന്.


അന്നും ഇന്നും, ഞാനും സിന്ധുവും അങ്ങനെയാണ്. ഞങ്ങൾ തമ്മിൽ ഇഷ്ടമൊക്കെ ആണെങ്കിലും ഒട്ടുമിക്ക കാര്യങ്ങളിലും രണ്ടുപേരുടെയും ചിന്തകൾ രണ്ടു ദിശകളിലേക്കായിരുന്നു. പലപ്പോഴും തർക്കങ്ങൾ ഉണ്ടാവുമെങ്കിലും ഇരുകൂട്ടരുടേയും വിട്ടുവീഴ്ചകളിലൂടെ ഒരു സമവായത്തിലെത്തും.

ഇന്നു രാവിലെ ഹാൻസുവിനെ സ്കൂളിൽ വിട്ടു, അവളുടെ പിറന്നാൾ ദിവസങ്ങളിൽ ചോദിക്കുന്ന പോലെ എന്നോട് ചോദിച്ചു. ഇന്ന് ഡിസംബർ 12, എന്താണ് ഇന്നത്തെ പ്രത്യേകത? ഡൽഹിയിലെ തണുപ്പിൽ തൊണ്ട നാശമായി സംസാരിക്കാൻ ബുദ്ധിമുട്ടി ഇരിക്കുന്ന ഞാൻ ഓർത്തു നോക്കി. എന്താണ് ഡിസംബർ 12 നു ഇത്ര പ്രത്യേകത. പെട്ടെന്ന് ഒരു മെസേജ് തലയിൽ നിന്നും വന്നു. "ഇന്നാണ് കൃഷ്ണകുമാർ നിങ്ങൾ സിന്ധുവുമായി വിവാഹം കഴിച്ച ദിവസം." അതെ..28 വർഷം മുൻപ്..ഞാനത് പറഞ്ഞപ്പോൾ സിന്ധു ചിരിച്ചു... ഞാനും..


10000 ത്തിന് പുറത്തു ദിവസങ്ങൾ, ഈ സുന്ദരഭൂമിയിൽ ഒരുമിച്ചു യാത്രചെയ്യാൻ ദൈവം അവസരം തന്നു. കൂടെ കൂട്ടിനു നാല് ശക്തരും സുന്ദരികളുമായ മക്കളേയും സമ്മാനിച്ചു. ഇവിടെ ജീവിക്കാൻ വേണ്ടതെല്ലാം ആവശ്യത്തിനും അളവിനും, കൃത്യസമയത്തു തന്ന പ്രകൃതിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഒപ്പം ഞങ്ങളെ സ്നേഹിച്ച ഞങ്ങളുടെ നന്മയ്ക്കായി പ്രാർഥിച്ച ഞങ്ങളുമായി അടുപ്പമുള്ളവരും, ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തതുമായ അനവധി നന്മനിറഞ്ഞ മനുഷ്യർ ഉണ്ട് ഇവിടെ. എല്ലാവർക്കും നന്ദിയും, ഒപ്പം നന്മകളും നേരുന്നു'–കൃഷ്ണകുമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.


Tags:    
News Summary - Krishna kumar Pens Memory About Wedding With Wife Sindhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.