നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ ഇതിഹാസ ആക്ഷൻ ഡ്രാമ ചിത്രം 'കാന്താര: ചാപ്റ്റർ 1'ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് 26 ദിവസങ്ങൾ പിന്നിടുമ്പോഴും ചിത്രം തിയറ്ററുകളിൽ വൻ വിജയം തുടരുകയാണ്. 2025ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഇന്ത്യൻ സിനിമയായി ഈ ചിത്രം ഇതിനോടകം മാറിക്കഴിഞ്ഞു. ലോകമെമ്പാടുമുള്ള ആകെ കലക്ഷൻ ഏകദേശം 813 കോടി രൂപ നേടിയിട്ടുണ്ട്. ഇന്ത്യയിലെ ആകെ നെറ്റ് കലക്ഷൻ ഏകദേശം 592.52 കോടി രൂപയാണ്. ചിത്രത്തിന്‍റെ ആകെ ബഡ്ജറ്റ് ഏകദേശം 125 കോടി രൂപയാണ്.
റിപ്പോർട്ടുകൾ പ്രകാരം ലോകമെമ്പാടുമുള്ള കളക്ഷനിൽ 807 കോടി രൂപ നേടിയ 'ഛാവ' യെ മറികടന്നാണ് 'കാന്താര: ചാപ്റ്റർ 1' ഈ വർഷത്തെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറിയത്. കെ.ജി.എഫ് ചാപ്റ്റർ 2 ന് ശേഷം ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ രണ്ടാമത്തെ കന്നഡ ചിത്രമാണ് കാന്താര: ചാപ്റ്റർ 1. 2022ൽ പുറത്തിറങ്ങിയ ആദ്യ ഭാഗമായ 'കാന്താര'യുടെ ആകെ കലക്ഷനെയും ഈ ചിത്രം മറികടന്നു. 407.82 കോടി രൂപയാണ് കാന്താര നേടിയത്.
ലോകമെമ്പാടുമുള്ള കലക്ഷനിൽ 800 കോടി ക്ലബ്ബിൽ പ്രവേശിക്കുന്ന 14-ാമത്തെ ഇന്ത്യൻ ചിത്രമാണ് കാന്താര: ചാപ്റ്റർ 1. 2025ൽ ഏറ്റവും കൂടുതൽ ഒറ്റ ദിവസത്തെ കലക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമാണിത്. 61.85 കോടി രൂപയാണ് നേടിയത്. ഹിന്ദി പതിപ്പ് മാത്രം 200 കോടി നെറ്റ് കലക്ഷൻ നേടി. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കന്നഡ ചിത്രം എന്ന റെക്കോർഡും കാന്താരക്ക് തന്നെ. കർണ്ണാടകയിൽ നിന്ന് ചിത്രം ഇതുവരെ 181 കോടി രൂപയാണ് നേടിയത്. ഒക്ടോബർ 31ന് ചിത്രം ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീമിങ് ആരംഭിക്കും. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും സ്ട്രീം ചെയ്യും.
കാന്താരയുടെ തുടർച്ചയായി പ്രഖ്യാപിച്ച സിനിമയാണ് 'കാന്താര 2'. എന്നാൽ ഇത് യഥാർത്ഥത്തിൽ ആദ്യ ഭാഗത്തിന്റെ തുടർച്ചയല്ല, മറിച്ച് പ്രീക്വൽ (പൂർവ്വകഥ) ആണ്. ആദ്യ ഭാഗത്തെക്കാൾ ഏകദേശം മൂന്നിരട്ടി ബജറ്റിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രീകരണ സമയത്ത് ചില അപകടങ്ങൾ ഉണ്ടാകുകയും, ഷൂട്ടിംഗ് സംഘത്തിലെ നാല് പേർ (ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ) വ്യത്യസ്ത സമയങ്ങളിലായി മരണപ്പെടുകയും ചെയ്തത് വാർത്തയായിരുന്നു. ഷൂട്ടിംഗിനിടെ താൻ പലതവണ മരണത്തെ മുഖാമുഖം കണ്ടതായി ഋഷഭ് ഷെട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരുപാട് പ്രതിസന്ധികൾക്കൊടുവിലാണ് കാന്താര റിലീസായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.