ആരാണ് ജെഫ്രി എപ്‌സ്റ്റീൻ? പഴയ രഹസ്യങ്ങൾ തേടി പ്രേക്ഷകർ; 'ജെഫ്രി എപ്‌സ്റ്റീൻ: ഫിൽത്തി റിച്ച്' ഇന്ത്യയിൽ എവിടെ കാണാം?

2026ൽ പുറത്തുവിട്ട നിർണായക രേഖകളിലൂടെ ജെഫ്രി എപ്‌സ്റ്റീൻ എന്ന പേര് വീണ്ടും ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. 'എപ്‌സ്റ്റീൻ ഫയലുകൾ' എന്നറിയപ്പെടുന്ന ഈ രേഖകളിൽ ദശലക്ഷക്കണക്കിന് പേജുകളും ആയിരക്കണക്കിന് ഫോട്ടോകളും വിഡിയോകളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. എപ്‌സ്റ്റീന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇതിലൂടെ പുറത്തുവരുന്നത്. 20,000 പേജുകള്‍ വരുന്നതാണ് എപ്സ്റ്റീന്‍ ഫയല്‍ എന്നറിയപ്പെടുന്ന രേഖകള്‍.

2001 മുതല്‍ 2006 വരെയുള്ള അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ എപ്സ്റ്റീന്റെ വൈകൃതങ്ങള്‍ക്ക് ഇരയായെന്നായിരുന്നു റിപ്പോര്‍ട്ട്. എണ്‍പതോളം പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരകളായെന്നും സമൂഹത്തിലെ ഉന്നതരുടെ പിന്തുണയോടെ നിരവധി സ്ത്രീകളെയും കുട്ടികളെയും എപ്സ്റ്റീനും കൂട്ടാളികളും ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് കേസ്. ഇതിൽ പല പ്രമുഖരും ഉൾപ്പെട്ടിട്ടുണ്ട്.

ജെയിംസ് പാറ്റേഴ്സണിന്റെ ഫിൽത്തി റിച്ച് എന്ന പുസ്തകത്തെ ആസ്പദമാക്കി 2020ലാണ് നെറ്റ്ഫ്ലിക്സ് ‘ജെഫ്രി എപ്‌സ്റ്റീൻ: ഫിൽത്തി റിച്ച്’ എന്ന ഡോക്യുമെന്ററി പുറത്തിറക്കിയത്. തന്റെ സമ്പത്തും സ്വാധീനവും ഉപയോഗിച്ച് എപ്‌സ്റ്റീൻ എങ്ങനെയാണ് പെൺകുട്ടികളെ ചൂഷണം ചെയ്തതെന്നും വർഷങ്ങളോളം നിയമവ്യവസ്ഥയെ വെട്ടിച്ച് രക്ഷപ്പെട്ടതെന്നും ഈ പരമ്പര വ്യക്തമാക്കുന്നു. അതിജീവിച്ചവരുടെ സാക്ഷ്യപ്പെടുത്തലുകളും കോടതി രേഖകളുമാണ് ഇതിന്റെ പ്രധാന ആകർഷണം.

പുതിയ എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവന്നതോടെ 'ജെഫ്രി എപ്‌സ്റ്റീൻ: ഫിൽത്തി റിച്ച്' നെറ്റ്ഫ്ലിക്സിന്റെ ട്രെൻഡിങ് ലിസ്റ്റിൽ വീണ്ടും ഒന്നാമതെത്തി. എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങളുടെ വ്യാപ്തിയും അതിൽ ഉൾപ്പെട്ട പ്രമുഖ വ്യക്തികളെയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഇപ്പോൾ ഈ ഡോക്യുമെന്ററി വീണ്ടും കാണുകയാണ്. പുതിയ വെളിപ്പെടുത്തലുകൾ പൊതുജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എപ്‌സ്റ്റീന്റെ ശൃംഖലയെക്കുറിച്ചും ഇത്രയും കാലം അയാൾക്ക് സംരക്ഷണം നൽകിയ വ്യവസ്ഥാപിത പരാജയങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ നിരവധി പേരാണ് ഇപ്പോൾ ഈ ഡോക്യുമെന്ററി കാണുന്നത്.

ജെഫ്രി എപ്‌സ്റ്റീൻ: ഫിൽത്തി റിച്ച് നാല് ഭാഗങ്ങളുള്ള ഒരു ലിമിറ്റഡ് സീരീസാണ്. ഓരോ ഭാഗവും ഏകദേശം ഒരു മണിക്കൂർ ദൈർഘ്യമുള്ളതാണ്. ഭാഗം 1ൽ എപ്‌സ്റ്റീന്റെ തുടക്കകാലത്തെക്കുറിച്ചും അയാൾ എങ്ങനെ വലിയ സമ്പന്നനായി എന്നതിനെക്കുറിച്ചും പറയുന്നു. ഭാഗം 2ൽ എപ്‌സ്റ്റീനെതിരെയുള്ള ആദ്യകാല അന്വേഷണങ്ങളെക്കുറിച്ചും അതിൽ നിന്ന് അയാൾ രക്ഷപ്പെട്ടതിനെക്കുറിച്ച് പറയുന്നു. ഭാഗം 3ൽ എപ്‌സ്റ്റീന്റെ ഉടമസ്ഥതയിലുള്ള ദ്വീപിലും മറ്റും നടന്ന ക്രൂരതകളെക്കുറിച്ച് അതിജീവിച്ചവർ വെളിപ്പെടുത്തുന്നു. ഭാഗം നാലിലാകട്ടെ എപ്‌സ്റ്റീന്‍റെ അറസ്റ്റും മരണവും, അതിനുശേഷമുള്ള നിയമപോരാട്ടങ്ങളും ചർച്ച ചെയ്യുന്നു. നെറ്റ്‌ഫ്ലിക്സിൽ ഈ നാല് എപ്പിസോഡുകളും ഇപ്പോൾ ലഭ്യമാണ്.

Full View

Tags:    
News Summary - jeffrey Epstein: Filthy Rich – Where to watch the series in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.