കന്നഡ അഭിനേതാവും സംവിധായകനുമായ റിഷഭ് ഷെട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം കാന്താര മലയാളത്തിൽ എത്തിക്കാൻ ഒരുങ്ങി പൃഥ്വിരാജ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സബ്ടൈറ്റിലോടെ ഉടൻ ചിത്രം മൊഴിമാറ്റി എത്തുമെന്ന് പൃഥ്വിരാജ് ട്വീറ്റ് ചെയ്തു.
കന്നഡയിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന കാന്താരയേയും ചിത്രത്തിലെ റിഷഭ് ഷെട്ടിയുടെ പ്രകടനത്തേയും പൃഥ്വിരാജ് അഭിനന്ദിച്ചിട്ടുണ്ട്. കാമറക്ക് മുന്നിലും പിന്നിലുമുള്ള ജീനിയസ് എന്നാണ് റിഷഭിനെ വിശേഷിപ്പിച്ചത്. കൂടാതെ സിനിമയുടെ അവസാന 20 മിനിറ്റ് രംഗങ്ങളേയും പൃഥ്വിരാജ് അഭിനന്ദിച്ചിരുന്നു.
''കന്നഡ പതിപ്പ് കണ്ടതിന് ശേഷം എനിക്ക് ഇത് കേരളത്തിലും എത്തിക്കണമെന്ന് തോന്നി. ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ റിലീസ് ചെയ്യുമ്പോൾ ചിത്രം ആരും കാണാതെ പോകരുത്'' -പൃഥ്വിരാജ് ട്വീറ്റ് ചെയ്തു.
പൃഥ്വിരാജിന്റെ ട്വീറ്റ് ഹോംബാലെ ഫിലിംസ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. 'ചിത്രത്തിന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമാണ്. നമ്മുടെ സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിൽ ഞങ്ങൾ ഞങ്ങളുടെ പങ്ക് വഹിച്ചു. നിങ്ങൾ ഞങ്ങൾക്കൊപ്പമുണ്ടെങ്കിൽ ടൈസൺ, സലാർ എന്നീ ചിത്രങ്ങളുമായി ഉയരങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നു'.
19ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് സിനിമ സഞ്ചരിക്കുന്നത്. കർണാടകയിലെ പരമ്പരാഗത കലകളായ കാംബ്ല, ഭൂത കോല എന്നിവ ആധാരമാക്കിയുള്ള ഒരു ആക്ഷൻ ത്രില്ലറാണ് കാന്താര. സെപ്റ്റംബർ 30 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.