മോഹൻലാൽ, ദിലീപ്, മമ്മൂട്ടി

'പ്രതികാരം ചെയ്യുന്നതിൽ ദിലീപ് വിദഗ്ദ്ധനാണ്, മോഹൻലാലും മമ്മൂട്ടിയും ദിലീപിന്‍റെ കൈയിലെ കളിപ്പാവകൾ'; സംവിധായകൻ വിനയന്‍റെ ആരോപണം വീണ്ടും ചർച്ചയാകുന്നു

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയതിനുശേഷവും വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് താരത്തിനെതിരെ വരുന്നത്. വലിയൊരു കൂട്ടം ജനത ഇപ്പോഴും നീതി നടപ്പാക്കപെട്ടിട്ടില്ലെന്നു ഉറച്ചു വിശ്വസിക്കുകയാണ്. 'സത്യം ജയിച്ചു' എന്ന് ചില വിഭാഗങ്ങൾ സന്തോഷം പ്രകടിപ്പിക്കുമ്പോഴും, സമൂഹത്തിൽ പ്രശസ്തിയിൽ ഇരിക്കുന്ന ഒരു നടിക്ക് ഇത്തരമൊരു അവസ്ഥ ഉണ്ടായെങ്കിൽ ഈ നാട്ടിലെ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന ആശങ്കയിലാണ് മറ്റൊരു വിഭാഗം ജനങ്ങൾ.

ഇതിനിടയിലാണ് സംവിധായകൻ വിനയൻ ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഒരു അഭിമുഖം വീണ്ടും ചർച്ചയായത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ 2017 ജൂലൈ 10 ന് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തതിന് ദിവസങ്ങൾക്ക് ശേഷം വിനയൻ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചക്ക് വഴിവെച്ചത്. 'എന്റെ വ്യക്തിപരമായ അനുഭവത്തിൽ നിന്ന് ദിലീപ് ആളുകളെ എളുപ്പത്തിൽ സ്വാധീനിച്ചു മനസ്സുമാറ്റാൻ കഴിവുള്ളവനാണ്. മമ്മൂട്ടിയും മോഹൻലാലും അയാളുടെ കൈകളിലെ കളിപ്പാവകളാണെന്നും എനിക്കറിയാം' എന്ന് വിനയൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

രാഷ്ട്രീയ രംഗത്തില്ലാത്തതി​ന്‍റെ നൂറിരട്ടി വൈരാഗ്യബുദ്ധിയോടെയാണ് ദിലീപ് സിനിമരംഗത്ത് പ്രവർത്തിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു. ത​ന്‍റെ സഹപ്രവർത്തകയെ ഇത്തരത്തിൽ ക്രൂരമായി അപമാനിച്ചിട്ടുണ്ടെങ്കിൽ ദിലീപി​ന്‍റെ മുഖത്തുനോക്കാൻ കഴിയില്ലെന്നും. ഇത് സത്യമാണെങ്കിൽ അദ്ദേഹത്തെ കാണാൻപോലും ആഗ്രഹിക്കുന്നില്ലെന്നും വിനയൻ അഭിപ്രായപ്പെട്ടു. ദിലീപ് കാരണം പത്ത് വർഷത്തോളം താൻ സിനിമ ചെയ്യാൻ ബുദ്ധിമുട്ടിയതായി വിനയൻ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ദിലീപിനെ പാഠം പഠിപ്പിക്കാൻ ശ്രമിക്കുന്ന ആരും മലയാള സിനിമയിൽ ഉണ്ടാകരുതെന്ന ശാഠ്യമാണ് ദിലീപിന്‍റേതെന്ന് അദ്ദേഹം വിമർശിച്ചു.

ദിലീപിന്റെ അറസ്റ്റിനെത്തുടർന്ന് മനോരമ ന്യൂസിനോട് സംസാരിക്കവെ മലയാള സിനിമയുടെ ഹൃദയത്തിലേറ്റ മുറിവാണ് ഈ കേസെന്ന് വിനയൻ വിശേഷിപ്പിച്ചു. 'പ്രതികാരം ചെയ്യുന്നതിൽ ദിലീപ് വിദഗ്ദ്ധനാണ്' അദ്ദേഹം പറഞ്ഞു. 'ഇത്തരമൊരു ഹീനകൃത്യത്തിന് പിന്നിൽ ഒരു സിനിമാതാരം ഉണ്ടെന്നത് ലോകത്തിന് മുന്നിൽ മലയാള സിനിമയ്ക്ക് അപമാനമാണ്' അതിജീവിതക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികാരികളോട് അഭ്യർത്ഥിച്ചുകൊണ്ടാണ് വിനയൻ അന്നു സംസാരിച്ചത്.

ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച വിനയൻ, കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് തെളിയിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞു. കോടതി നടപടികൾ തുടരണമെന്നും നിരവധി ആരോപണങ്ങൾ കണക്കിലെടുക്കുമ്പോൾ, ഒരു ഉന്നത കോടതിയുടെ ഇടപെടൽ എല്ലാത്തിനും കൂടുതൽ വിശ്വാസ്യത നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദിലീപിനെ സിനിമാ സംഘടനകളിലേക്ക് തിരിച്ചെടുക്കുന്നതിൽ നിയമപരമായ പ്രശ്നമൊന്നുമില്ലെങ്കിലും സംഘടനകൾ അമിതമായി ഉത്സാഹം കാണിച്ചാൽ അവരുടെ യഥാർത്ഥ താൽപര്യം പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 'സത്യം തെളിയിക്കാൻ ദിലീപിനോട് ആവശ്യപ്പെട്ടു, അദ്ദേഹം അത് ചെയ്തു. എന്നിരുന്നാലും ഞാൻ അതിജീവിതയോടൊപ്പം " വിനയൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Director vinayan's statement about Dileep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.