ധർമജൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം
നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതി ദിലീപ് കുറ്റ വിമുക്തനായെന്ന വിധി വന്നതോടെ ഇതിൽ പ്രതികരിച്ച് നിരവധി താരങ്ങൾ രംഗത്തുവന്നിരുന്നു. നടനെ അനുകൂലിച്ചും പ്രതികൂലിച്ചും പല പോസ്റ്റുകളും ഉയർന്നു. ഒരു വിഭാഗം ജനങ്ങൾ അവൾക്കൊപ്പമെന്ന് ശക്തമായി പ്രതികരിച്ചപ്പോഴും ദിലീപ് തെറ്റുചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുകയാണ് മറ്റൊരു വിഭാഗം. ഇത്തരത്തിൽ ദിലീപിനെ കുറ്റ വിമുക്തനാക്കിയതിൽ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ ധർമജൻ ബോൽഗാട്ടി.
ഇത് ജനപ്രിയ വിജയം എന്ന അടിക്കുറിപ്പോടെ ദിലീപിനും കാവ്യക്കുമൊപ്പം നിൽക്കുന്ന ചിത്രമാണ് ധർമജൻ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്. ഇത്തരമൊരു വിജയം ആഘോഷിക്കുന്നത് തീർത്തും ലജ്ജാകരമെന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്‍റുകൾ. കേസിൽ പ്രതിചേർത്ത പത്തിൽ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ദിലീപ് ഉൾപ്പെടെ നാല് പേരെ കുറ്റവിമുക്തരാക്കി.
ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടനും സംവിധായകനുമായ നാദിർഷാ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. 'താങ്ക് ഗോഡ്.. സത്യമേവ ജയതേ' എന്നായിരുന്നു നാദിർഷ ചിത്രത്തിന് താഴെ പങ്കുവെച്ച കുറിപ്പ്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം വർഗീസാണ് കേസിൽ വിധി പ്രസ്താവിച്ചത്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളുടെ ശിക്ഷ ഡിസംബർ 12ന് പ്രഖ്യാപിക്കും. എൻ.എസ് സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ദിലീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഒന്നു മുതൽ ആറ് വരെ പ്രതികൾക്കെതിരെ ചുമത്തിയ ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. എന്നാൽ, ഏഴ് മുതലുള്ള പ്രതികൾക്കെതിരെ ചുമത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കൾ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനൊപ്പം ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി നായർ എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.