ഷഫ്ന നിസാം
നടി ആക്രമിക്കപ്പെട്ട കേസിലെ വിധി സിനിമ മേഖലയിലും പുറത്തുമുള്ള നിരവധിപേരെ വൈകാരികമായി നിരാശയിലാക്കിയിരുന്നു. ഇതിൽ പ്രതികരണമായി നിരവധിപേർ രംഗത്തുവരുകയും ചെയ്തു. എന്നാൽ ഈ വിധിയിൽ നീതി ന്യായ വ്യവസ്ഥയോടുള്ള തന്‍റെ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് തുറന്നടിച്ചിരിക്കുകയാണ് നടി ഷഫ്ന നിസാം. അവൾക്കൊപ്പം, എന്നും എപ്പോഴും എന്ന തലക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ തന്‍റെ നിരാശ അറിയിച്ചിരിക്കുകയാണ് നടി.
'പ്രതീക്ഷ നഷ്‌ടപ്പെടുന്നു. ഒരുപാട് കഷ്ടതകൾ അനുഭവിച്ച, ജീവിതം തന്നെ കീഴ്‌മേൽ മറിക്കപ്പെട്ട അതിജീവിതക്ക് എന്ത് നീതിയാണ് ലഭിച്ചത്? ഉറക്കമില്ലാത്ത രാത്രികൾ, തകർച്ചകൾ, വേദന, ആക്രമണം, പരുഷമായ വാക്കുകൾ, സ്വഭാവഹത്യ. ഇതൊന്നും മറക്കാനാകില്ലല്ലോ. നീതി നടപ്പാക്കപ്പെട്ടിരുന്നുവെങ്കിൽ, തകർപ്പെട്ട ലോകത്തിന്റെ ശബ്ദം ഉറക്കെ കേൾപ്പിക്കാനായി എന്നെങ്കിലും അവൾക്കു തോന്നിയേനെ. അവൾക്ക് പിടിച്ചു നിൽക്കാനായില്ലെങ്കിലും സത്യമെങ്കിലും നിലനിൽക്കുമായിരുന്നു. എന്നാലിപ്പോൾ നീതിയിലുള്ള വിശ്വാസം ഇല്ലാതായി. അതിജീവിതയെപ്പോലെ ഞാനും തകർക്കപ്പെട്ടിരിക്കുന്നു'. ഷഫ്ന പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
സഹപ്രവർത്തക എന്നതിലുപരി അതിജീവിതയുടെ വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് ഷഫ്ന നിസാം. ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരണവുമായി നടിന്മാരായ റിമ കല്ലിങ്കലും പാർവതി തിരുവോത്തും രമ്യ നമ്പീശനും എത്തിയിരുന്നു. അവള്‍ക്കൊപ്പം എന്നെഴുതിയ ബാനര്‍ പിടിച്ചു നില്‍ക്കുന്ന തന്റെ ചിത്രമാണ് റിമ പങ്കുവെച്ചിരിക്കുന്നത്. 'എപ്പോഴും, മുമ്പത്തേക്കാളും ശക്തിയോടെ ഇപ്പോള്‍' എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. 'എന്ത് നീതി? സസൂക്ഷ്മം തയാറാക്കിയ തിരക്കഥ നിഷ്ഠൂരമായി ചുരുളഴിയുന്നതാണ് നമ്മളിപ്പോള്‍ കാണുന്നത്' എന്നാണ് പാര്‍വതി കുറിച്ചത്. രമ്യ നമ്പീശനും അവള്‍ക്കൊപ്പം എന്നെഴുതിയ ബാനര്‍ ഇന്‍സ്റ്റയിൽ സ്റ്റോറിയായിട്ട് ഇട്ടിട്ടുണ്ട്. തുടക്കം മുതലേ അതിജീവിതക്കൊപ്പം ശക്തമായി നിലയുറപ്പിച്ചവരാണ് റിമയും പാര്‍വതിയും രമ്യയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.