എൽ ചിത്രത്തിന്‍റെ പോസ്റ്റർ
ഒ.ടി.ടിയില്‍ റിലീസ് ചെയ്ത 'എല്‍' എന്ന ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍. മനോരമ മാക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ചിത്രത്തിന്‍റെ പ്രമേയം സംബന്ധിച്ച് ചിത്രീകരണം നടക്കുന്ന സമയത്ത് തന്നെ പല തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രാചീന ജൂത സംസ്ക്കാരത്തിന്‍റെയും ക്രൈസ്തവ ദൈവശാസ്ത്രത്തിന്‍റെയുമൊക്കെ ചില മിത്തുകളെ പുനരാവിഷ്ക്കരിക്കുന്ന എല്‍ ഒരു പ്രൊപ്പഗാണ്ട ചിത്രമാണെന്നാണ് ആരോപണം.
കാലഹരണപ്പെട്ട ജൂതമിത്തുകള്‍ പോസ്റ്റ് മോഡേണ്‍ കാലത്തെ സിനിമയില്‍ അവതരിപ്പിക്കുന്നതിനുപിന്നിൽ അണിയറപ്രവര്‍ത്തകരുടെ മറ്റു ചില ലക്ഷ്യങ്ങളുണ്ടെന്നും ആരോപണമുണ്ട്. ജൂത ബൈബിളായ തോറയിലെ ചില സൂചകങ്ങളും ഉപകഥകളുമൊക്കെ സിനിമയില്‍ പരാമർശിക്കുന്നുണ്ട്. ക്രൈസ്തവ വിശ്വാസത്തിൽ ഇല്ലാത്ത ചില കാര്യങ്ങൾ ജൂത മത ഗ്രന്ഥത്തെ വ്യാഖ്യാനിച്ചു പറയുന്നതുകൊണ്ടാണ് ഇതൊരു പ്രൊപ്പഗാണ്ട സിനിമയെന്ന ആരോപണം ഉയരുന്നത്.
അന്ധവിശ്വാസത്തെ പ്രചരിപ്പിക്കുകയും, മത വിശ്വാസങ്ങളെ മുറിവേല്‍പ്പിക്കുകയും, ബൈബിള്‍ പോലുള്ള വിശുദ്ധ ഗ്രന്ഥത്തിൽ ഇല്ലാത്ത കാര്യങ്ങൾ ജൂത ബൈബിൾ ഉദ്ധരിച്ചു വ്യാഖ്യാനിക്കുകയും ചെയ്യുന്ന സിനിമയുടെ പ്രദര്‍ശന അനുമതി തടയണമെന്ന് വിശ്വാസി സമൂഹത്തിന്‍റെ ഭാഗത്ത് നിന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നുണ്ടെന്ന് അണിയറ പ്രവർത്തകർ അഭിപ്രായപ്പെട്ടു. എന്നാല്‍ സിനിമ നല്ല രീതിയില്‍ പ്രദര്‍ശനം നടക്കുന്നതിന് എതിരെയുള്ള ചിലരുടെ അസംതൃപിതിയാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ആക്ഷേപങ്ങളെന്ന് ചിത്രത്തിന്‍റെ രചയിതാക്കളായ ഷോജി സെബാസ്റ്റ്യനും ഷെല്ലി ജോയിയും ചൂണ്ടികാട്ടി.
'മിത്തും യാഥാര്‍ത്ഥ്യവും തമ്മില്‍ തിരിച്ചറിയാത്തത് ഞങ്ങളുടെ സിനിമയുടെ പരിമിതിയല്ല. എല്‍ എന്ന സിനിമ ഒരു കലാസൃഷ്ടിയാണ്. അത് ഒരിക്കലും ഒരു സമൂഹത്തെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ച് ചെയ്തതല്ല. സിനിമയെ സിനിമയായി കാണാനുള്ള മനോഭാവമാണ് പ്രേക്ഷകര്‍ക്ക് ഉണ്ടാകേണ്ടത്' എന്നാണ് സംവിധായകന്‍റെ പ്രതികരണം. മറ്റ് തരത്തിലുള്ള ആരോപണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് സിനിമ കാണുവാന്‍ എല്ലാ പ്രേക്ഷകരും തയ്യാറാകണമെന്നും സംവിധായകന്‍ ആവശ്യപ്പെട്ടു.
ക്രൈസ്തവ വിശ്വസങ്ങളും മിത്തും യാഥാര്‍ത്ഥ്യങ്ങളും കെട്ടുപിണഞ്ഞുപോകുന്നതാണ് ഈ ത്രില്ലര്‍ മൂവിയുടെ പ്രമേയം. പോപ് മീഡിയയുടെ ബാനറില്‍ ഷോജി സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്തത്. ക്രൈസ്തവ മിത്തുകളിലൂടെ ചിത്രം സഞ്ചരിക്കുമ്പോഴും സമീപകാല സംഭവങ്ങളോട് കഥ ഏറ്റുമുട്ടുന്നുണ്ട്.
ഷോജി സെബാസ്റ്റ്യനും ഷെല്ലി ജോയിയും ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത്. ഇടുക്കി, ഗോവ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. 'എന്നാലും എന്റെ അളിയാ' എന്ന ചിത്രത്തിന് ശേഷം അമൃത മേനോൻ നായിക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കുടിയാണ് എല്‍. സംഗീതസംവിധായകനായ ബ്ലെസ്സൺ തോമസ് ആദ്യമായ് സ്വതന്ത്ര സംവിധായകനായ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഛായാഗ്രഹണം: അരുണ്‍കുമാര്‍, ചിത്രസംയോജനം: സൂരജ് അയ്യപ്പൻ, സൗണ്ട് മിക്സിങ്: ഹാപ്പി ജോസ്, പ്രൊജക്റ്റ് ഡിസൈന്‍ & കളര്‍ ഗ്രേഡിങ്: ബെന്‍ കാച്ചപ്പിള്ളി, കലാസംവിധാനം: ഷിബു, വസ്ത്രാലങ്കാരം: സുല്‍ഫിയ മജീദ്, മേക്കപ്പ്: കൃഷ്ണന്‍, പോസ്റ്റര്‍ ഡിസൈന്‍: എസ് കെ ഡി ഡിസൈന്‍ ഫാക്ടറി, പി.ആർ.ഒ: പി. ആര്‍ സുമേരന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.