വിവിധ ഴോണറുകളിൽ ഉള്ള ഒന്നിലധികം ചിത്രങ്ങളാണ് മലയാളത്തിൽ നിന്ന് ഈ ആഴ്ച ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ എത്തുന്നത്. ചലചിത്രമേളകളിലെ ഹിറ്റ് ചിത്രം ഫെമിനിച്ചി ഫാത്തിമ, ദുൽഖർ സൽമാൻ നായകനായ കാന്തയുടെ മലയാളം പതിപ്പ്, ദിവ്യ പിള്ള പ്രധാന വേഷത്തിൽ എത്തിയ അന്ധകാര എന്നിവയാണ് ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ.
ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ഫെമിനിച്ചി ഫാത്തിമ നിരവധി ചലചിത്രമേളകളിലും പിന്നീട് തിയറ്ററിലും പ്രദർശിപ്പിച്ച ശേഷമാണ് ഇപ്പോൾ ഒ.ടി.ടിയിൽ എത്താൻ ഒരുങ്ങുന്നത്. ഷംല ഹംസ, കുമാർ സുനിൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2025 ഒക്ടോബർ 10ന് തിയറ്ററുകളിൽ എത്തിയ ചിത്രം സിസംബർ 12ന് മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. എ.എഫ്.ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെവിയും ചേർന്നാണ് ചിത്രം നിർമിച്ചത്. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.
ദുൽഖർ സൽമാൻ നായകനായ ഏറ്റവും പുതിയ ചിത്രമാണ് കാന്ത. സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖറിനൊപ്പം സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിൽ ഡിസംബർ 12ന് സ്ട്രീം ചെയ്യുമെന്നാണ് വിവരം. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ലഭ്യമാകും. 1950കളിലെ മദ്രാസിലെ സൂപ്പർസ്റ്റാറായിരുന്ന ടി.കെ. മഹാദേവന്റെ കഥയാണ് 'കാന്ത' പറയുന്നത്. സ്പിരിറ്റ് മീഡിയ, വേഫെറർ ഫിലിംസ് ബാനറുകളിൽ റാണ ദഗ്ഗുബതിയും ദുൽഖർ സൽമാനും ചേർന്നാണ് ചിത്രം നിർമിച്ചത്.
ദിവ്യ പിള്ള പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് അന്ധകാര. വസുദേവ് സനല്‍ സംവിധാനം ചെയ്ത ചിത്രത്തിൽ ചന്തുനാഥ്, ധീരജ് ഡെന്നി, വിനോദ് സാഗർ, മറീന മൈക്കൽ,സുധീർ കരമന, കെ.ആർ. ഭരത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഏസ് ഓഫ് ഹാർട്ട്സ് സിനി പ്രൊഡക്ഷന്റെ ബാനറിൽ സജീർ ഗഫൂർ ആണ് അന്ധകാര നിർമിച്ചത്. പ്രിയം, ഗോഡ്‌സ് ഓൺ കൺട്രി തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകനാണ് വാസുദേവ് സനൽ. ക്രൈം ത്രില്ലർ ഴോണറിലുള്ള ചിത്രം ഡിസംബർ 12 മുതൽ സൺ നെക്സ്റ്റിൽ സ്ട്രീമിങ് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.