ജോൺ എബ്രഹാമിന്‍റെ ‘അമ്മ അറിയാൻ’ 4K ദൃശ്യമികവോടെ കാൻ ചലച്ചിത്ര മേളയിലേക്ക്

മുംബൈ: മലയാള സിനിമയിലെ വിപ്ലവകാരിയായ സംവിധായകൻ ജോൺ എബ്രഹാമിന്‍റെ വിഖ്യാത രാഷ്ട്രീയ ചിത്രം ‘അമ്മ അറിയാൻ’ 4K സാങ്കേതികവിദ്യയിൽ പുനഃസൃഷ്ടിച്ചു. മുംബൈ ആസ്ഥാനമായുള്ള ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ 4K പതിപ്പ് മെയ് 12-ന് ആരംഭിക്കുന്ന 79-ാമത് കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. മേളയിലെ ‘ക്ലാസിക്’ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ഏക ഇന്ത്യൻ ഫീച്ചർ സിനിമയാണിത്.

1986-ൽ പുറത്തിറങ്ങിയ ഈ പരീക്ഷണാത്മക ചിത്രം, ഒരു നക്സലൈറ്റ് യുവാവിന്‍റെ മരണവാർത്ത അറിയിക്കാൻ സുഹൃത്തുക്കൾ വയനാട്ടിൽ നിന്ന് കൊച്ചിയിലേക്ക് നടത്തുന്ന യാത്രയാണ് പ്രമേയമാക്കുന്നത്. എഴുപതുകളിലെ രാഷ്ട്രീയ നിരാശയും പോരാട്ടവീര്യവും ചർച്ച ചെയ്യുന്ന സിനിമ, ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്ത പത്ത് മികച്ച ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

1987-ൽ അന്തരിച്ച ജോൺ എബ്രഹാമിന്‍റെ അവസാന ചിത്രമാണിത്. ജനകീയ കൂട്ടായ്മയായ ‘ഒഡീസ’യിലൂടെ നിർമ്മിച്ച ഈ ചിത്രം 4K സാങ്കേതികവിദ്യയിൽ പുനഃസൃഷ്ടിക്കാൻ നേതൃത്വം നൽകിയത് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ഡയറക്ടർ ശിവേന്ദ്ര സിങ് ദുംഗർപൂറാണ്. ഛായാഗ്രാഹകൻ വേണു, എഡിറ്റർ ബീന പോൾ എന്നിവരുടെ മേൽനോട്ടത്തിൽ ചെന്നൈയിലും ഇറ്റലിയിലുമായാണ് 4K പതിപ്പിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നത്. കാൻ മേളയിൽ ചിത്രത്തിന്‍റെ പ്രദർശന വേളയിൽ പ്രധാന നടൻ ജോയ് മാത്യു, വേണു, ബീന പോൾ എന്നിവർ പങ്കെടുക്കും. മുൻ വർഷങ്ങളിൽ 'തമ്പ്', 'കുമ്മാട്ടി' തുടങ്ങിയ മലയാള ചിത്രങ്ങളും ഫൗണ്ടേഷൻ ഇത്തരത്തിൽ 4kയിലേക്ക് മാറ്റി രാജ്യാന്തര വേദിയിൽ എത്തിച്ചിരുന്നു.

Tags:    
News Summary - John Abraham's 'Amma Ariyan' to be screened at Cannes Film Festival with 4K visual brilliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.