ഇന്ത്യക്കും പുറത്തും ഏറെ ആരാധകരുള്ള താര ദമ്പതികളാണ് അനുഷ്ക ശർമയും വിരാട് കോലിയും. ഇരുവരുടേയും വിശേഷങ്ങൽ ഇവർ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവക്കാറുണ്ട്. എന്നിരുന്നാലും സ്വകാര്യ ജീവിതം സമൂഹത്തിൽ ചർച്ച വിഷയമാക്കുന്നതിൽ ഇരുവരും താൽപര്യം പ്രകടിപ്പിക്കാറില്ല. ആരാധകരിൽ നിന്നും ആൾക്കൂട്ടങ്ങളിൽ നിന്നും മാറി കുടുംബത്തോടൊപ്പം ലണ്ടനിലാണ് ഇവർ താമസിച്ചിരുന്നത്. വിരാട് ക്രിക്കറ്റിൽ ഇപ്പോഴും തിളങ്ങി നിൽക്കുമ്പോൾ അനുഷ്ക കുട്ടികളോടൊപ്പം വീട്ടിലാണ്. കരിയർ പോലെതന്നെ പാരന്‍റിങും ഒരേപോലെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. പരസ്പര ധാരണയിൽ മനോഹരമായൊരു കുടുംബജീവിതമാണ് ഇരുവരും നയിക്കുന്നത്. ഇളയ മകൻ അകായ് ജനിച്ചതിനുശേഷമാണ് ഇരുവരും ലണ്ടനിൽ സ്ഥിരതാമസമാക്കിയത്. എന്നാലിപ്പോൾ ഇവരുടെ മുംബൈയിലെ മനോഹര ഭവനമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ജി.ക്യു ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം വോർളിയിലെ ഒരു ആഡംബര റെസിഡൻഷ്യൽ കോംപ്ലക്സായ ഓംകാർ 1973 ലെ 34 കോടി രൂപയുടെ അപ്പാർട്ട്മെന്റാണ് ഇവരുടേത്. ടവർ സിയിലെ 7,171 ചതുരശ്ര അടി വിസ്തീർണമുള്ള നാല് കിടപ്പുമുറികളുള്ള അപ്പാർട്ട്മെന്റിലാണ് ദമ്പതികൾ താമസിക്കുന്നത്. കോംപ്ലക്സിലെ ഏറ്റവും ആഡംബരപൂർണമായ അപ്പാർട്ട്മെന്‍റാണിത്. റിപ്പോർട്ട് അനുസരിച്ച് ഇത് 35-ാം നിലയിലാണ്. നാല് കിടപ്പുമുറികളും ശാന്തവും സങ്കീർണവുമായ ഒരു ലിവിങ് സ്പേസും ഇതിൽ ഉൾക്കൊള്ളുന്നു.
അറബിക്കടലിന് അഭിമുഖമായിരിക്കുന്ന തുറന്ന ബാൽക്കണികളാണ് ഭവനത്തിന്‍റെ പ്രധാന ആകർഷണം. ആഢംബര പൂർണവും എന്നാൽ സ്റ്റൈലിഷുമായ ഭവനം സുഖകരവും സമാധാനന്തരീക്ഷം സൃഷ്ടിക്കുന്നതുമായ രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. വീടിന്‍റെ പല ഭാഗങ്ങളും ഇരുവരുടേയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ കാണാൻ സാധിക്കും. വിലമതിക്കുന്ന ഭവനം എന്നതിലുപരി ഇരുവരുടേയും താൽപര്യങ്ങൽ ഒന്നിച്ചുചേർത്താണ് ഇത് നിർമിച്ചിരിക്കുന്നത്. മക്കളായ വാമികക്കും ആകായ്ക്കും ഒപ്പം താര ദമ്പതികൾ മുംബൈയിലേക്ക് സ്ഥിരതാമസമാവുകയാണോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.