'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്നു. ജോമോൻ ജ്യോതിറും സമൂഹമാധ്യമത്തിലൂടെ വൈറലായ ടാൻസാനിയൻ താരം കിലി പോളും അസീസ് നെടുമങ്ങാടും അന്ന പ്രസാദും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. 'ഇന്നസെന്‍റ് 'എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആയിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ഏറെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്റർ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം. ശ്രീരാജ് എ.കെ.ഡി നിർമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്‍റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.
ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർണമായും കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് നടക്കുന്നത്.
ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ. ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈനർ: ആന്‍റണി സ്റ്റീഫൻ, പി.ആർ.ഒ: ആതിര ദിൽജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.