ഇന്ദുലേഖ
മലയാള സീരിയൽ ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ് ഇന്ദുലേഖ. ബാലതാരമായി വന്ന് 33 വർഷമായി സീരിയൽ മേഖലയിൽ സജീവ സാന്നിധ്യമായി ഇന്ദുലേഖ പ്രവർത്തിക്കുന്നുണ്ട്. ചെറിയ സീരിയലുകളിൽ തുടങ്ങി പിന്നീട് മെഗാ സീരിയലുകളുടെ ഭാഗമാവുകയായിരുന്നു. ദൂരദർശൻ കാലം മുതൽ മലയാള മിനിസ്ക്രീനിലെ സുപരിചിത മുഖമാണ് ഇന്ദുലേഖയുടേത്. എന്നാൽ, ജീവിതത്തിൽ താൻ കടുത്ത യാതനകളിലൂടെയാണ് കടന്നുപോയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ഒമ്പത് വർഷം മുമ്പ് ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇന്ദുലേഖയുടെ ഭർത്താവും സംവിധായകനുമായ ശങ്കരൻ പോറ്റി മരണമടഞ്ഞു. ചെറുപ്രായത്തിൽ തന്നെ ഭർത്താവിനെ നഷ്ടപ്പെട്ടശേഷം മകൾ ഉണ്ണിമായയായിരുന്നു ഇന്ദുലേഖയുടെ ലോകം. ഭർത്താവിന്‍റെ മരണശേഷം സമൂഹത്തെ ഭയന്നാണ് താൻ ജീവിച്ചതെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇന്ദുലേഖ പറഞ്ഞിരുന്നു.
‘ഞാൻ സമൂഹത്തെ വളരെയധികം ഭയക്കുന്ന ഒരാളാണ്. ഭർത്താവ് മരിച്ചശേഷം ഞാൻ സീരിയലിൽ അഭിനയിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് മകൾ വളരെ ചെറുതാണ്. പുറത്തേക്ക് ഇറങ്ങുമ്പോൾ ആളുകൾ ഓരോന്ന് പറയുന്നത് ഞാൻ കാണാറുണ്ട്. അതിനാൽ കാര്യങ്ങൾ നോക്കിയും കണ്ടും മാത്രമേ ചെയ്യാറുള്ളൂ. സമൂഹത്തെ ഭയന്ന് മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് പിന്നീടാണ് എനിക്ക് മനസിലായത്. നമ്മുടെ ജോലിയും ഉത്തരവാദിത്വങ്ങളും നോക്കി മുന്നോട്ടുപോയാൽ മാത്രമേ ജീവിതവും മുന്നോട്ട് പോവൂ. ഒരു വിധവയുടെ ജീവിതം ഒരിക്കലും എളുപ്പമുള്ളതല്ല. പണ്ട് ഓരോന്നൊക്കെ കേൾക്കുമ്പോൾ എനിക്ക് വിഷമം തോന്നാറുണ്ടായിരുന്നു. ഞാൻ ഒറ്റക്ക് പോയിരുന്നു കരയും. പക്ഷേ, ഇപ്പോഴങ്ങനെ എന്തെങ്കിലും കേട്ടാലും ഞാൻ കാര്യമാക്കാറില്ല. ഒഴിവാക്കി വിടും’- ഇന്ദുലേഖ പറഞ്ഞു.
സൊസൈറ്റി മുഴുവനായൊന്നും മാറിയിട്ടില്ല. ഇപ്പോഴും പഴയ രീതിയിൽ തന്നെ ചിന്തിച്ച് മുന്നോട്ട് പോകുന്നവരുണ്ട്. പഠിപ്പും വിവരമുള്ളവരാണെലും ചിലരുടെ ചിന്തകൾ പഴയ രീതിയിലാകും. എനിക്ക് അടുപ്പമുള്ളവരിൽ നിന്നുതന്നെയാണ് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത്. ഞാൻ ചെയ്തിട്ടുള്ള റോളുകൾ ഏറെയും പാവം കഥാപാത്രങ്ങളാണ് എന്നതുകൊണ്ട് ആളുകളിൽ ചിലർക്ക് എന്നോട് ഒരു സ്നേഹമുള്ളതായി തോന്നിയിട്ടുണ്ട്. എന്നാൽ, ദ്രോഹം വന്നിട്ടുള്ളത് അറിയാവുന്നവരിൽ നിന്നാണ്. ആലോലിച്ച് മാത്രമേ ഓരോരുത്തരോടും ഞാൻ അടുപ്പം സൂക്ഷിക്കാറുള്ളൂ.
എനിക്ക് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, കുടുംബത്തിന്‍റെ സാഹചര്യം കാരണം അത് നടന്നില്ല. വഴിമാറി അഭിനയത്തിലേക്കെത്തി. ഇപ്പോൾ ഞാൻ പറയാതെ തന്നെ ഡോക്ടറാകണമെന്ന ആഗ്രഹം എന്‍റെ മകൾക്കുണ്ടായിരുന്നു. വലുതാകുമ്പോൾ അത് മാറുമെന്ന് കരുതി. എന്നാൽ, ഇപ്പോൾ ആ ആഗ്രഹം സാധിക്കാൻ ഞാൻ അവളെ സപ്പോർട്ട് ചെയ്യുന്നു. സിനിമ-സീരിയൽ മേഖലയിൽ അവസരം കിട്ടാൻ പല അഡ്ജസ്റ്റ്മെന്‍റിനും തയാറാകണമെന്ന ധാരണ ആളുകൾക്കുണ്ട്. എന്നാൽ, അങ്ങനെ ഒന്നുമില്ല. നമ്മൾ ആഗ്രഹിക്കുന്നതുപോലെ നമുക്ക് നിൽക്കാൻ കഴിയും. ആരും ഫോഴ്സ് ചെയ്യില്ല. ഏത് രീതിയിൽ പോകണമെന്നത് നമ്മുടെ താൽപര്യമാണ്. അതിൽ മറ്റൊന്നുമില്ല’ -ഇന്ദുലേഖ പറഞ്ഞു.
സീരിയൽ പ്രതിഫലം കോസ്റ്റ്യൂമിന് തന്നെ ചിലവഴിക്കേണ്ട സാഹചര്യം വരാറുണ്ടോയെന്ന ചോദ്യത്തിന് സീരിയലിൽ അഭിനയിക്കുമ്പോൾ കോസ്റ്റ്യൂംസ് കണ്ടുപിടിക്കുക, വാങ്ങിക്കുക എന്നത് നടിമാർക്ക് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. പക്ഷേ, എനിക്ക് ഒരു ഭാഗ്യമുണ്ടായിട്ടുണ്ട്. പാവപ്പെട്ട വീട്ടിലെ സ്ത്രീ എന്ന റോളുകളാണ് ഏറെയും ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ വില കൂടിയ സാരിയും ആഭരണങ്ങളും വാങ്ങേണ്ടി വരാറില്ല. റിയലിസ്റ്റിക്കായിരിക്കും. അതുകൊണ്ട് എക്സ്പെൻസും വസ്ത്രത്തിന് അധികം വേണ്ട. ഓരോ സീരിയലുകൾക്കും പ്രത്യേകം വസ്ത്രങ്ങൾ മാറ്റിവെച്ചിട്ടുണ്ടെന്നും അത് റിപ്പീറ്റേഷൻ വരുന്നുവെന്ന് തോന്നിപ്പിക്കാത്ത തരത്തിൽ ധരിക്കുകയാണ് ചെയ്യാറുള്ളതെന്നും ഇന്ദുലേഖ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.