ഐ.എഫ്.എഫ്.കെ ഡെലി​ഗേറ്റ് രജിസ്ട്രേഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള (ഐ.എഫ്.എഫ്.കെ) ഡെലി​ഗേറ്റ് രജിസ്ട്രേഷൻ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. പൊതു വിഭാ​ഗത്തിന് ജി.എസ്.ടി ഉൾപ്പെടെ 1180 രൂപയും വിദ്യാർഥികൾക്ക് ജി.എസ്.ടി ഉൾപ്പെടെ 590 രൂപയുമാണ് ഡിലി​ഗേറ്റ് ഫീസ്. പൊതുവിഭാ​ഗം, വിദ്യാർഥികൾ, ഫിലിം സൊസൈറ്റി, ഫിലിം ആൻഡ് ടിവി പ്രൊഫഷണൽസ് തുടങ്ങി എല്ലാ വിഭാ​ഗങ്ങളിലേക്കും ഓൺലൈനായി രജിസ്ട്രേഷൻ നടത്താം. നേരിട്ട് രജിസ്റ്റർ ചെയ്യുന്നതിന് മേളയുടെ മുഖ്യ വേദിയായി ടാ​ഗോർ തിയറ്ററിൽ ഡെലി​ഗേറ്റ് സെൽ സജ്ജീകരിച്ചിട്ടുണ്ട്.

വിദ്യാർഥി വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്നവർ നിർബന്ധമായും കോളജ് ഐ.ഡി കാർഡിന്റെ കോപ്പി രജിസ്റ്റർ ചെയ്യുമ്പോൾ അപ്‌ലോഡ് ചെയ്യണം. ഫെസ്റ്റിവൽ സമയത്ത് ഒറിജിനൽ ഐഡി കാർഡ് കൈവശം വെക്കുകയും വേണം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഐ.എഫ്.എഫ്.കെ ഡിസംബർ 12 മുതൽ 19 വരെ വിവിധ തിയറ്ററുകളിൽ അരങ്ങേറും. സംവിധായകർ, സാങ്കേതിക പ്രവർത്തകർ, ജൂറി അം​ഗങ്ങൾ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറിൽപ്പരം അതിഥികൾ മേളയിൽ പങ്കെടുക്കും. മേളയുടെ ഭാ​ഗമായുള്ള ഓപ്പൺ ഫോറം, മീറ്റ് ദി ഡയറക്ടർ, ഇൻ കോൺവർസേഷൻ, എക്സിബിഷൻ, കലാ- സാംസ്കാരിക പരിപാടികളും അരങ്ങേറും.

ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാ​ഗം, മുൻനിര ചലച്ചിത്രമേളകളിൽ അം​ഗീകാരങ്ങൾ നേടിയ സിനിമകൾ ഉൾപ്പെടുന്ന ലോക സിനിമാ വിഭാ​ഗം, സമകാലിക ഇന്ത്യൻ സിനിമ, മലയാളം സിനിമ ഇന്ന്, കൺട്രി ഫോക്കസ് വിഭാ​ഗത്തിലുള്ള ചിത്രങ്ങൾ, മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്കു സ്മരണാഞ്ജലിയർപ്പി ഹോമേജ് വിഭാ​ഗം സിനിമകൾ 30-ാമത് ഐ.എഫ്.എഫ്.കെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

78 രാജ്യങ്ങളിൽ നിന്നുള്ള 180ൽ അധികം സിനിമകൾ പ്രദർശിപ്പിക്കും. തിരുവനന്തപുരത്തെ 14 തിയറ്ററുകളിലായാണ് പ്രദർശനങ്ങൾ നടക്കുന്നത്. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ രാത്രി 11 മണി വരെയാണ് പ്രദർശനങ്ങൾ. ഡെലിഗേറ്റ് രജിസ്ട്രേഷൻ കാർഡ് ഉള്ളവർക്ക് പ്രധാന വേദിയായ ടാഗോർ തിയറ്ററിലെ കാറ്ററിങ് കൗണ്ടറിൽ നിന്നും കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാകും. ഫെസ്റ്റിവലിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് വഴി മാത്രമേ ഡെലിഗേറ്റുകൾക്ക് സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കൂ. പ്രദർശനത്തിന്റെ തലേദിവസം വൈകുന്നേരം മുതൽ ബുക്കിങ് ആരംഭിക്കും. ടിക്കറ്റ് ബുക്കിങ് സമയക്രമം കൃത്യമായി പാലിക്കേണ്ടതുണ്ട്.

Tags:    
News Summary - IFFK delegate registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.