ജീവ നായകനായി എത്തിയ ഏറ്റവും പുതിയ തമിഴ് രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ് 'തലൈവർ തമ്പി തലൈമയിൽ'. ഗ്രാമീണ പശ്ചാത്തലത്തിൽ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ചവതരിപ്പിക്കുന്ന ഈ ചിത്രം 2026 ജനുവരി 15നാണ് തിയറ്ററുകളിൽ എത്തിയത്. ഒരു ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡന്റായ ജീവരത്നം (ജീവാ) നേരിടുന്ന രസകരമായ ഒരു പ്രതിസന്ധിയാണ് സിനിമയുടെ കാതൽ. ഒരു വീട്ടിൽ കല്യാണം നടക്കാൻ ഒരുങ്ങുമ്പോൾ തൊട്ടടുത്ത വീട്ടിൽ ഒരു മരണം സംഭവിക്കുന്നു. ഒരേ സമയം വിവാഹവും ശവസംസ്കാര ചടങ്ങുകളും നടത്തണമെന്ന് ഇരു കുടുംബങ്ങളും വാശിപിടിക്കുന്നതോടെ ഗ്രാമത്തിൽ വലിയ സംഘർഷവും ബഹളവും ഉണ്ടാകുന്നു. ഇരുവിഭാഗത്തെയും ശാന്തരാക്കി ഈ പ്രശ്നം പരിഹരിക്കാൻ ജീവരത്നം നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.
തിയറ്റർ പ്രദർശനത്തിന് ശേഷം ചിത്രം ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസിന് തയാറെടുക്കുകയാണ്. ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഫെബ്രുവരി 12 മുതൽ സ്ട്രീം ചെയ്യും. രസകരമായ തിരക്കഥയും കോമഡി രംഗങ്ങളും കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രം തമിഴ്‌നാട്ടിലെ ഈ വർഷത്തെ പൊങ്കൽ റിലീസുകളിൽ പ്രേക്ഷകപ്രിയമായി മാറിക്കഴിഞ്ഞിരുന്നു. നിതീഷ് സഹദേവ് സംവിധാനം ചെയ്ത ഈ ചിത്രം ആദ്യദിനം 1.5 കോടി രൂപയാണ് നേടിയത്. എന്നാൽ രണ്ടാം ദിവസം 93.33 ശതമാനം വർധനവോടെ 2.9 കോടി രൂപയായി ഉയർന്നു. മൂന്നാം ദിവസം 89.66 ശതമാനം വർധനവോടെ 5.5 കോടി രൂപയും ആദ്യ ഞായറാഴ്ചയും ഏതാണ്ട് ഇതേ തുക തന്നെയും ചിത്രം സ്വന്തമാക്കി.
മലയാള സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നിതീഷ് സഹദേവ്. 2018ൽ പുറത്തിറങ്ങിയ 'ഫഹദ് ഫാസിൽ' ചിത്രം 'വരത്തൻ', 'ഞാൻ പ്രകാശൻ' തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2023ൽ ബേസിൽ ജോസഫിനെ നായകനാക്കി 'ഫാലിമി' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് നിതീഷ് സ്വതന്ത്ര സംവിധായകനായി മാറിയത്. ഈ ചിത്രം വലിയ വിജയമാവുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.