ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തിയറ്ററിൽ പ്രദർശിപ്പിച്ച ചിത്രമായ ബോളിവുഡ് പ്രണയകഥ ദിൽവാലെ ദുൽഹനിയ ലേ ജായേങ്കേ (ഡി.ഡി.എൽ.ജെ) 30 വർഷം തുടർച്ചയായി പ്രദർശിപ്പിച്ചതിന്‍റെ ആഘോഷത്തിലാണ് മുംബൈയിലെ ഒരു തിയറ്റർ. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ മറാത്ത മന്ദിർ തിയറ്ററാണ് ചിത്രത്തിന്‍റെ മൂന്ന് പതിറ്റാണ്ട് ആഘോഷിക്കുന്നത്. ആദിത്യ ചോപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദിൽവാലെ ദുൽഹനിയ ലേ ജായേങ്കേ ഹിന്ദി സിനിമയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച ചിത്രമാണ്. ഷാരൂഖ് ഖാനും കജോളും അഭിനയിച്ച പ്രണയചിത്രം മറ്റ് പ്രണയചിത്രത്തിന് മാതൃകയാകുകയും ദേശീയ അവാർഡ് ഉൾപ്പെടെ മറ്റ് നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്തു.
ഡി.ഡി.എൽ.ജെ എന്ന പേരിൽ ആരാധകർക്കിടയിൽ വ്യാപകമായി അറിയപ്പെടുന്ന ചിത്രം പ്രണയത്തെ തന്നെ പുനർനിർവചിച്ചു. 1995 ഒക്ടോബർ 20നാണ് ചിത്രം പുറത്തിറങ്ങിയത്. 'ഞാൻ ഇത് ഏകദേശം 30 തവണ കണ്ടിട്ടുണ്ട്. തുടർന്നും കാണും,' ടിക്കറ്റ് വാങ്ങിയ ശേഷം 60 കാരനായ മുഹമ്മദ് ഷാക്കിർ എ.എഫ്.പി വാർത്ത ഏജൻസിയോട് പറഞ്ഞു.
'സാധാരണയായി വിദ്യാർഥികളും യുവ ദമ്പതികളുമാണ് കൂടുതലായി ഇവിടെ എത്തുന്നത്. 30 വർഷങ്ങൾക്ക് ശേഷവും ഞായറാഴ്ചകളിൽ, നിങ്ങൾക്ക് 500ഓളം ആളുകളെ കാണാൻ കഴിയും' -ബോംബെ സെൻട്രൽ സ്റ്റേഷന് സമീപമുള്ള സിനിമാശാലയുടെ മേധാവി മനോജ് ദേശായി പറഞ്ഞു. സിനിമയുടെ ക്ലൈമാക്സിൽ, നായിക ഓടുന്ന ട്രെയിനിനരികിലൂടെ ഓടി കാമുകന്റെ കൈകളിലേക്ക് എത്തുമ്പോൾ, പ്രേക്ഷകർ ആർപ്പുവിളിക്കുകയും കൈയടിക്കുകയും ചെയ്യുന്നത് ഇപ്പോഴും സാധാരണമാണെന്ന് ദേശായി പറഞ്ഞു.
സിനിമയുടെ ഒരു കടുത്ത ആരാധകൻ 20 വർഷമായി പ്രദർശനത്തിനെത്താറുണ്ടെന്നും മറ്റു ചിലർക്ക് ചിത്രം അവരുടെ പ്രണയകഥകളിൽ പങ്കുവഹിച്ചിട്ടുണ്ടെന്നും ദേശായി പറഞ്ഞു. ഒരു ദമ്പതികൾ ഡേറ്റിങ്ങിനിടെയാണ് സിനിമ കണ്ടത്. അവർ തന്നെ വിവാഹത്തിന് ക്ഷണിച്ചെന്നും ഹണിമൂണിനായി വിദേശത്തേക്ക് പോയശേഷം സിനിമ കാണാൻ തിരിച്ചുവന്നതായും ദേശായി കൂട്ടിച്ചേർത്തു.
2015ൽ ചിത്രത്തിന്റെ ദൈനംദിന പ്രദർശനങ്ങൾ ഏതാണ്ട് നിർത്തലാക്കിയിരുന്നു. എന്നാൽ ആരാധകരുടെ ആവശ്യം കാരണം തീരുമാനം മാറ്റിയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. പരമ്പരാഗതവും ആധുനികവുമായ മൂല്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന ഒരു രാജ്യത്ത് ചിത്രത്തിന് എപ്പോഴും ആകർഷണീയത ഉണ്ടാകുമെന്ന് ചലച്ചിത്ര നിരൂപകൻ ബരദ്വാജ് രംഗൻ പറഞ്ഞു.
'ഇന്ത്യൻ സംസ്കാരത്തിലെ ഒരു പ്രത്യേക ഘട്ടത്തെ ചിത്രം പ്രതിനിധീകരിക്കുന്നു. അതുകൊണ്ടാണ് ഇത് ഇപ്പോഴും സ്നേഹിക്കപ്പെടുന്നത്. രണ്ട് തലമുറകൾ തമ്മിലുള്ള സംഘർഷത്തെ ചിത്രം തികച്ചും പകർത്തി. സിനിമ ഒരുതരം സാംസ്കാരിക സ്മാരകമായി മാറിയിരിക്കുന്നു. ഇത് എന്നെന്നേക്കുമായി പ്രദർശിപ്പിക്കുമെന്ന് ഞാൻ കരുതുന്നു' -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.