കുറുപ്പ് കണ്ടു, എല്ലാം വ്യക്​തമെന്ന്​ ചാക്കോയുടെ മകൻ; 'ലോകം അറിയേണ്ട കാര്യങ്ങളാണ് സിനിമയിലുള്ളത്​'

റിലീസ്​ ചെയ്യാനിരിക്കുന്ന 'കുറുപ്പ്' സിനിമയെപറ്റിയുള്ള ഒരു വിവാദത്തിന്​ അന്ത്യമാകുന്നു.നേരത്തേ സിനിമക്കെതിരേ രംഗത്തുവന്ന ചാക്കോയുടെ കുടുംബം സിനിമ കണ്ടതോടെ നിലപാട്​ മയപ്പെടുത്തി.സുകുമാരക്കുറിപ്പ്​ കൊലപ്പെടുത്തിയ ആളാണ്​ ചാക്കോ. കുറിപ്പിന്‍റെ പോസ്റ്ററും ടീസറും പുറത്തിറങ്ങിയതിന് പിന്നാലെ വന്‍വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സിനിമ കൊലപാതകിയെ മഹത്വവത്ക്കരിക്കുകയാണെന്നായിരുന്നു പ്രധാന വിമര്‍ശനം.


സിനിമക്കെതിരെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ മകന്‍ ജിതിനും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ കുറുപ്പ് സിനിമ കണ്ടതായും എല്ലാവരും കാണണമെന്നും ജിതിന്‍ പറയുന്നു. തന്റെ അപ്പനെ കൊന്നതിനപ്പുറം നിരവധി ക്രൂരതകള്‍ കുറുപ്പ് ചെയ്തതായി മനസിലായെന്നും ജിതിന്‍ ചാക്കോ പറഞ്ഞു. ചിത്രത്തെപ്പറ്റി ഇപ്പോള്‍ പുറത്തുവരുന്ന അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ഈ ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങള്‍ സിനിമയിൽ ഉണ്ടെന്നും ജിതിന്‍ വ്യക്തമാക്കി.

കുറുപ്പ് എന്നൊരു സിനിമ ഇറങ്ങുകയാണെന്ന് ആദ്യം അറിഞ്ഞപ്പോള്‍ വളരെയധികം ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഒരുപാട് ആരാധിക്കുന്ന ദുല്‍ഖര്‍ സല്‍മാനാണ് ആ വേഷം ചെയ്യുന്നതെന്നുകൂടി അറിഞ്ഞപ്പോള്‍ ദേഷ്യവും സങ്കടവും വര്‍ധിച്ചു.പിന്നാലെ ടീസര്‍ വന്നപ്പോള്‍ ഇതൊരു കൊലയാളിയെ ന്യായീകരിക്കുന്ന ചിത്രമാണെന്ന് ഉറപ്പിച്ചു. അങ്ങനെ ചിത്രത്തിനെതിരെ കേസുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുമ്പോഴാണ് കുറുപ്പിന്‍റെ അണിയറ പ്രവര്‍ത്തകര്‍ വിളിക്കുന്നത്.


ഒരിക്കലും കുറുപ്പിനെ ന്യായീകരിക്കുന്ന സിനിമയല്ല ഇതെന്ന് അവര്‍ പറഞ്ഞു. ഞങ്ങളെ അത് ബോധ്യപ്പെടുത്തുന്നതിന്​ സിനിമ കാണിക്കാം എന്ന് അവര്‍ ഉറപ്പു നല്‍കി. അങ്ങനെ ഞങ്ങള്‍ എറണാകുളത്ത് പോയി സിനിമ കണ്ടു. ആ സിനിമ കണ്ടപ്പോള്‍ എനിക്ക് മനസിലായി, വായിച്ചറിഞ്ഞതിനേക്കാള്‍ അധികം കാര്യങ്ങള്‍ അതിലുണ്ട്. ലോകം അറിയേണ്ട കാര്യമാണ് അതെല്ലാം. സുകുമാര കുറുപ്പ് എന്ന വ്യക്തിയെ ഹീറോ ആക്കിയോ കഥയെ വളച്ചൊടിച്ചോ അല്ല സിനിമ ചെയ്തിരിക്കുന്നത്. പൂര്‍ണമായും യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സിനിമ. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ മുമ്പ്​ എനിക്ക് അവരോടുണ്ടായിരുന്ന ദേഷ്യമൊക്കെ മാറി.

'ആദ്യമേ ഈ സിനിമകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് അവര്‍ മനസിലാക്കിത്തന്നിരുന്നെങ്കില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഞങ്ങളുടെ ആവശ്യം അവര്‍ അംഗീകരിച്ചു. ഞാന്‍ മാത്രമല്ല ഈ ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങള്‍ ആ സിനിമയ്ക്കകത്ത് ഉണ്ട്. അപ്പന്‍റെ കൊലയാളി നാളെ സമൂഹത്തിനുമുന്നില്‍ ഹീറോയാകാന്‍ പാടില്ല എന്ന് മാത്രമായിരുന്നു എന്‍റെ ആവശ്യം. അതില്ല എന്ന് സിനിമ കണ്ടപ്പോള്‍ എനിക്ക് മനസിലായി' -ജിതിന്‍ പറയുന്നു.

ജിതിന്‍ കെ. ജോസിന്‍റെ കഥക്ക്​ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്​ ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി. ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Tags:    
News Summary - i saw kurup movie, its a must watch; son of chacko

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.