പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സർക്കാറും സംഘടനയും നിലപാടിൽ ഉറച്ചതോടെ മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തുന്ന സമരത്തിൽ പെറുതിമുട്ടി രോഗികൾ. അടിയന്തര ശസ്ത്രക്രിയകൾക്ക് തടസ്സമുണ്ടാവാകാതെയാവും സമരമെന്നാണ് നേതൃത്വം നൽകുന്ന കെ.ജി.എം.സി.ടി.എ പ്രഖ്യാപിച്ചതെങ്കിലും പൂർണമായും അങ്ങനെയല്ല നടക്കുന്നത്. സാധാരണ നടക്കേണ്ടതിന്റെ പകുതി അടിയന്തര ശസ്ത്രക്രിയകൾ പോലും വെള്ളിയാഴ്ചയും നടന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിൽ എ,ബി തിയറ്ററുകളിലായി ദിവസം 35-40 ശസ്ത്രക്രിയകൾ നടന്നുവന്നിരുന്നെങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒന്നുപോലും നടന്നില്ല. സൂപ്പർ സ്പെഷാലിറ്റിയിൽ സാധാരണഗതിയിൽ 12-15 ശസ്ത്രക്രിയകളാണ് നടന്നിരുന്നത്. എന്നാൽ 19ന് രണ്ടും വെള്ളിയാഴ്ച ആറും ശസ്ത്രക്രിയകളാണ് നടന്നത്.
എസ്.എ.ടി ആശുപത്രിയിൽ സാധാരണ 30-35 ശസ്ത്രക്രിയകളാണ് നടക്കാറ്. എന്നാൽ 2-5 ശസ്ത്രക്രിയകളാണ് ഊ സമരദിവസങ്ങളിൽ നടന്നത്. മറ്റ് സർക്കാർ മെഡിക്കൽ കോളജുകളിലും ഇതേ അവസ്ഥ തന്നെയാണ്. സമരം ശക്തമാക്കുമെന്ന് സംഘടന അറിയിച്ചതോടെയാണ് ഡയസ്നോൺ പ്രഖ്യാപിച്ച് സമരത്തെ നേരിടാൻ സർക്കാർ തീരുമാനിച്ചത്. എല്ലാ മെഡിക്കൽ കോളജുകളിലെയും ഹാജർ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥന് നിർദ്ദേശം നൽകി. എന്നാൽ മെഡിക്കൽ കോളജുകളിൽനിന്ന് വകുപ്പ് മേധാവികൾ ഹാജർ പട്ടിക നൽകാൻ കൂട്ടാക്കിയില്ല. ഇതോടെ ഡോക്ടർമാരും സർക്കാറും തമ്മിൽ തുറന്ന പോരിന് കളമൊരുങ്ങിയിരികുകയാണ്. ഒ.പി ബഹിഷ്കരണത്തിലായതിനാൽ പി.ജി ഡോക്ടർമാരാണ് രോഗികളെ പരിശോധിക്കുന്നത്. ഇത് അമിതഭാരമാണെന്നും തങ്ങളും സമരത്തിന് ഇറങ്ങുമെന്നും പി.ജി ഡോക്ടർമാരും ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
ഇതിനിടെ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറാകണമെന്നും സമരക്കാരുമായി സർക്കാർ ചർച്ചക്ക് തയാറാകണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. വർഷങ്ങളായിയി നേരിടുന്ന അവഗണനക്കെതിരെ നിരന്തരം സർക്കാറിനോട് ആവശ്യങ്ങൾ ഉന്നയിച്ചിട്ടും അനുകൂല തീരുമാനം എടുക്കാതെ ഡോക്ടർമാരെ സമരത്തിലേക്ക് തള്ളിവിട്ടത് അക്ഷരാർഥത്തിൽ രോഗികളോടുള്ള സർക്കാറയന്റെ വെല്ലുവിളിയാണെന്നും അവർ കുറ്റപ്പെടുത്തി.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.ജി.എം.സി.ടി.എ നടത്തിവരുന്ന സമരം ഒഴിവാക്കാൻ സംഘടന ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് എത്രയും വേഗം ഒത്തുതീർപ്പാക്കാൻ സർക്കാർ തയാറാകണമെന്ന് കെ.ജി.എം.ഒ.എയും ആവശ്യപ്പെട്ടു.
മെഡിക്കൽ കോളേജ് അധ്യാപകരുടെ ശമ്പള പരിഷ്കരണത്തിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കുക, ശമ്പളപരിഷ്കരണ കുടിശ്ശിക കൃത്യമായി ലഭ്യമാക്കുക, സേവന വേതന പാക്കേജുകൾ കാലാനുസൃതമായി പുതുക്കുക തുടങ്ങിയ ആവശ്യങ്ങൾ തികച്ചും ന്യായമാണ്. ആരോഗ്യമേഖലയുടെ നട്ടെല്ലായ മെഡിക്കൽ കോളജുകളിൽ ആവശ്യത്തിന് തസ്തികകൾ സൃഷ്ടിക്കാത്തതും നിലവിലുള്ളവർക്ക് അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നതും അംഗീകരിക്കാനാവില്ല. ശാസ്ത്രീയമായ രീതിയിൽ തസ്തികകൾ പുനർനിർണയിക്കണമെന്ന കെ.ജി.എം.സി.ടി.എയുടെ ആവശ്യം സർക്കാർ അടിയന്തരമായി പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഡയസ്നോൺ രോഗികളോടുള്ള വെല്ലുവിളി’
ഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ സമരത്തിനെതിരായ സർക്കാറിന്റെ ഡയസ്നോൺ പ്രഖ്യാപനം രോഗികളോടുള്ള വെല്ലുവിളിയാണെന്ന് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) ആരോപിച്ചു. അധ്യാപന ബഹിഷ്കരണവും ഒ.പി ബഹിഷ്കരണവും നേരത്തെ നിശ്ചയിച്ചുറപ്പിച്ച ശസ്ത്രക്രിയകളുടെ ബഹിഷ്കരണവും മാത്രമാണ് സമരത്തിന്റെ ഭാഗമായി നടക്കുന്നത്. അവശ്യ സേവനങ്ങളായ അത്യാഹിത വിഭാഗം, ലേബർ റൂം, ഐ.സി.യു, ഐ.പി ചികിത്സ, മറ്റ് അടിയന്തര ചികിത്സകൾ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റുമോർട്ടം എന്നിവയെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കെ.ജി.എം.സി.ടി.എ ഭാരവാഹികളായ ഡോ. ഫ്രെഡറിക്പോൾ, ഡോ സൗമ്യപ്രകാശ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.