ഇൻഡി
നായുടെ കണ്ണുകളിലൂടെ ഭയത്തെ തുറന്നുകാണിക്കുന്ന പുത്തൻ ഹൊറർ ചിത്രമാണ് 'ഗുഡ് ബോയ്'. ചിത്രം പ്രേക്ഷകരെ ഒരേസമയം ആകർഷിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. സംവിധായകൻ ബെൻ ലിയോൻബർഗ് തന്റെ നായ് ഇൻഡിയെ ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമാക്കിയിരിക്കുന്നത്.
മൂന്നു വർഷം നീണ്ട ചിത്രീകരണത്തിൽ ലിയോൻബർഗും ഭാര്യ കാരി ഫിഷറും ഇൻഡിയുടെ സ്വാഭാവിക പ്രതികരണങ്ങൾ പകർത്തുകയായിരുന്നു. “അവന്റെ കണ്ണടയ്ക്കാത്ത തുറിച്ചു നോട്ടം, തല ചായ്ച്ച് നോക്കുന്ന ചലനം, അന്വേഷണാത്മക നോട്ടങ്ങൾ.. അതെല്ലാം തന്നെയാണ് ചിത്രത്തിന്റെ ശക്തി” -സംവിധായകൻ പറഞ്ഞു. 'പോൾട്ടർഗൈസ്റ്റ് എന്ന ചിത്രത്തിലെ നായയെ കണ്ടപ്പോഴാണ് ഈ സിനിമയുടെ ആശയം വന്നത് എന്നും നായയുടെ കാഴ്ചപ്പാടിൽ നിന്നൊരു ഹൊറർ കഥ പറയാം എന്ന് തോന്നിയത്' എന്നും സംവിധായകൻ ബെൻ ലിയോൻബർഗ് പറഞ്ഞു.
ടോഡ് (ഷെയ്ൻ ജെൻസൻ) തന്റെ പിതാമഹന്റെ പഴയ വീട്ടിലേക്ക് താമസം മാറുന്നു. അവിടെ ദുരാത്മാവിന്റെ സാന്നിധ്യം ആദ്യം തിരിച്ചറിയുന്നത് ടോഡിന്റെ വിശ്വസ്തനായ നായ ഇൻഡിയാണ്. ഉടമക്ക് മുന്നറിയിപ്പ് നൽകാൻ ശ്രമിക്കുന്ന ഇൻഡിയുടെ ഭയം, നിശബ്ദത, വികാരങ്ങൾ എല്ലാം ചിത്രത്തിലുണ്ട്.
സൗത്ത് ബൈ സൗത്ത് വെസ്റ്റ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ‘ഗുഡ് ബോയ്’ മികച്ച പ്രതികരണം നേടി. ഫിലിം ഇൻഡസ്ട്രി വെബ്സൈറ്റായ ഇൻഡിവയർ 'ഇൻഡി' എന്ന നായെ “തന്റെ തലമുറയിലെ ഏറ്റവും വികാരാധീനനായ നടൻ” എന്ന് വിശേഷിപ്പിച്ചു. ഹോളിവുഡ് റിപ്പോർട്ടറും ചിത്രത്തിന് മികച്ച അഭിപ്രായമാണ് നൽകിയത്.
വെള്ളിയാഴ്ച അമേരിക്കയിൽ റിലീസ് ചെയ്ത ഗുഡ് ബോയ് ഒക്ടോബർ 10ന് യു.കെയിലും റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.