അത്തം പിറന്നതോടെ ഓണം വൈബിലാണ് ഓരോ മലയാളിയും. പൂവിപണിയും വസ്‌ത്രവിപണിയും പഴം പച്ചക്കറി വിപണിയുമെല്ലാം പൊടിപൊടിക്കുമ്പോള്‍ ഒപ്പം ഓണം കളറാക്കാന്‍ ഒരുപിടി ചിത്രങ്ങളും എത്തുകയാണ്. സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന നാല് മലയാള ചിത്രങ്ങളാണ് ഇത്തവണ തിയറ്ററുകളില്‍ റിലീസിനെത്തുന്നത്. മോഹന്‍ലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ 'ഹൃദയപൂര്‍വ്വം', കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോ വേഷത്തില്‍ എത്തുന്ന 'ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര', ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്‌ത 'ഓടും കുതിര ചാടും കുതിര', ഹൃദു ഹാറൂണ്‍- പ്രീതി മുകുന്ദന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'മേനേ പ്യാര്‍ കിയ' എന്നീ ചിത്രങ്ങളാണ് ഓണത്തിന് തിയറ്ററുകളില്‍ എത്തുന്നത്.
ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിച്ച് മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവമാണ് ഇത്തവണത്തെ ഓണം റിലീസ് ചിത്രങ്ങളിൽ മുൻപന്തിയിൽ. നീണ്ട ഇടവേളക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ആഗസ്റ്റ് 28ന് തിയറ്ററിലെത്തും. മാളവികാ മോഹനും, സംഗീതയുമാണ് ചിത്രത്തിലെ നായികമാർ. സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്. അഖില്‍ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാല്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ലോക-ചാപ്റ്റര്‍ വണ്‍: ചന്ദ്ര. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം നിർമിച്ചത്. ലോക എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണിത്. കല്യാണിയെ കൂടാതെ നസ്ലനും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഡൊമിനിക് അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. ആഗസ്റ്റ് 28നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന സംഗീതവും കൊണ്ട് പ്രേക്ഷകരെ ആകർഷിച്ച ട്രെയ്‌ലർ, ആക്ഷൻ, ത്രിൽ, വൈകാരിക നിമിഷങ്ങൾ, ഫൺ, സസ്പെൻസ് എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.
ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. കല്ല്യാണി പ്രിയദർശനാണ് നായിക. ഓണം റിലീസായി എത്തുന്ന കല്ല്യാണിയുടെ രണ്ടാമത്തെ ചിത്രമാണിത്. ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ്ജും സംഗീതം ജെസ്റ്റിൻ വർഗ്ഗീസും എഡിറ്റിങ് അഭിനവ് സുന്ദർ നായികും നിർവ്വഹിക്കുന്നു. ആഗസ്റ്റ് 29 ന് ചിത്രം തിയറ്ററുകളിലെത്തും.
സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിച്ച് നവാഗതനായ ഫൈസൽ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മേനേ പ്യാർ കിയ'. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി,മിദൂട്ടി,അർജുൻ, ജഗദീഷ് ജനാർദ്ദനൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ, മൈം ഗോപി, ബോക്സർ ദീന, ജീവിൻ റെക്സ, ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ എന്നിവരും ചിത്രത്തിലുണ്ട്. ചിത്രം റൊമാന്‍റിക് കോമഡി ത്രില്ലറാണെന്നാണ് റിപ്പോര്‍ട്ട്. മേനേ പ്യാര്‍ കിയ ആഗസ്റ്റ് 29ന് തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.