അവസാനം പൃഥ്വിരാജും പോസ്റ്റർ പങ്കുവച്ചു; 'ഗോൾഡ്' റിലീസ് പ്രഖ്യാപിച്ച് അണിയറക്കാർ

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്-നയൻതാര ചിത്രം ഗോൾഡിന്റെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്. ഗോൾഡ് ഡിസംബർ ഒന്നിന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പുതിയ റിലീസ് പ്രഖ്യാപിച്ചതിനുശേഷം ആദ്യമായിട്ടാണ് നടൻ പൃഥ്വിരാജ് ഗോൾഡിന്റെ പോസ്റ്റർ പങ്കുവക്കുന്നത്. ഗോൾഡിന്റെ റിലീസ് നീണ്ട് പോയതിൽ അസംതൃപ്തിയുണ്ടെന്നും ഇതെ തുടർന്നാണ് പൃഥ്വരാജ് ചിത്രത്തിന്റെ പോസ്റ്ററുകൾ പങ്കുവക്കാത്തതുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഓണത്തിന് തിയറ്ററുകളിൽ എത്തിക്കാനിരുന്ന ചിത്രമായിരുന്നു ഗോൾഡ്. ചില സാങ്കേതിക പ്രശ്നങ്ങളും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതിനെയും തുടർന്നാണ് സിനിമയുടെ റിലീസ് നീണ്ടുപോയത്. കഴിഞ്ഞ ദിവസം നിർമതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് ഗോൾഡിന്റെ റിലീസ് പ്രഖ്യാപിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സഹബാനറിൽ സുപ്രിയ മേനോനോടൊപ്പം ചേർന്നാണ് ലിസ്റ്റിൻ ഗോൾഡ് നിർമിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രേയിംസാണ് ഗോൾഡ് തിയറ്ററുകളിൽ എത്തിക്കുന്നത്. ദി ടീം എന്ന സിനിമ വിതരണ കമ്പനിയാണ് ചിത്രം തമിഴ്നാട്ടിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ ഒ.ടി.ടി അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി. സൺ നെറ്റ്വർക്കിനാണ് സാറ്റ്ലൈറ്റ് അവകാശം.


ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോൾഡിൽ അവതരിപ്പിക്കുന്നത്. നയൻതാരയെത്തുന്നത് സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ്. ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്ത് വിട്ടിരുന്നു. ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്, ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

അൽഫോൺസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ കഥ, എഡിറ്റിങ്, സംഘട്ടനം, വിഎഫ്എക്സ്, ആനിമേഷൻ, കളർ ഗ്രേഡിങ് തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രേമം ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമെത്തുന്ന അൽഫോൺസ് പുത്രൻ ചിത്രമെന്ന പ്രത്യേകതയും ഗോൾഡിനുണ്ട്. അൽഫോൺസിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ഗോൾഡ്. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ നേരം, പ്രേമം എന്നിവയായിരുന്നു അൽഫോൺസിന്റെ ആദ്യ രണ്ട് ചിത്രങ്ങൾ.

Tags:    
News Summary - Finally Pritviraj Shared His Gold Movie Poster After it get U Certificate From Censor Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.