2026ലെ ആദ്യ വമ്പൻ ബ്ലോക്ക്ബസ്റ്ററായി മാറിയിരിക്കുകയാണ് രൺവീർ സിങ് ചിത്രം ധുരന്ധർ: ദ റിവഞ്ച്. സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു കൊണ്ട് ചിത്രം മുന്നേറുകയാണ്. ആദ്യ വാരാന്ത്യത്തിൽ തന്നെ ആഗോളതലത്തിൽ 691.32 കോടി രൂപ ചിത്രം നേടിക്കഴിഞ്ഞു. വെറും നാല് ദിവസം കൊണ്ട് 500 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും ധുരന്ധർ സ്വന്തമാക്കി.
റിലീസ് ചെയ്ത ആദ്യ ഞായറാഴ്ച മാത്രം ഇന്ത്യയിൽ നിന്ന് 115 കോടി രൂപയാണ് ചിത്രം വാരിയത്. ഇതോടെ നാല് ദിവസം കൊണ്ട് ഇന്ത്യയിലെ ആകെ കലക്ഷൻ 454 കോടി രൂപയായി. ആമിർ ഖാന്റെ ദംഗൽ (387 കോടി), ബാഹുബലി 1 (421 കോടി) എന്നീ ചിത്രങ്ങളുടെ ലൈഫ് ടൈം കലക്ഷനെ വെറും നാല് ദിവസം കൊണ്ടാണ് ധുരന്ധർ മറികടന്നത്. നിലവിൽ പുഷ്പ 2 വിന് പിന്നിലായി ഏറ്റവും വലിയ രണ്ടാമത്തെ ഇന്ത്യൻ ഓപ്പണിങ് എന്ന നേട്ടവും ഈ ചിത്രത്തിനാണ്.
ആദിത്യ ധർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രൺവീർ സിങ്ങിനൊപ്പം ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, സാറ അർജുൻ, രാകേഷ് ബേദി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം 1000 കോടി കടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വരും ദിവസങ്ങളിലെ പ്രകടനം കൂടി വിലയിരുത്തി ചിത്രം 2000 കോടി ക്ലബ്ബിൽ ഇടംപിടിക്കുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.
ധുരന്ധർ ഫ്രാഞ്ചൈസിയിലെ സിനിമകൾ തുടക്കം മുതൽ ഒടുക്കം വരെ ആവേശം നിറക്കുന്ന ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. ചിത്രത്തിലെ അമിതമായ അക്രമരംഗങ്ങൾ ചിലയിടങ്ങളിൽ വിമർശനത്തിന് കാരണമായെങ്കിലും ആക്ഷൻ പ്രേമികൾക്ക് ഇതൊരു വിരുന്നായിരുന്നു. സംവിധായകൻ ആദിത്യ ധർ ആക്ഷൻ ടീമിന് നൽകിയ പൂർണ്ണ സ്വാതന്ത്ര്യമാണ് ഈ സിനിമയെ ഇത്രത്തോളം വയലന്റ് ആക്കിയതെന്ന് ഐജാസ് ഗുലാബ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.