ഓണം റിലീസില്ല; ദുൽഖർ ചിത്രം 'ഐ ആം ഗെയിം' റിലീസ് മാറ്റി, പുതിയ റിലീസ് തീയതി അറിയാം

കൊച്ചി: നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ഐ ആം ഗെയിമി'ന്റെ റിലീസ് തീയതി മാറ്റി. ഓണം റിലീസായി ആഗസ്റ്റ് 20-ന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം സെപ്റ്റംബർ മൂന്നിനാകും പ്രേക്ഷകരിലേക്ക് എത്തുക. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ദുൽഖർ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

ചിത്രത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകരോട് റിലീസ് വൈകുന്നതിൽ ദുൽഖർ ക്ഷമ ചോദിച്ചു. "കാത്തിരിപ്പ് കുറച്ചുകൂടി നീളുമെങ്കിലും ഗെയിം വലുതാകും" എന്നാണ് താരം കുറിച്ചത്. ചിത്രം ആവശ്യപ്പെടുന്ന കാൻവാസ്, റീച്ച്, മികച്ച തിയറ്റർ അനുഭവം എന്നിവ മുൻനിർത്തിയാണ് റിലീസ് മാറ്റിയതെന്ന് അണിയറപ്രവർത്തകർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തുക.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിനും ആദ്യ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളം സിനിമാപ്രേമികൾക്ക് പുത്തൻ അനുഭവമാകുന്ന സ്റ്റൈലിഷ് ഫാൻ്റസി ത്രില്ലറായാണ് 'ഐ ആം ഗെയിം' ഒരുങ്ങുന്നത്. മെഗാ സ്റ്റൈലിഷ് മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കോരിത്തരിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങളും വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും ചിത്രത്തിലുണ്ടാകുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

'ആർ.ഡി.എക്‌സ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ലോക' എന്ന ചിത്രത്തിന് ശേഷം വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ 40-ാം ചിത്രം കൂടിയാണിത്. ആന്റണി വർഗീസ്, തമിഴ് സംവിധായകനും നടനുമായ മിഷ്‌കിൻ, കയാദു ലോഹർ, കതിർ, പാർഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Tags:    
News Summary - Dulquer Salmaan Starrer 'I Am Game' Release Postponed to September 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.