സിനിമയുടെ വിജ്ഞാനകോശത്തിന് വിട; ജോൺപോൾ ഇനി ഓർമകളിൽ

ഇന്ന് ലോക പുസ്തക ദിനമാണ്. സിനിമയുടെ ഒരു മഹാ വിജ്ഞാനകോശം അടഞ്ഞിരിക്കുന്നു. അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍ പോളിനെ ഒറ്റവാക്കിൽ ഇങ്ങനെ പരിചയപ്പെടുത്താം. എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, നടന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ പോകുന്നു ജോണ്‍ പോളിന്‍റെ സവിശേഷതകൾ. നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. സിനിമ സംബന്ധമായി നിരവധി പുസ്തകങ്ങളും അദ്ദേഹത്തിന്റേതായി വന്നിട്ടുണ്ട്.

എറണാകുളം സ്വദേശിയായിരുന്നു. അധ്യാപകനായിരുന്ന ഷെവലിയർ പുതുശ്ശേരി വർക്കി പൗലോസിന്‍റെയും മുളയരിക്കൽ റബേക്കയുടേയും മകനായി 1950ൽ ഒക്ടോബർ 29നാണ് ജോൺപോളിന്റെ ജനനം. എറണാകുളം സെന്‍റ് ആൽബർട്സ് സ്കൂൾ, സെന്‍റ് അഗസ്റ്റിൻ സ്കൂൾ, പാലക്കാട് ചിറ്റൂർ ഗവണ്‍മെന്‍റ് സ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോളജ് വിദ്യാഭ്യാസം എറണാകുളം മഹാരാജാസില്‍. പ്രീഡിഗ്രിയും ബിരുദവും തുടർന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഇവിടെ പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ഹ്രസ്വചിത്രങ്ങള്‍ക്കും ഡോക്കുമെന്‍ററികള്‍ക്കും പരസ്യങ്ങൾക്കും വേണ്ടി രചന നിര്‍വഹിച്ചു. പതിനൊന്ന് വർഷം കാനറ ബാങ്കിൽ ജോലി ചെയ്തു. ഐ വി ശശി സംവിധാനം ചെയ്ത 'ഞാന്‍, ഞാന്‍ മാത്രം' എന്ന ചിത്രത്തിന് കഥയെഴുതിയാണ് സിനിമയിലേക്കുളള വരവ്. പിന്നെ സിനിമയിൽ സജീവ സാന്നിധ്യമായി.

മലയാളത്തിൽ സമാന്തര–വിനോദ സിനിമകളെ സമന്വയിപ്പിച്ചതിൽ വലിയ പങ്കു വഹിച്ച പ്രതിഭയാണ് ജോൺ പോൾ. സിനിമയുടെ അതിരുകൾ ഭേദിച്ച് എഴുത്തിലും പ്രഭാഷണങ്ങളിലും ഒക്കെ ജോൺ​ പോൾ നിറഞ്ഞുനിന്നു.

മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ 'എം.ടി ഒരു അനുയാത്ര', പ്രതിഷേധം തന്നെ ജീവിതം, എന്റെ ഭരതൻ തിരക്കഥകൾ, സ്വസ്തി, കാലത്തിനു മുമ്പേ നടന്നവർ, ഇതല്ല ഞാൻ ആഗ്രഹിച്ചിരുന്ന സിനിമ, കഥയിതു വാസുദേവം, സൃഷ്ടിയുടെ കഥ സൃഷ്ടാവിന്റെയും, മധു- ജീവിതവും ദർശനവും, വിസ്മയാനുഭൂതികളുടെ പുരാവൃത്തം, പവിത്രം ഈ സ്മൃതി, പ്രതിഭകൾ മങ്ങുന്നത് എന്തുകൊണ്ട്, സിനിമയുടെ ആദ്യ നാൾവഴികളിലൂടെ, വിഗ്രഹ ഭഞ്ജകർക്കൊരു പ്രതിഷ്ഠ, മോഹനം ഒരുകാലം, രചന, മുഖ്യധാരയിലെ നക്ഷത്രങ്ങൾ, സ്മൃതി ചിത്രങ്ങൾ, വസന്തത്തിന്റെ സന്ദേശവാഹകൻ തുടങ്ങിയവ പ്രധാന പുസ്തകങ്ങളാണ്. സിനിമ നിരൂപണങ്ങൾക്ക് ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ ജോൺ പോളിനെ തേടി എത്തിയിട്ടുണ്ട്.

എം.ടി ഒരു അനുയാത്ര എന്ന പുസ്തകത്തിന് മികച്ച സിനിമാഗ്രന്ഥത്തിനുളള സംസ്ഥാന സർക്കാരിന്‍റെ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 72ാം വയസിൽ ജോൺപോൾ മടങ്ങുമ്പോൾ വെള്ളിത്തിരക്കും ഉപരിയായി അദ്ദേഹത്തിന്റെ അക്ഷരങ്ങൾ ജ്വലിച്ചുനിൽക്കുമെന്ന് തീർച്ച.

Tags:    
News Summary - Farewell to the encyclopedia of cinema; John Paul is no longer in memory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.