കാളികാവ്: ഇതര മതസ്ഥരായ മൂന്ന് അനാഥകളെ സംരക്ഷിച്ച കാളികാവ് അടക്കാകുണ്ടിലെ തെന്നാടൻ സുബൈദയുടെ ജീവിതകഥ പറയുന്ന ‘എന്ന് സ്വന്തം ശ്രീധരൻ’ സിനിമയുടെ ആദ്യപ്രദർശനം ഈ മാസം 18ന് കാളികാവ് ബി.ബി ഓഡിറ്റോറിയത്തിൽ നടക്കും.
മാനവമൂല്യങ്ങളുടെയും സ്നേഹത്തിന്റെയും കഥപറയുന്ന സിനിമ മലയാളികളുടെ നന്മയുടെ നേർചിത്രമാണെന്ന് സംവിധായകൻ സിദ്ദീഖ് പറവൂരും സഹപ്രവർത്തകരും വാർത്തസമ്മേളനത്തിൽ പറഞ്ഞു. സുബൈദയുടെ സ്വന്തം നാടായ കാളികാവിൽതന്നെ ആദ്യപ്രദർശനം നടത്തിയതിന് ശേഷം ചിത്രത്തിന്റെ റിലീസിങ്ങിനാണ് തീരുമാനം.
18ന് രാവിലെ 9.30ന് തുടങ്ങുന്ന പരിപാടി വൈകുന്നേരം 8.30 വരെ ഏഴ് പ്രദർശനങ്ങളാണുണ്ടാവുക. ഇതിനായി ബി.ബി ഓഡിറ്റോറിയത്തിൽ താൽക്കാലിക തിയറ്റർ നിർമിക്കും. സിനിമയിൽ മുഖ്യവേഷമിടുന്ന സിനിമ-നാടക നടി നിലമ്പൂർ ആയിഷയെ ആദരിക്കും. 2023ലെ മികച്ചനടിക്കും മികച്ച ചിത്രത്തിനുമുള്ള സത്യജിത് റേ ഗോൾഡൻ ആർക് അവാർഡുകൾ സിനിമക്ക് ലഭിച്ചിട്ടുണ്ട്. സംവിധായകൻ സിദ്ദീഖ് പറവൂർ, അസോസിയേറ്റ് ഡയറക്ടർ ഫസലുൽ ഹഖ്, കോഓഡിനേറ്റർ കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി, കരുവത്തിൽ റഷീദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.