തീയറ്റർ വിജയത്തിന് ശേഷം എമ്പുരാന്‍ ഒ.ടി.ടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

തിയറ്ററിൽ വൻ വിജയം നേടിയ ശേഷം മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഒ.ടി.ടിയിൽ എത്തുന്നു. മാർച്ച് 27നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യ ദിനത്തിൽ 67 കോടിയിലധികം നേടിയ സിനിമ നിലവിൽ 250 കോടിയിലധികം നേടി കഴിഞ്ഞു. എമ്പുരാൻ ഏപ്രിൽ 24 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യാൻ തുടങ്ങുമെന്ന് മോഹൻലാൽ അറിയിച്ചു.

വമ്പൻ ഹൈപ്പിലെത്തിയ ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ്. മലയാളത്തിലെ തന്നെ ആദ്യ ഐമാക്സ‌് ചിത്രം കൂടിയാണ് എമ്പുരാൻ. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ, സുഭാസ്‌കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം നിർമിച്ചത്.

ചിത്രത്തിലെ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ വിവാദമായിരുന്നു. ഒടുവിൽ, സിനിമ 24 ഇടത്ത് വെട്ടിയാണ് സിനിമ വീണ്ടും തിയേറ്ററുകളിലെത്തിച്ചത്. സിനിമക്കെതിരെ സംഘപരിവാർ സംഘടനകളുടെ ഭാഗത്തുനിന്നും രൂക്ഷ വിമർശനമുണ്ടായ സാഹചര്യത്തിലാണ് റീ സെൻസർ ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. റീ എഡിറ്റ് ചെയ്ത പതിപ്പ് ആയിരിക്കും ഒ.ടി.ടിയില്‍ എത്തുക എന്ന് ചിത്രത്തിന്‍റെ എഡിറ്റര്‍ അഖിലേഷ് മോഹന്‍ സ്ഥിരീകരികരിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരായ അതിക്രമ സീനുകള്‍ മുഴുവനായും ഒഴിവാക്കി. പ്രധാന വില്ലന്‍ കഥാപാത്രവും മറ്റൊരു വില്ലന്‍ കഥാപാത്രവുമായുള്ള സംഭാഷണത്തിനും വെട്ട് വീണിട്ടുണ്ട്. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബല്‍ദേവ് എന്നാക്കിയിട്ടുണ്ട്. നേരത്തെ വില്ലന്റെ പേര് ബാബു ബജ്റംഗി എന്നായിരുന്നു. ചിത്രത്തില്‍ എന്‍.ഐ.എ പരാമര്‍ശമുള്ള ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയുടെ പേരും എടുത്തുകളഞ്ഞിട്ടുണ്ട്.

Tags:    
News Summary - Empuraan OTT release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.