ഇന്ത്യൻ സിനിമയിലെ ഹിറ്റ് ത്രില്ലർ ഫ്രാഞ്ചൈസിക്ക് ക്ലൈമാക്സ്; 'ദൃശ്യം: ദി കൺക്ലൂഷൻ' ട്രെയ്‌ലർ പുറത്ത്, ചിത്രം തിയറ്ററുകളിലേക്ക്
ഇന്ത്യയിലൊട്ടാകെ വൻ തരംഗം സൃഷ്ടിച്ച ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി പതിപ്പിന്‍റെ അവസാന ഭാഗമായ 'ദൃശ്യം: ദി കൺക്ലൂഷൻ' തിയറ്ററുകളിലേക്ക്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രത്തിന്‍റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒക്ടോബർ 2-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.
അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ചിത്രം 'ദൃശ്യം 2'-ന്‍റെ തുടർച്ചയാണെങ്കിലും, തികച്ചും പുതിയൊരു കഥയും തിരക്കഥയുമാണ് ഇതിൽ ആവിഷ്കരിച്ചിരിക്കുന്നത്. 'ദൃശ്യം 2' എവിടെ അവസാനിച്ചോ അവിടെ നിന്നാണ് ചിത്രം തുടരുന്നത്. സത്യങ്ങൾ മൂടിവെച്ച് കുടുംബത്തെ സംരക്ഷിക്കാൻ വിജയ് സാൽഗോങ്കർ എന്നും ഒരു പടി മുന്നിലായിരുന്നു. എന്നാൽ ഇത്തവണ വലിയൊരു പൊലീസ് ശക്തിയാണ് സാൽഗോങ്കർ കുടുംബത്തെ തേടിയെത്തുന്നത്. സത്യം കുഴിച്ചുമൂടപ്പെട്ട നിലയിൽ തന്നെ തുടരുകയാണ്. സാൽഗോങ്കർ കുടുംബം അതിൽ തന്നെ നിലയുറപ്പിച്ചു നിൽക്കുന്നു, വിജയ് സാൽഗോങ്കർ ഒരു പടി മുന്നിൽ തന്നെ തുടരുമ്പോള്‍ ഇത്തവണ, വൻ ശക്തിയോടെ ഭരണകൂടം അവനെ തേടിയെത്തുകയാണ്.
വർഷങ്ങളായി, 'ദൃശ്യം' ബ്ലോക്ക്ബസ്റ്റർ സിനിമകൾക്കും അപ്പുറത്തേക്ക് വളർന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രിയപ്പെട്ടതും ആഘോഷിക്കപ്പെട്ടതുമായ ഫാമിലി ത്രില്ലർ ഫ്രാഞ്ചൈസികളിലൊന്നായി മാറി കഴിഞ്ഞിട്ടുണ്ട്. വിജയ് സാൽഗോങ്കറുടെ ലോകം പ്രേക്ഷകരെ ആകർഷിക്കുകയും, അവസാനിക്കാത്ത ചർച്ചകള്‍ക്ക് തുടക്കമിടുകയുമുണ്ടായി. ഓരോ ചുവടിലും ദശലക്ഷക്കണക്കിന് ആളുകള്‍ അവൻ ജയിക്കണം എന്ന് ആഗ്രഹിക്കുന്നവരായി. ഇപ്പോൾ, അവസാന അധ്യായത്തിനായുള്ള പ്രതീക്ഷകൾ ഏറെ ഉയർന്നിരിക്കെ, കാത്തിരിപ്പ് ഒടുവിൽ അവസാനിച്ചിരിക്കുന്നു! ഏറ്റവും വലിയ പോരാട്ടത്തിന് കളമൊരുക്കിക്കൊണ്ട് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'ദൃശ്യം ദി കൺക്ലൂഷൻ' ട്രെയിലർ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.
ഐക്കണിക് കഥാപാത്രമായ വിജയ് സാൽഗോങ്കറായി അജയ് ദേവ്ഗൺ മടങ്ങിയെത്തുന്നു, എന്നാൽ ഇത്തവണ, സത്യം എന്നെന്നേക്കുമായി പുറത്തുകൊണ്ടുവരാൻ ഉറച്ചുനിൽക്കുന്ന ഭീഷണിയായ പുതിയ ശക്തിയായി എസ്.പി ക്രൈംബ്രാഞ്ച് രാജ്‌വീർ സിംഗ് തോമറായി ജയ്ദീപ് അഹ്ലാവത് എത്തുകയാണ്. ദൃശ്യം 2 എവിടെ അവസാനിച്ചോ അവിടെ നിന്ന് ആരംഭിക്കുന്ന 'ദൃശ്യം ദി കൺക്ലൂഷൻ', പുതിയ കഥയും തികച്ചും പുതിയ തിരക്കഥയുമായി ഫ്രാഞ്ചൈസിയെ ആവേശകരമായ പുതിയ തലത്തിലേക്ക് കൊണ്ടുപോകുകയാണ്.
അസാധ്യമെന്ന് തോന്നുന്ന കേസിന്‍റെ ചുമതല രാജ്‌വീർ സിംഗ് തോമർ ഏറ്റെടുക്കുമ്പോൾ, വിജയ് തന്‍റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കഠിനമായ വെല്ലുവിളിയാണ് നേരിടാൻ ഒരുങ്ങുന്നത്. പ്രകാശ് രാജ് കളിയിലെ അപകടസാധ്യതകൾ കൂടുതൽ ഉയർത്തുകയാണ്, അതോടൊപ്പം തബു, ശ്രിയ ശരൺ, രജത് കപൂർ ഇവരുടെ കഥാപാത്രങ്ങളും പുതിയ വെല്ലുവിളികളെ നേരിടുകയാണ്. പഴയ രഹസ്യങ്ങൾ വീണ്ടും ഉയർന്നുവരികയും, ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ ചുറ്റും ഉയരുകയും ചെയ്യുന്നു. പുതിയ ശക്തികൾ കളിയിലേക്ക് പ്രവേശിക്കുകയും ചെയ്യുമ്പോൾ, ഓരോ നീക്കത്തിനും എല്ലാം മാറ്റാൻ കഴിയുന്ന ബുദ്ധിയുടെ മിന്നൽ പോരാട്ടം തന്നെ കാണാനാകുമെന്നാണ് ട്രെയിലർ വാഗ്ദാനം ചെയ്യുന്നത്.
ചിത്രത്തിന്‍റെ ട്രെയ്‌ലർ ലോഞ്ച് ദൃശ്യം ഫ്രാഞ്ചൈസിയുടെ കേന്ദ്ര പശ്ചാത്തലമായ ഗോവയിൽ വെച്ച് വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു. മാധ്യമപ്രവർത്തകരെയും ഇൻഫ്ലുവൻസർമാരെയും സിനിമയിലെ ഐക്കണിക് ലൊക്കേഷനുകളിലൂടെ കൊണ്ടുപോയ ശേഷമാണ് പനാജിയിൽ വെച്ച് ട്രെയ്‌ലർ പ്രകാശനം ചെയ്തത്. ട്രെയിലർ ലോഞ്ച് ഒരു ആഴത്തിലുള്ള ദൃശ്യം അനുഭവമായി മാറുകയുണ്ടായി. പനാജിയിൽ നടന്ന ചടങ്ങിൽ അഭിനേതാക്കളായ അജയ് ദേവ്ഗൺ, തബു, ശ്രിയ ശരൺ, രജത് കപൂർ, ജയ്ദീപ് അഹ്ലാവത്, മൃണാൽ യാദവ് എന്നിവർക്കൊപ്പം സംവിധായകനും എഴുത്തുകാരനും നിർമ്മാതാവുമായ അഭിഷേക് പഥക്, പ്രൊഡ്യൂസറും ജിയോസ്റ്റാറിന്‍റെ ഹിന്ദി & ഇംഗ്ലീഷ് എന്‍റർടെയ്ൻമെന്‍റ് (സ്ട്രീമിംഗ്, ടിവി & സ്റ്റുഡിയോസ്) ഹെഡുമായ അലോക് ജെയിൻ, പ്രൊഡ്യൂസറും സ്റ്റാർ സ്റ്റുഡിയോ 18 ഹെഡുമായ അജിത് അന്ധാരെ, പ്രൊഡ്യൂസർ കുമാർ മംഗത് എന്നിവരും പങ്കെടുത്തു.
അഭിഷേക് പഥക് സംവിധാനം ചെയ്ത 'ദൃശ്യം ദി കൺക്ലൂഷനിൽ' അജയ് ദേവ്ഗൺ, തബു, ശ്രിയ ശരൺ, രജത് കപൂർ, ജയ്ദീപ് അഹ്ലാവത്, പ്രകാശ് രാജ്, കമലേഷ് സാവന്ത്, ഇഷിത ദത്ത, മൃണാൽ യാദവ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രശസ്തമായ ഈ ഫ്രാഞ്ചൈസിയുടെ അവസാന അധ്യായത്തിനായി ഒരു മികച്ച താരനിര തന്നെയാണ് ഒന്നിച്ചിരിക്കുന്നത്.
സ്റ്റാർ സ്റ്റുഡിയോ 18 അവതരിപ്പിക്കുന്ന ചിത്രം പനോരമ സ്റ്റുഡിയോസ് നിർമ്മിച്ചിരിക്കുന്നു. അഭിഷേക് പഥക്, ആമിൽ കിയാൻ ഖാൻ, പർവേസ് ഷെയ്ഖ് എന്നിവർ ചേർന്ന് എഴുതി സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് പഥക് ആണ്. അലോക് ജെയിൻ, അജിത് അന്ധാരെ, കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്ന് നിർമ്മിച്ച 'ദൃശ്യം ദി കൺക്ലൂഷൻ' 2026 ഒക്ടോബർ 2-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.