ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം പുറത്തിറങ്ങിയ ഇസ്ലാമോഫോബിക് സിനിമകൾ
ഭീകരനായ മുസ്ലിം വില്ലൻ സിനിമകളിലെ വാർപ്പുമാതൃകയായത് 9/11ന് ശേഷമാണ്. 9/11ന് ശേഷം ലോകത്താകെ ഇസ്ലാമോഫോബിക് മനോനില രൂപപ്പെടുത്താൻ ആസൂത്രിത ശ്രമമുണ്ടായി. ഏറ്റവും സ്വാധീനിക്കപ്പെടുന്ന ജനപ്രിയ കലാരൂപമായ സിനിമയെയും അതിന് വ്യാപകമായി ഉപയോഗപ്പെടുത്തി. സിനിമക്കാർക്കിടയിലും പൊതുസമൂഹത്തിലും സ്വാധീനം ചെലുത്താൻ ഇത്തരം ശ്രമങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ലോക സിനിമയുടെ കഥാതന്തുക്കളെയും മനുഷ്യരുടെ ആസ്വാദന ശൈലിയെയും മാറ്റിമറിക്കാൻ കഴിഞ്ഞുവെന്ന് തന്നെ പറയാം.
9/11ന് മുൻപ് സിനിമകളിലെ വില്ലന്മാർ പണത്തിനോ വ്യക്തിപരമായ ആവശ്യങ്ങൾക്കോ വേണ്ടി പോരാടുന്നവരായിരുന്നു. എന്നാൽ അതിനുശേഷം രാഷ്ട്രീയ അല്ലെങ്കിൽ മതപരമായ ലക്ഷ്യങ്ങളുള്ള ഭീകരവാദികളായി വില്ലന്മാർ മാറി. ഭീകരനായ മുസ്ലിം വില്ലൻ സിനിമകളിലെ വാർപ്പുമാതൃകയായത് വലിയ തോതിൽ വിമർശിക്കപ്പെട്ടു. ഹോളിവുഡ് മുതൽ മലയാളത്തിൽ വരെ ഈ പ്രവണതയുണ്ടായി. ഇത്തരം ചിത്രങ്ങൾ മതസൗഹാർദ്ദം തകർക്കുകയും മുസ്ലിം വിരുദ്ധ വികാരങ്ങൾക്ക് ആക്കം കൂട്ടുകയും സാമൂഹിക ധ്രുവീകരണത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു.
ഇന്നസെൻസ് ഓഫ് മുസ്ലിംസ് (2012): പ്രവാചകനെ അപമാനിക്കുന്നതായി ആരോപിക്കപ്പെട്ട ഈ ഹ്രസ്വചിത്രം ഈജിപ്ത്, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ ഹിംസാത്മക സംഘർഷങ്ങൾക്ക് കാരണമായി. ചരിത്രപരമായ കൃത്യതയില്ലാത്ത ചിത്രീകരണങ്ങളും വസ്തുതകൾക്ക് വിരുദ്ധമായ അവകാശവാദങ്ങളും ഇത്തരം ചിത്രങ്ങളിൽ സാധാരണമാണ്. 2014ൽ കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇന്ത്യയിൽ പ്രൊപഗണ്ട സിനിമകളുടെ കുത്തൊഴുക്കായിരുന്നു. കശ്മീർ ഫയൽസ്, കേരള സ്റ്റോറി തുടങ്ങിയ സിനിമകളിലൂടെ പച്ചക്കള്ളങ്ങൾ പടച്ചുവിട്ടു.
ദി കേരള സ്റ്റോറി (2023) 32,000 കേരളീയ സ്ത്രീകൾ ഇസ്ലാം മതം സ്വീകരിച്ച് ഐ.എസിൽ ചേർന്നു എന്ന അവകാശവാദത്തിലാണ് നിർമ്മിച്ചത്. എന്നാൽ സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് ‘ഈ കണക്കിനെ പിന്തുണയ്ക്കാൻ ആധികാരിക ഡേറ്റയില്ല’ എന്നും ചിത്രം സാങ്കൽപ്പികമായ ഒരു ആഖ്യാനമാണ് എന്നും ഡിസ് ക്ലെയിമർ ചേർക്കാൻ നിർമാതാക്കൾ നിർബന്ധിതരായി. ചരിത്ര കഥാപാത്രങ്ങളെ ഉപയോഗിച്ച് മുസ്ലിംകളെ വില്ലന്മാരായി ചിത്രീകരിക്കുന്നത് ബോളിവുഡിൽ സാധാരണമായി മാറിയിട്ടുണ്ട്. പദ്മാവത് (2018) ചിത്രത്തിൽ മുസ്ലിം ചക്രവർത്തിയായ അലാവുദ്ദീൻ ഖിൽജിയെ ക്രൂരനും അധാർമകനുമായ വ്യക്തിയായി ചിത്രീകരിക്കുന്നു. കേസരി (2019), പാനിപ്പത്ത് (2019), തൻഹാജി: ദി അൺസങ് വാരിയർ (2020), സാമ്രാട്ട് പൃഥ്വിരാജ് (2022) തുടങ്ങിയ ചിത്രങ്ങളും ഈ പ്രവണത തുടരുന്നു.
ദൈവനാമത്തിൽ കളവ് പറയുമ്പോൾ
2010ൽ പുറത്തിറങ്ങിയ അൻവർ എന്ന മലയാള സിനിമയിൽ കോയമ്പത്തൂർ ബോംബ് സ്ഫോടനത്തെത്തുടർന്ന് അൻവർ എന്ന മുസ്ലിം യുവാവ് ജയിലിലാകുന്നതും തുടർന്ന് ജയിലിൽ പരിചയപ്പെടുന്ന തീവ്രവാദ സംഘടനയുടെ തലവന്റെ ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുന്നതുമാണ് കഥ. 2005ൽ പുറത്തിറങ്ങിയ ദൈവനാമത്തിൽ എന്ന സിനിമയുടെ പ്രമേയം ഹോട്ടലിൽ ബോംബ് വെക്കാൻ നോക്കുന്ന മതഭ്രാന്തനും തീവ്രവാദിയുമായ ഭർത്താവിനെ ഭാര്യ പിന്തിരിപ്പിക്കുന്നതാണ്. ഫനാ (2006) എന്ന ആമിർ ഖാൻ സിനിമയിൽ ഒരു മുസ്ലിം ടൂറിസ്റ്റ് ഗൈഡിനെ (പിന്നീട്, വ്യാജ പട്ടാളക്കാരൻ) തീവ്രവാദിയായി അവതരിപ്പിച്ചു.
മനഃപൂർവം വിദ്വേഷമുണ്ടാക്കാനായി എടുക്കുന്ന സിനിമകൾ മാത്രമല്ല, മുഖ്യധാര വാണിജ്യ സിനിമകളിൽ വരെ ഇസ്ലാമോഫോബിക് സ്വാധീനമുണ്ടായി എന്ന് നിരീക്ഷിച്ചാൽ വ്യക്തമാകും. താൻ അഭിനയിച്ച ചില സിനിമകളിൽ ഇസ്ലാമോഫോബിക് ഘടകങ്ങൾ അറിയാതെ സംഭവിച്ചുപോയിട്ടുണ്ടെന്ന നടി പാർവതി തിരുവോത്തിന്റെ ഏറ്റുപറച്ചിൽ ശ്രദ്ധേയമാണ്. ബോംബ് മലപ്പുറത്ത് കിട്ടും (ആറാം തമ്പുരാൻ), മലപ്പുറത്തെ വർഗീയ കലാപം (വിനോദയാത്ര) തുടങ്ങിയ പരാമർശങ്ങൾ നിഷ്കളങ്കമല്ല എന്ന് കരുതുന്നവരുണ്ട്. മലപ്പുറത്ത് ഏതാണ് വർഗീയകലാപം എന്ന ചോദ്യത്തിന് ഉത്തരമില്ല.
ഫോബിക് ഹോളിവുഡ്
- അമേരിക്കൻ സ്നൈപ്പർ (2014): ഇറാഖിലെ സാധാരണക്കാരെ മൃഗങ്ങൾക്ക് തുല്യമായി ചിത്രീകരിക്കുകയും അധിനിവേശത്തെ ന്യായീകരിക്കുകയും ചെയ്തു.
- സീറോ ഡാർക് തേർട്ടി (2012): ഗ്വണ്ടനാമോയിലെയും മറ്റു രഹസ്യ തടങ്കൽ പാളയങ്ങളിലെയും ക്രൂരമായ പീഡനമുറകളെ ന്യായീകരിക്കുന്നു.
- ദി കിങ്ഡം (2007), ടേകെൻ സീരീസ്: മുസ്ലിം സമുദായത്തിൽപെട്ടവരെ ജന്മനാ ഭീകരവാദികളായോ കുറ്റവാളികളായോ സ്റ്റീരിയോടൈപ്പ് ചെയ്തു
- ഫിത്ന (2008): ഗീർട്ട് വിൽഡേഴ്സ് നിർമ്മിച്ച ഈ ഹ്രസ്വചിത്രം ഖുർആൻ വാക്യങ്ങൾക്കൊപ്പം ഭീകരാക്രമണ ദൃശ്യങ്ങൾ ചേർത്തുകൊണ്ട് ഇസ്ലാമിനെ അക്രമത്തിന്റെ മതമായി ചിത്രീകരിക്കാൻ ശ്രമിച്ചു
- റൺ, ഹൈഡ്, ഫൈറ്റ്: ഇൻഫിഡൽസ് (2026) എന്ന ചിത്രം മുസ്ലിംകളെയും ഫലസ്തീൻ അനുകൂല വിദ്യാർഥികളെയും തീവ്രവാദികളായി ചിത്രീകരിക്കുന്നു
9/11 നേരിട്ട് പ്രമേയമാക്കിയ സിനിമകൾ
- യുനൈറ്റഡ് 93 (2006): തട്ടിക്കൊണ്ടുപോയ വിമാനത്തിലെ യാത്രക്കാരുടെ പോരാട്ടത്തിന്റെ കഥ.
- വേൾഡ് ട്രേഡ് സെന്റർ (2006): തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ പൊലീസുകാരുടെ അതിജീവനത്തിന്റെ കഥ
- റെയ്ൻ ഓവർ മീ (2007): ഭീകരാക്രമണത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട ഒരു മനുഷ്യന്റെ മാനസിക വിഷമങ്ങൾ കാണിക്കുന്ന ചിത്രം.
- സീറോ ഡാർക്ക് തേർട്ടി (2012): ഉസാമ ബിൻ ലാദനെ കണ്ടെത്താൻ അമേരിക്ക നടത്തിയ അന്വേഷണത്തിന്റെ കഥ
- ‘ഫ്രണ്ട്സ്, ‘ സാറ്റർഡേ നൈറ്റ് ലൈവ് ’ തുടങ്ങിയ ടെലിവിഷൻ ഷോകളും 9/11നെ ആസ്പദമാക്കി നിർമിക്കപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.