ശ്മശാനത്തിന്റെ കഥയുമായി 'കല്ലറ ലിഖിതങ്ങൾ' പ്രദർശനത്തിനൊരുങ്ങുന്നു; ശ്രദ്ധ നേടി പീലി എന്ന കുഴിവെട്ടുകാരന്റെ ജീവിതം
ശ്മശാനം തറവാടും അവിടെ മണ്ണടിഞ്ഞവർ കൺകണ്ട കൂട്ടരുമായി മാറിയ പീലി എന്ന കുഴിവെട്ടുകാരന്റെ വേറിട്ട ജീവിതകഥയുമായി 'കല്ലറ ലിഖിതങ്ങൾ' എന്ന സിനിമ പ്രദർശനത്തിനൊരുങ്ങുന്നു. ഓർമ്മകൾ നഷ്ടപ്പെട്ട ഒരു മനുഷ്യൻ സാഹചര്യങ്ങൾ കൊണ്ട് പള്ളി സെമിത്തേരിയിലെ കുഴിവെട്ടുകാരനായി മാറുന്ന വഴികളും, തുടർന്നുള്ള അദ്ദേഹത്തിന്റെ നിഗൂഢവും വികാരഭരിതവുമായ അനുഭവങ്ങളുമാണ് ചിത്രം പ്രമേയമാക്കുന്നത്.
മലേരിക്ക പള്ളിയിലെ പെരുന്നാൾ കൊടിയിറങ്ങിയ ദിനത്തിലാണ് കഥയുടെ തുടക്കം. വലിയ കായലിലുണ്ടായ ബോട്ട് അപകടത്തിൽപ്പെട്ട് മുങ്ങിത്താഴ്ന്ന ഏതോ അന്യദേശക്കാരനായ അപരിചിതനെ മത്സ്യത്തൊഴിലാളികൾ ജീവനോടെ കരക്കെത്തിക്കുന്നു. എന്നാൽ, അന്നോളമുള്ള അദ്ദേഹത്തിന്റെ ഓർമ്മകളെല്ലാം കായലിന്റെ ആഴങ്ങളിൽ നഷ്ടപ്പെട്ടിരുന്നു. പിന്നീട് പള്ളിപ്പന്തലിന്റെ തണലിൽ ശിഷ്ടജീവിതം നയിക്കുന്ന അദ്ദേഹത്തെ കാലം പള്ളി സെമിത്തേരിയിലെ കുഴിവെട്ടുകാരനാക്കുകയായിരുന്നു.
പള്ളിയിൽ നടന്ന ഒരു കളവിനെ തുടർന്ന് പൊലീസിനെയും മനുഷ്യരെയും ഭയക്കാതെ സ്വസ്ഥമായി കിടന്നുറങ്ങാനായി അദ്ദേഹം സെമിത്തേരിയുടെ ഒരു കോണിൽ ഒരിടം കണ്ടെത്തി താമസം ആരംഭിക്കുന്നു. മയ്യത്തുപറമ്പിലെ പ്രേതങ്ങളാണ് തനിക്ക് 'പീലി' എന്ന പേര് നൽകിയതെന്ന് സ്വയം വിശ്വസിക്കുന്ന ആ മനുഷ്യന്റെ വേറിട്ട ജീവിതമാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
തക്ഷില ക്രിയേഷൻസിന്റെ ബാനറിൽ സനിൽകുമാർ എസ്സ് നിർമ്മിക്കുന്ന ചിത്രം ജോസ് ആന്റണി കുരീപ്പുഴയാണ് രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. പ്രധാന കഥാപാത്രമായ പീലിക്ക് സനിൽ പേക്കൽ ജീവൻ പകരുമ്പോൾ ജോൺസൺ സ്‌റ്റീഫൻ, അമ്പിളി, വാക്കനാട് സുരേഷ്, ഗ്ളോറി, സിന്ധു ജോസ്, വിജു സി പരവൂർ, സെബാസ്‌റ്റ്യൻ, ജോസ് ആൻ്റണി, നെപ്പോളിയൻ, ജോസ് വാവച്ചൻ, സുകുമാരൻ വേങ്ങോട്ടു, ക്‌ളീറ്റസ്, ഡോ. അനുഗ്രഹ ബീന ജോൺസൺ, ശുക്രൻ, ജെറോം, ഷിജി, മോസസ്സ് തുടങ്ങിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം - രാമചന്ദ്രൻ, എഡിറ്റിങ് - സന്ദീപ് ശ്രീജു, ഗാനരചന - ജോസാൻ്റണി കുരീപ്പുഴ, സംഗീതം, ആലാപനം -കൃപാൽ, പശ്ചാത്തല സംഗീതം - അജയ് സരിഗമ, കല - ഗിരീഷ് ഗോപിനാഥ്, ചമയം - രതീഷ് രവി, വസ്‌ത്രം - ജാനുവരി ജോസ്, സൗണ്ട് ഡിസൈൻ & മിക്സിങ് - ആനന്ദ് ബാബു, ഡി ഐ കളറിസ്റ്റ് - വിജയകുമാർ, സ്പോട്ട് എഡിറ്റർ- സുനിൽ എം കെ, എഐ വീഡിയോ_ പ്രശോബ് കുമാർ, ലൊക്കേഷൻ കോർഡിനേറ്റർ - ജോസ് ആലപ്പാടൻ, സ്റ്റിൽസ് - ജോസ് ഡീ ജെ, പി ആർ ഓ - അജയ് തുണ്ടത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.