കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച, സംവിധായകൻ ഉണ്ണികൃഷ്ണൻ ആവളയുടെ സിനിമ തന്തപ്പേര് ശ്രദ്ധേയമാകുന്നു. അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ ഒരു ഗോത്രവിഭാഗത്തിന്റെ ജീവിതത്തിൽ എങ്ങനെ ഇടപെട്ടു എന്ന് അന്വേഷിക്കുന്ന ചിത്രം, ഗോത്രവർഗ യുവജനതയുടെ സ്വത്വബോധത്തെയും അതിജീവനത്തെയും ആവിഷ്‌കരിക്കുന്നു. ചിത്രത്തെക്കുറിച്ച് സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള സംസാരിക്കുന്നു
ഗോത്ര സ്വത്വത്തിന്‍റെ രാഷ്ട്രീയം
ചിത്രത്തിന്റെ രാഷ്ട്രീയം കേവലം ഒരു വാക്യത്തിൽ ഒതുക്കാനാവില്ല. ഇണവേട്ട, ആണഹന്ത, വ്യക്തിപരമായ പ്രതിസന്ധികൾ തുടങ്ങി പല തലങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നുണ്ട്. മലബാറിലെ ചില പ്രദേശങ്ങളിൽ വർധിച്ചുവരുന്ന അവിവാഹിതരായ പുരുഷന്മാരുടെ എണ്ണം, അതുപോലെ ഇണകൾ കുറഞ്ഞുപോകുന്ന ചോലനായ്ക്ക വിഭാഗത്തിലെ അവസ്ഥ എന്നിവ സിനിമ ചർച്ച ചെയ്യുന്നു. ഇവിടെ, 'ആരെയാണ് സ്നേഹിക്കേണ്ടത് എന്ന് അറിയാത്ത' ഒരു പുരുഷന്റെ ആകുലതകളാണ് നായകനിലൂടെ അവതരിപ്പിക്കുന്നത്.
'ഇത് ഞങ്ങളുടെ വഴിയാണ്. ഇനി ഞങ്ങളുടെ വഴി ഞങ്ങൾ തീരുമാനിക്കും' എന്ന ശക്തമായ പ്രഖ്യാപനത്തോടെയാണ് സിനിമ അവസാനിക്കുന്നത്. അരനൂറ്റാണ്ട് കൊണ്ട് സ്വന്തം വഴി തിരിച്ചറിയുന്ന മനുഷ്യരിലേക്ക് സിനിമ എത്തിച്ചേരുന്നു. ഗോത്രവിഭാഗത്തിന്റെ ജീവിത യാഥാർഥ്യങ്ങളെ മൂന്ന് ലെയറുകളിലാണ് സിനിമയിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്: അടിയന്തരാവസ്ഥയുടെ ഓർമകൾ, വർത്തമാനകാല യാഥാർഥ്യങ്ങൾ, സ്വപ്നസമാനമായ കാഴ്ചകൾ എന്നിവ.
ഭാഷാപരമായ വെല്ലുവിളികളും ചോലനായ്ക്കരുടെ പങ്കും
ചിത്രത്തിലെ കഥാപാത്രങ്ങൾ ചോലനായ്ക്ക ഗോത്രത്തിൽ നിന്നുള്ളവരും സംഭാഷണങ്ങൾ ലിപിയില്ലാത്ത ചോലനായ്ക്ക ഭാഷയിലുമാണ്. തമിഴ്, തെലുങ്ക്, കന്നഡ, തുളു എന്നീ ഭാഷകളുടെ സങ്കരരൂപമാണ് ഈ ഭാഷ. ഈ സിനിമയെ 'മലയാള സിനിമ' വിഭാഗത്തിൽ ഉൾപ്പെടുത്തിയപ്പോഴും നേരിട്ട പ്രധാന വെല്ലുവിളി സെൻസറിങ്ങിലായിരുന്നു. ചോലനായ്ക്ക ഭാഷയെ രേഖപ്പെടുത്താൻ ഇടമില്ലാത്തതിനാൽ 'മറ്റുള്ളവ' (Other) എന്ന കോളത്തിലാണ് ഇത് ഉൾപ്പെടുത്തിയത്. മൊഴിമാറ്റത്തിന് പകരം ലോകമെമ്പാടും ഈ ഭാഷയിൽ തന്നെ സബ്ടൈറ്റിലുകളോടെ ചിത്രം പ്രദർശിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്.
അഭിനയം, കാമറ, സിനിമ എന്ന മാധ്യമത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത, ഇപ്പോഴും ഗുഹകളിൽ കഴിയുന്ന പാരമ്പര്യമുള്ള ചോലനായ്ക്കരെ സിനിമയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം സാഹസികവും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു. കുട്ടിക്കാലം മുതൽ സ്വതന്ത്രരായ, ഒരാൾക്കും കീഴടങ്ങാൻ ഇഷ്ടമില്ലാത്ത ആ ഗോത്രവിഭാഗത്തെ കാമറക്ക് മുന്നിൽ കൊണ്ടുവരിക പ്രയാസമായിരുന്നു. അവർ ഒരു തരത്തിലുള്ള അധികാരത്തിനും വിധേയരാകില്ല. സ്നേഹത്തിലൂടെ ഒരു പാലം പണിയാനും, ഈ കഥാപാത്രങ്ങൾ എന്താണെന്ന് അവരെ ബോധ്യപ്പെടുത്താനുമാണ് ഞാൻ ആദ്യം ശ്രമിച്ചത്.
ചോലനായ്ക്ക വിഭാഗത്തിൽ നിന്ന് ആദ്യമായി ബിരുദം നേടി പി.എച്ച്.ഡി ചെയ്യുന്ന വിനോദ് ചലൻ സഹതിരക്കഥാകൃത്തായതും ചിത്രത്തിന്റെ ആധികാരികത ഉറപ്പുവരുത്തി. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിനയനും വെള്ളക്കരിയനും അസിസ്റ്റന്റ് ഡയറക്ടർമാരായി പ്രവർത്തിച്ചതും, അവരുടെ ഭാവി സിനിമാപ്രവർത്തനങ്ങൾക്കുള്ള പരിശീലന വേദിയായി ഈ സിനിമ മാറിയെന്നതും ശ്രദ്ധേയമാണ്.
നികത്താനാവാത്ത നഷ്ടം: മണിയുടെ ഓർമകൾ
ചിത്രീകരണത്തിനിടെ, ലൊക്കേഷൻ കാപ്റ്റനായി പ്രവർത്തിച്ചിരുന്ന മണി എന്ന പ്രധാന ഗോത്രബന്ധുവിന്റെ ആകസ്മിക മരണം പ്രൊജക്റ്റിന് വലിയ ആഘാതമായി. ആന ചവിട്ടിക്കൊന്ന മാധേട്ടൻ എന്ന കഥാപാത്രത്തിനുണ്ടായ ദുരന്തം പോലെ, മണിയുടെ വിയോഗവും സിനിമയുടെ തുടർച്ചയെ ആശങ്കയിലാക്കി. എന്നാൽ, മണിക്ക് ഈ സിനിമയോടുണ്ടായിരുന്ന തീവ്രമായ ആഗ്രഹം തിരിച്ചറിഞ്ഞ സഹപ്രവർത്തകരായ ഗോത്രവർഗക്കാർ തന്നെ 'ഉണ്ണിയേട്ടാ, നമുക്ക് ആ സിനിമ തീർക്കണം' എന്ന് പറഞ്ഞ് ഷൂട്ട് പുനരാരംഭിക്കാൻ മുൻകൈയെടുക്കുകയായിരുന്നു. മണി മരിച്ചുപോയാലും സിനിമയിൽ ജീവിച്ചിരിക്കണം എന്ന അവരുടെ ആഗ്രഹമായിരുന്നു ഇതിന് പിന്നിൽ. അവസാനത്തെ മൂന്ന് സീനുകൾ പൂർത്തിയാക്കാൻ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നപ്പോൾ, തേൻ വിപണിയിൽ നിന്നുള്ള പണം ഉപയോഗിച്ച് അവർ ഷൂട്ടിങ് പൂർത്തിയാക്കി.
ഉടലാഴവും ക്ലൈമാക്സിലെ ജീപ്പും
എന്റെ ആദ്യ ചിത്രം 'ഉടലാഴം' ആണഹന്തയുടെ പ്രതിസന്ധിയിൽ അകപ്പെട്ടുപോകുന്ന ഒരു ട്രാൻസ്ജെൻഡർ വ്യക്തിയുടെ കഥയാണ്. അവിടെ, പുലിക്കൂട്ടിൽ അകപ്പെട്ടുപോകുന്ന മനുഷ്യൻ നിസ്സഹായനാകുന്നു. എന്നാൽ 'തന്തപ്പേര്', പെട്ടുപോകുന്ന മനുഷ്യന്റെ കഥയല്ല. ചിത്രത്തിന്റെ ക്ലൈമാക്സിൽ ഗോത്രവർഗക്കാർ ജീപ്പ് ഓടിച്ച് വരുന്ന ദൃശ്യം അവരുടെ വിപ്ലവകരമായ അതിജീവനത്തെയാണ് സൂചിപ്പിക്കുന്നത്. പുറംലോകത്തിന്റെ ചൂഷണത്തിനുള്ള വാഹനമായിരുന്ന ജീപ്പ്, അവർ സ്വന്തമായി ഓടിച്ചു തുടങ്ങുമ്പോൾ, അത് അവരുടെ 'ചരിത്രത്തിലെ വിപ്ലവം' ആകുന്നു. ഡ്രൈവിങ് പഠനവും, സ്വന്തമായി വണ്ടിയെടുക്കാനുള്ള തീരുമാനവും അവരുടെ സ്വയംപര്യാപ്തതയുടെ നേർക്കാഴ്ചയാണ്. ഇതാണ് ശരിക്കും വികസനം.
മനുഷ്യരും മൃഗങ്ങളും കഥാപാത്രങ്ങൾ ആകുമ്പോൾ
ചിത്രത്തിൽ മനുഷ്യർ മാത്രമല്ല കഥാപാത്രങ്ങളാകുന്നത്. ഉണങ്ങിയ പാറക്കൂട്ടങ്ങളും മൃഗങ്ങളും പ്രത്യേകിച്ച് നായ ചിത്രത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നു. നായകനും അമ്മയും തമ്മിലുള്ള വൈകാരിക രംഗങ്ങളിൽ പോലും, നായയുടെ സാന്നിധ്യം മനുഷ്യന്റെ വികാരങ്ങളെ പൂർണമായി പകർത്തിയിട്ടുണ്ട്. ഇത് ബോധപൂർവമായ ശ്രമമാണെന്നും, 'സഹജീവി' എന്ന നിലയിൽ പട്ടിയെ കാണുന്ന ഗോത്ര സംസ്കാരം ഇതിലൂടെ അടയാളപ്പെടുത്തുന്നു.
സിനിമയുടെ സ്വീകാര്യതയും പ്രതീക്ഷകളും
അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ‘തന്തപേരി’ന്‍റെ ആദ്യ പ്രദർശനത്തിൽ, അജന്ത തിയറ്ററിൽ സ്‌ക്രീനിന് തൊട്ടുതാഴെ വരെ ആളുകൾ ശ്വാസമടക്കിപ്പിടിച്ച് സിനിമ കണ്ടത് ഒരു സംവിധായകൻ എന്ന നിലയിൽ വലിയ സന്തോഷം നൽകി. വാണിജ്യപരമായ താൽപ്പര്യങ്ങൾക്കപ്പുറം, ആത്മാർഥതയോടെ ഒരു കലാപ്രവർത്തനം എന്ന നിലയിൽ ചെയ്ത ഈ സിനിമയെ പിന്തുണക്കേണ്ടത് പ്രേക്ഷകന്റെ ഉത്തരവാദിത്തമാണ്. ഭാവിയിൽ, ഗോത്രസമൂഹത്തിൽ നിന്ന് തന്നെ സംവിധായകർ ഉണ്ടാവുകയും, അവർ സ്വന്തമായി സിനിമകൾ ചെയ്യുവാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.