ചെലവ് ചുരുക്കൽ: ബോളിവുഡ് നടി നോറ ഫത്തേഹിയുടെ നൃത്തപരിപാടി റദ്ദാക്കി ബംഗ്ലാദേശ്

ധാക്ക: ബോളിവുഡ് നടി നോറ ഫത്തേഹിയുടെ പരിപാടിക്ക് ബംഗ്ലാദേശ് സർക്കാർ അനുമതി നൽകിയില്ല. ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ഡോളർ ലാഭിക്കുന്നതിനായാണ് ധാക്കയിൽ നടക്കാനിരുന്ന പരിപാടിക്ക് അനുമതി നിഷേധിച്ചത്.

നിലവിലെ ആഗോള സാഹചര്യം കണക്കിലെടുത്ത് വിദേശനാണ്യ ശേഖരം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് നോറ ഫത്തേഹിയുടെ പരിപാടിക്ക് അനുമതി നൽകാതിരുന്നതെന്ന് ബംഗ്ലാദേശ് സാംസ്കാരിക മന്ത്രാലയം അറിയിപ്പിൽ പറയുന്നു.

മൊറോക്കൻ-കനേഡിയൻ കുടുംബത്തിൽ നിന്നുള്ള ഫത്തേഹി 2014 ലാണ് ഹിന്ദി സിനിമകളിൽ അരങ്ങേറ്റം കുറിച്ചത്. വിമൻ ലീഡർഷിപ്പ് കോർപ്പറേഷൻ സംഘടിപ്പിച്ച പരിപാടിയിൽ നോറ ഫത്തേഹി അവാർഡുകൾ വിതരണം ചെയ്യുകയും നൃത്തം അവതരിപ്പിക്കുകയും ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.

വിദേശനാണ്യ കരുതൽ ശേഖരം കുറയുന്നതിനാൽ ഡോളർ പേയ്‌മെന്റിന് സെൻട്രൽ ബാങ്കിന്റെ നിയന്ത്രണങ്ങൾ ഉണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇറക്കുമതിക്ക് ഉപയോഗിക്കുന്ന വിദേശനാണ്യ കരുതൽ ശേഖരം ഒക്ടോബർ 12 വരെ 36.33 ബില്യൺ ഡോളറായി കുറഞ്ഞിരിക്കുന്നു. ഏകദേശം നാല് മാസത്തെ ഇറക്കുമതിക്ക് ഇത് മതിയാകും. എന്നാൽ ഒരു വർഷം മുമ്പ് 46.13 ബില്യൺ ഡോളർ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇത്തവണ ഇത്രയും കുറവ്.

രാജ്യം ആവശ്യപ്പെട്ട വായ്പകളെക്കുറിച്ച് ചർച്ചകൾ നടത്തുന്നതിന് ഈ മാസം അവസാനം ബംഗ്ലാദേശിലേക്ക് പ്രത്യേക സംഘത്തെ അയക്കാൻ അന്താരാഷ്ട്ര നാണയ നിധി തയാറെടുക്കുകയാണെന്ന് ഐ‌.എം‌.എഫിലെ ഏഷ്യ ആൻഡ് പസഫിക് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ആൻ മേരി ഗുൽഡെ വുൾഫ് പറഞ്ഞു. രാജ്യത്തിന്റെ കരുതൽ ശേഖരം ഇപ്പോഴും സുരക്ഷിതാവസ്ഥയിലാണ്. എന്നാൽ ചെലവിന് നിയന്ത്രണമില്ലാത്ത അവസ്ഥയിലാണെന്ന് ഒക്ടോബർ 13-ന് അവർ പറഞ്ഞിരുന്നു. സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിനും കൂടുതൽ മാന്ദ്യം ഒഴിവാക്കുന്നതിനുമുള്ള നടപടികൾ ഉൾക്കൊള്ളുന്ന ഒരു സാമ്പത്തിക പരിപാടിയെക്കുറിച്ച് ഐ.എം.എഫ് ചർച്ച ചെയ്യുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Bangladesh, To Save Dollars, Cancels Dance By Bollywood's Nora Fatehi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.