ബാലചന്ദ്ര മേനോൻ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച് 2018ൽ തിയറ്ററുകളിൽ എത്തിയ സിനിമയാണ് 'എന്നാലും ശരത്..?. നാല് വർഷത്തിന് ശേഷം ചിത്രം യുട്യൂബ് ചാനലിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നു. ബാലചന്ദ്രമേനോന്‍റെ സ്വന്തം യുട്യൂബ് ചാനലായ ഫിൽമി ഫ്രൈഡേസിലൂടെ ഡിസംബർ ഒമ്പതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
കാമ്പസ് പശ്ചാത്തലത്തിൽ ത്രില്ലർ സ്വഭാവത്തിലുള്ള കഥ പറയുന്ന ചിത്രത്തിൽ പുതുമുഖം ചാർളിയാണ് നായകൻ. നിധി അരുൺ, നിത്യാ നരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാലചന്ദ്രമേനോന്‍റെ മകൻ അഖിൽ വിനായക് അതിഥി താരമായി അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റിമി ടോമി, അജു വർഗീസ്, ലിയോണ ലിഷോയ് എന്നിവരും അതിഥി താരങ്ങളായി എത്തുന്നു.
ബാലചന്ദ്ര മേനോന് പുറമെ ജോഷി മാത്യു, മേജർ രവി, ജോയ് മാത്യു, വിജി തമ്പി, ലാൽ ജോസ്, എ.കെ. സാജൻ, ദിലീഷ് പോത്തൻ, ജൂഡ് ആന്‍റണി, സിദ്ധാർഥ് ശിവ എന്നീ ഒമ്പത് സംവിധായകർ കൂടി ചിത്രത്തിൽ വേഷമിടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. കുഞ്ചൻ, ഇടവേള ബാബു, കാര്യവട്ടം ശശികുമാർ, കോട്ടയം നസീർ, സുരഭി, മല്ലിക സുകുമാരൻ, മറീന, റീന, പൊന്നമ്മ ബാബു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
സേഫ് സിനിമാസിന്‍റെ ബാനറിൽ ആർ. ഹരികുമാർ നിർമിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം ആർ.എസ്. അനീഷ്ലാലും കലാസംവിധാനം സന്തോഷ് രാമനുമാണ്. ഗാനങ്ങൾ: റഫീഖ് അഹമ്മദ്, ബി.കെ. ഹരിനാരായണൻ. സംഗീതം: ഔസേപ്പച്ചൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.