"തനിയെ ജീവിക്കാൻ
ശീലിക്കുക.
എങ്ങും തനിച്ച്
യാത്രചെയ്യുക.
സ്നേഹത്തെ
ആശ്രയിക്കാതിരിക്കുക".
കമലസുരയ്യ എഴുതി അവസാനിപ്പിച്ച വരികളിലെ യഥാർത്യ ബോധത്തിൽ നിന്നാണ് സുന്ദരി ഗാർഡൻസ് തുടങ്ങുന്നത്. സുന്ദരി മാത്യുസ് എന്ന സുമായാണ് (അപർണ്ണ ബാലമുരളി) ചിത്രത്തിന്റെ നെടുംതൂൺ. വിവാഹമോചനം നേടിയ സ്ത്രീകഥാപാത്രത്തെ ഇന്നേവരെ മലയാള സിനിമ കാണിച്ച വഴികൾക്ക് എതിരെയാണ് ചിത്രത്തിന്റെ ഒഴുക്ക്.
ബോൾഡാകാനും, പ്രണയിക്കാനും, ഒറ്റക്കു ജീവിക്കാനും മറ്റാരുടെയും ആവശ്യം ഒരാൾക്കുമില്ലെന്ന് സുമ ജീവിച്ചു കാണിക്കുന്നു. സ്‌ത്രീ പക്ഷത്തോട് ചേർന്നു നിൽക്കുന്ന ചിത്രം അത്തരമൊരു രാഷ്‌ട്രീയം കൂടെ ഉയർത്തുന്നുണ്ട്. സുമയുടെ ഗാർഡൻ നിറയെ ചിന്തകളുടെ വന്മരങ്ങളും പ്രതീക്ഷയുടെ പൂക്കളുമാണ്. ഒന്നുറപ്പാണ് മലയാളത്തിന്റെ ആദ്യ കാഴ്ച്ച അനുഭവമാണ് സുന്ദരി ഗാർഡൻസ്.
കാഞ്ഞിരപ്പള്ളിയിലെ ഒരു സ്കൂളിൽ ലൈബ്രേറിയനാണ് സുമ. ജീവിതം പലവഴിക്ക് അടരുകളായി നഷ്ടമായ ഒരു സ്‌ത്രീ. അവർ ജീവിതത്തെ കാണുന്ന വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ചിത്രത്തെ ഒറ്റയാനാക്കുന്നത്. സൂക്ഷമായ രീതിയിൽ പരമ്പരാഗതമായ എല്ലാ ചിന്തകളെയും സുമ വെല്ലുവിളിക്കുന്നുണ്ട്. സമൂഹത്തിൽ ഈ വിധം ഒറ്റപ്പെടുന്ന മനുഷ്യരുടെ നേർക്കുള്ള ചോദ്യങ്ങളുടെ മറുപടി ആ ജീവിതത്തിൽ ഉടനീളമുണ്ട്. സുമ എന്ന സമുദ്രത്തിലേക്ക് വന്നു ചേരുന്ന ചെറു പുഴകളാണ് മറ്റ് കഥാപാത്രങ്ങൾ. ആദ്യാവസാനം കഥയെ ഉലയാതെ പിടിച്ചിരുത്തുന്നതും അസാധ്യമായ അഭിനയ മികവുകൊണ്ടാണ്. നീട്ടി വലിക്കുന്ന സീനുകൾ ഒന്നിലേറെയുണ്ട്. അപ്പോഴും കെട്ടുപൊട്ടാതെ കാത്തത് കഥാപാത്രങ്ങളുടെ പ്രകടനമാണ്.
നീരജ് മാധവിന്റെ വിക്ടർ എന്ന കഥാപാത്രവും ചിത്രത്തോട് നീതി പുലർത്തുന്നു. അധ്യാപകനായി എത്തുന്ന വിക്ടറിന്റെ ജീവിതവും കാഴ്ചപ്പാടുകളും ചിത്രത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നുണ്ട്. വിദ്യാർത്ഥികളോടു പക്വതയോടെ ഇടപെടുമ്പോഴും വിക്ടർ തന്റെ പ്രണയം കണ്ടെത്തുന്നുണ്ട്. അപ്പോഴും ഒട്ടും അലോസരപ്പെടുത്താതെ ഓരോ അധ്യാപന ദിവസവും പൂർണ്ണത്തിയിലാക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.
സുമയിലേക്കെത്തുന്ന ഓരോ കഥാപാത്രത്തിന്റെയും പുറകിൽ സൂക്ഷമായ തിരഞ്ഞെടുപ്പുണ്ട്. ചിത്രത്തിൽ ഉടനീളം അതിന്റെ സ്വന്ദര്യം പ്രകടമാണ്. കഥ ആവശ്യപ്പെടുന്ന വെല്ലുവിളികൾ കൂടുതൽ ഏറ്റെടുക്കേണ്ടി വരുന്നത് സുമക്കാണ്. അവിടെയൊക്കെ കയ്യടക്കത്തോടെ അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ അപർണ്ണയ്ക്ക് സാധിച്ചു. അനായാസമായി പ്രതിസന്ധികളെ കൈകാര്യം ചെയ്യുമ്പോൾ പരിചിതമായ പല മുഖങ്ങളും സുമയിൽ കാണാം. ആ കാഴ്ച്ചതന്നെ ആണല്ലോ ഒരു അഭിനേത്രി എന്ന നിലയിലുള്ള വിജയവും. ജൂഡ് ആന്റണി, ബിനു പപ്പു, വിജയരാഘവൻ... കയ്യടക്കത്തോടെ കഥയെ പ്രതിഫലിപ്പിക്കാൻ സാധിക്കുമെന്ന് വീണ്ടും തെളിയിച്ചു. ശ്രുതി സുരേഷ്, ലക്ഷ്മി മേനോൻ മത്സരിച്ചു അഭിനയിക്കുന്ന മറ്റുള്ളവർക്കൊപ്പം ഓടിയെത്തി.
ചാർളി ഡേവിസാണ് ഗാർഡൻ മനോഹരമാക്കിയ സംവിധായകൻ. കഥാപാത്രങ്ങളിലൂടെ കുറെയേറെ കാര്യങ്ങൾ പറയാൻ ശ്രമിച്ചു പരാജയപ്പെടുന്നതായും കാണാം. അതൊക്കെയും ചിത്രത്തിൽ മുഴച്ചു നിൽക്കുന്നതായും അനുഭവപ്പെടും. എങ്കിലും പുതുമയുള്ള നവ്യമായ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. തീർത്തും നെഗറ്റീവ് ആയി ഒടുങ്ങേണ്ട കഥാ ഗതികൾ മനസ്സു നിറച്ചു പര്യവസാനിപ്പിക്കാനും അദ്ദേഹത്തിനായിട്ടുണ്ട്.
കഥയുടെ കെട്ടഴിയാൻ സാധ്യതയുള്ള ഇടത്തെല്ലാം പാട്ടു വരുന്നുണ്ട്. ചിലപ്പോഴൊക്കെ പാട്ടിന്റെ പ്ലെസിങ് ചേരാതെ നിൽക്കുന്നതായും അനുഭവപ്പെട്ടു. എങ്കിലും അൽഫോൻസ് ജോസഫിന്റെ സംഗീതം മികവുറ്റതാണ്. ചിത്രത്തിനൊപ്പവും ശേഷവും മനസ്സിൽ മൂളുന്ന വരികളും എടുത്ത് പറയേണ്ടതാണ്. സ്വരൂപ് ഫിലിപ്പിന്റെ ക്യാമറയും ചിത്രത്തിന് മാറ്റുകൂട്ടുന്നു. വൈകാരികമായ മുഹൂർത്തങ്ങളിലും ദൃശ്യ ഭംഗി ചോരാതെ കാലത്തെ പകർത്താൻ അദ്ദേഹത്തിനായിട്ടുണ്ട്.
നെഗറ്റീവ് വശങ്ങൾ പറയാൻ ഏറെയുണ്ടെങ്കിലും ഒറ്റവാക്കിൽ പറഞ്ഞാൽ മനസ്സു നിറക്കുന്ന അനുഭവമാണ് ചിത്രം പകരുന്നത്. പുതിയ കാലത്തിന്റെ ജീവിതത്തെ ചിത്രം സമീപിച്ച രീതിയും മലയാളിക്ക് ശീലമില്ലാത്തതാണ്. വേദനയുടെ, പ്രണയത്തിന്റെ, ലൈംഗികതയുടെ പുതിയ ചിന്തകൾ പാഴായിപോവാതെ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. അവയൊക്കെയും പ്രേക്ഷകന്റെ ഹൃദയത്തിൽ വിരിഞ്ഞു നിൽക്കുന്ന അനുഭവമാകും. കമല സുരയ്യയുടെ വരികളിലെ ശക്തയായ സ്‌ത്രീയുടെ ജീവിത പരിസരങ്ങൾ ഓർക്കപ്പെടുന്നതും ചേർത്തു തുന്നുന്നതും അതുകൊണ്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.