ഓസ്കറിൽ റെക്കോർഡുകൾ തകർത്ത് ‘അനോറ’. ഇപ്പോഴിതാ ഓസ്കറിലേക്ക് സിനിമ എത്തിക്കാൻ എത്ര ചെലവായെന്ന് വെളിപ്പെടുത്തുകയാണ് അനോറയുടെ അണിയറ പ്രവർത്തകർ.
ലൈംഗിക തൊഴിലാളിയുടെ കഥ പറഞ്ഞ അനോറയുടെ നിർമാണ ചെലവ് 52 കോടി രൂപ. ഇനി ഓസ്കർ നേടാനുള്ള കാമ്പയിനിനായി അനോറയുടെ നിർമാതാക്കളായ നിയോൺ ഫിലിം ഡിസ്ട്രിബ്യൂഷൻ ആൻഡ് പ്രൊഡക്ഷൻ കമ്പനി ചെലവഴിച്ചത് 156 കോടി രൂപ. സിനിമ നിർമിക്കാൻ ചെലവഴിച്ചതിന്‍റെ മൂന്നിരട്ടിയാണ് അവാർഡ് കാമ്പയിനിനായി അനോറ ടീം ചെലവാക്കിയത്.
എന്നാൽ ഓസ്കർ കാമ്പയിനിനുള്ള അനോറയുടെ മാർക്കറ്റിങ് ബജറ്റ് കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമ പ്രേമികൾ. നാമ നിർദേശം ലഭിക്കാനും പിന്നീട് അത് പുരസ്കാരമാക്കി മാറ്റാനും ശ്രമങ്ങളാണ് ഓസ്കർ കാമ്പയിൻ. ഇതിനായി വെനീസ്, ടൊറന്‍റോ പോലുള്ള ഫിലിം ഫെസ്റ്റിവലുകളിൽ ചിത്രം എത്തിക്കണം.
സ്പെഷ്യൽ സ്ക്രീനിങ്ങുകളും ആരാധകർക്ക് താരങ്ങളുമായി സംവദിക്കാനുള്ള അവസരങ്ങളും ഒരുക്കണം. അഭിമുഖങ്ങൾ, ഫോട്ടോഷൂട്ടുകൾ, ഫീച്ചറുകൾ എന്നിങ്ങനെ അവാർഡ് കാലം മുഴുവൻ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റണം. ഓസ്കർ മാത്രമല്ല, ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ, ക്രിറ്റിക് ചോയ്സ് പുരസ്കാരങ്ങളിലും ചിത്രം പ്രേക്ഷക പ്രീതി നേടണം.
97ാമത് ഓസ്കർ പുരസ്കാരത്തിൽ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടി, മികച്ച ഒറിജിനൽ തിരക്കഥ, മികച്ച എഡിറ്റിങ് എന്നീ അവാർഡുകളാണ് അനോറ സ്വന്തമാക്കിയത്. മൈക്കി മാഡിസൻ ആണ് മികച്ച നടി. പുരസ്കാര തികവിൽ മികച്ച സംവിധായകനായി ഷോൺ ബേക്കറെ തെരഞ്ഞെടുത്തു. സംവിധാനം, എഡിറ്റിങ്, മികച്ച ഒറിജിനൽ തിരക്കഥയടക്കം ഒരു സിനിമക്ക് വ്യക്തിപരമായി നാല് ഓസ്‌കറുകൾ നേടുന്ന ആദ്യ വ്യക്തി കൂടിയാണ് ഷോൺ ബേക്കർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.