'ഇതുപോലൊരു ദുരന്ത സിനിമ ഇന്ത്യൻ ചരിത്രത്തിലില്ല'; ആദിപുരുഷ് നിരോധിക്കണമെന്ന് ഇന്ത്യൻ സിനി വർക്കേഴ്സ് അസോ.

മുംബൈ: രാമായണം ഇതിവൃത്തമായെത്തിയ ബിഗ് ബജറ്റ് ചിത്രം 'ആദിപുരുഷ്' നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി സിനിമാ പ്രവർത്തകരുടെ സംഘടനയായ ആൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ. ശ്രീരാമനെയും രാമായണത്തെയും അപകീർത്തിപ്പെടുത്തുന്നതാണ് സിനിമയെന്നും തിയറ്ററുകളിലും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും പ്രദർശിപ്പിക്കുന്നത് നിരോധിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

മതവികാരം വ്രണപ്പെടുത്തിയതിന് ആദിപുരുഷ് സംവിധായകൻ ഓം റൗട്ടിനെതിരെയും നിർമാതാക്കൾക്കെതിരെയും കേസെടുക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണങ്ങളും ശ്രീരാമനെയും ഹനുമാനെയും അപകീർത്തിപ്പെടുത്തുന്നതാണ്. ഇന്ത്യയിൽ ഏത് വിശ്വാസത്തിൽ നിന്ന് വരുന്നവർക്കും ദൈവമാണ് ശ്രീരാമ ഭഗവാൻ. എന്നാൽ, ശ്രീരാമനെയും രാവണനെയുമെല്ലാം വിഡിയോ ഗെയിമിലെ കഥാപാത്രങ്ങളെ പോലെ അവതരിപ്പിച്ചിരിക്കുകയാണ്.


പ്രഭാസ്, കൃതി സനോൺ, സെയ്ഫ് അലിഖാൻ തുടങ്ങിയ അഭിനേതാക്കൾ ഈ സിനിമയുടെ ഭാഗമാകരുതായിരുന്നു. ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ദുരന്ത സിനിമയാണിത് -സിനി വർക്കേഴ്സ് അസോസിയേഷൻ കത്തിൽ പറയുന്നു.

ആദിപുരുഷിനെതിരെ രാജ്യത്ത് പലയിടത്തും പ്രതിഷേധമുയരുകയാണ്. രാമായണത്തിന്‍റെ വികലമായ ചിത്രീകരണമാണെന്നാരോപിച്ച് മുംബൈയിലെ തിയറ്ററിൽ 'ആദിപുരുഷി'ന്‍റെ പ്രദർശനം ഹിന്ദുത്വ സംഘടന തടഞ്ഞിരുന്നു. രാഷ്ട്ര പ്രഥം എന്ന സംഘടനയുടെ പ്രവർത്തകരാണ് തിയറ്ററിൽ കടന്ന് പ്രദർശനം നിർത്തിവെപ്പിച്ചത്.

അയൽരാജ്യമായ നേപ്പാളിൽ രണ്ടിടത്ത് ആദിപുരുഷിന് നിരോധനമേർപ്പെടുത്തിയിരിക്കുകയാണ്. കാഠ്മണ്ഡുവിലും പൊഖാറയിലുമാണ് വിലക്ക്. എല്ലാ ഇന്ത്യൻ ചിത്രങ്ങളുടെയും പ്രദർശനം നിർത്തിവെക്കാനാണ് നീക്കം. 'ആദിപുരുഷി'ൽ സീത ജനിച്ചത് ഇന്ത്യയിലാണെന്ന് പറയുന്നതാണ് നേപ്പാളിൽ വിവാദമായത്. സീത നേപ്പാളിലാണ് ജനിച്ചതെന്ന വാദം ഉന്നയിച്ച് ശക്തമായ പ്രതിഷേധമാണ് സിനിമക്കെതിരെ രാജ്യത്ത് ഉയർന്നത്.

Tags:    
News Summary - All India Cine Workers Association Write To PM Modi Seeking Ban On Adipurush

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.