അജിത് കുമാറിനെ നായകനാക്കി ആധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തു. ഇളയരാജ കോടതിയിൽ നൽകിയ ഹരജിലാണ് നെറ്റ്ഫ്ലിക്സ് സിനിമ ഒ.ടി.ടിയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ സിനിമയുടെ പ്രദർശനം മദ്രാസ് ഹൈകോടതി വിലക്കിയിരുന്നു. ഇളയരാജയുടെ മൂന്ന് ഗാനങ്ങളാണ് സിനിമയിൽ അനുമതിയില്ലാതെ ഉപയോഗിച്ചിരിക്കുന്നത്. അനുമതിയില്ലാതെ ഗാനങ്ങള്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ഇളയരാജ കോടതിയെ സമീപിച്ചിരുന്നു. അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഗാനത്തിന്റെ പകർപ്പവകാശം കൈവശം വെച്ചിരിക്കുന്നവരിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്നായിരുന്നു സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന്റെ വാദം. 'ഒത്ത റൂബ താരേൻ', 'ഇളമൈ ഇദോ ഇദോ', 'എൻ ജോഡി മഞ്ച കുരുവി' എന്നീ ഗാനങ്ങളായിരുന്നു ഗുഡ് ബാഡ് അഗ്ലിയിൽ ഉപയോഗിച്ചത്. വലിയ വരവേൽപ്പായിരുന്നു സിനിമയിൽ ഈ ഗാനങ്ങൾക്ക് ലഭിച്ചത്.
ഏപ്രിൽ പത്തിന് ആയിരുന്നു ഗുഡ് ബാഡ് അഗ്ലി റിലീസ്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിന് ഇളയരാജ നോട്ടീസ് അയച്ചിരുന്നു. ഏഴ് ദിവസത്തിനകം ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
അനുമതിയില്ലാതെ തന്റെ ഗാനങ്ങൾ റീമിക്സ് ചെയ്യുകയോ സിനിമകളിൽ ഉപയോഗിക്കുകയോ ചെയ്യുന്നതിനെതിരെ ഇളയരാജ മുമ്പും നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഗുഡ് ബാഡ് അഗ്ലിക്ക് പുറമെ മഞ്ഞുമ്മൽ ബോയ്സ്, കൂലി തുടങ്ങി പല സിനിമകൾക്കും ഇളയരാജ വക്കീൽ നോട്ടീസ് അയച്ചിരുന്നു. അടുത്തിടെ നടി വനിത വിജയകുമാർ സംവിധാനം ചെയ്ത മിസിസ് ആൻഡ് മിസ്റ്റർ എന്ന സിനിമയിൽ 'മൈക്കൽ മദന കാമരാജൻ' എന്ന ചിത്രത്തിലെ 'രാത്രി ശിവരാത്രി' എന്ന ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതിന് ഇളയരാജ നിയമനടപടി സ്വീകരിച്ചിരുന്നു.
അജിത്തിന്റെ 63മത് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്. തൃഷ നായികയാവുന്ന ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ്, പ്രഭു, രാഹുൽ ദേവ്, യോഗി ബാബു, ഷൈൻ ടോം ചാക്കോ, രഘു റാം തുടങ്ങിയവർ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.